പരമ്പരാഗതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലർത്തുന്ന കേരളത്തിലെ ഒരു ആദിവാസി ഗോത്ര വിഭാഗമാണ് മുതുവാന്മാർ. ശ്രീരാമന്റെയും സീതയുടെയും തൊഴരായിരുന്നു എന്ന് ഐതിഹ്യ പെരുമയുള്ള ഇവർ മധുര രാജാവിന്റെ പിന്തുടർച്ചക്കാരാണെന്നു വിശ്വസിക്കുന്നു.

‘മുതുക്’ അഥവാ ‘പുറം’ എന്ന പദത്തിൽ നിന്നാണ് ‘മുതുവാൻ’ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. മധുര മീനാക്ഷിയുടെ വിഗ്രഹം മുതുകിലേറ്റി കാടുകയറിയതിനാലാണ് ‘മുതുവാൻ’ എന്ന് പേര് വന്നതെന്ന് കഥയുണ്ട്. കുഞ്ഞുങ്ങളെ മുതുകിലേറ്റി കെട്ടിക്കൊണ്ട് നടക്കുന്നതിനാലാണ് ‘മുതുവാൻ’ എന്ന് പേര് വന്നതെന്നും പറയുന്നുണ്ട്. പിന്തുടർച്ചാവകാശത്തെ ചൊല്ലിയുള്ള തർക്കം യുദ്ധത്തിൽ കലാശിക്കുകയും യുദ്ധത്തിൽ തോറ്റ രാജാവും അനുയായികളും കാടുകയറുകയും ചെയ്തു. അന്ന് കുഞ്ഞുങ്ങൾക്കൊപ്പം മറ്റ് വിലപ്പെട്ട സാധനങ്ങളും മുതുകിലേന്തി കാടുകയറിയതിനാലാണ് ‘മുതുവാൻ’ എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.

മുതുവാന്മാർ കൂടുതലും ഇടുക്കി ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ ആനമുടിയോട് ചേർന്നുള്ള ഗിരിനിരകളിലാണ് താമസിക്കുന്നത്. കേരളത്തിൽ ഇവരുടെ അറുപതോളം ആവാസകേന്ദ്രങ്ങളുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ഇവരുടെ കൂട്ടങ്ങൾ താമസിക്കുന്നുണ്ട്.

മേലാക്കൂട്ടം, കാനക്കൂട്ടം, പൂതാനിക്കൂട്ടം, കനായതുക്കൂട്ടം, എല്ലിക്കൂട്ടം, എന്നിങ്ങനെ അഞ്ച് കൂട്ടങ്ങളാണ് മുതുവാൻ ഗോത്രത്തിനുള്ളത്. മേലാക്കൂട്ടത്തിലെ തലവന്മാർക്കാണ് മുതുവാൻ ഗോത്രത്തിന്റെ കാരണവസ്ഥാനം കല്പിച്ചിട്ടുള്ളത്. പുറമെ നിന്നുള്ളവരുമായി അടുക്കാൻ വിമുഖത കാട്ടുന്ന ഇവർ വളരെയേറെ നിരീക്ഷിച്ചതിന് ശേഷമേ പുറത്തുള്ളവരുമായി അടുത്തിടപഴകുകയുള്ളൂ. ഇവരിലെ സ്ത്രീകളും പെൺകുട്ടികളും അപരിചിതരുടെ മുന്നിൽ പൊതുവെ പ്രത്യക്ഷപ്പെടാറില്ല. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഗോത്രവിഭാഗമാണ് മുതുവാന്മാർ. മലയാളവും തമിഴും കലർന്ന പ്രാകൃത ഭാഷയാണ് സംസാരിക്കുന്നത്. പുതിയ തലമുറ പുറത്തുള്ളവരോട് മലയാളം സംസാരിക്കുമെങ്കിലും വീടുകളിൽ ഗോത്രഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്.

കേരളത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങളിൽ സ്ത്രീ-പുരുഷ അനുപാതം ദേശീയ ശരാശരിയേക്കാൾ കുറവുള്ള ഗോത്രവും ഇവരാണ്. വീടുകൾക്കെല്ലാം ഏകദേശം ഒരേ വലിപ്പമായിരിക്കും. രണ്ട് മുറികൾ എല്ലാ വീടിനും ഉണ്ടായിരിക്കും. കാറ്റടിച്ചു വീട് തകരാതിരിക്കാൻ ‘കാറ്റുപട്ട’ എന്ന പേരിൽ ഇലകൾ കൊണ്ട് മറച്ചുകെട്ടൽ എല്ലാ വീടിനും ഉണ്ടായിരിക്കും.

മുതുവാൻ ഗോത്രചരിത്രം
മുതുവാന്മാർ

മലദൈവങ്ങളെയാണ് ആരാധിക്കുന്നതെങ്കിലും മുധുരമീനാക്ഷിയെയും, മരിച്ചുപോയവരുടെ ആത്മാക്കളെയും പൂജിക്കുന്നവരുണ്ട്. എല്ലാ കുടികളിലും കോവിൽ ഉണ്ടായിരിക്കും. പൊങ്കൽ, കോഴിക്കുരുത്തി, വഴിപാടുകൾ എന്നിവ ഉൾപ്പെടുന്ന ‘ചാമിയൂട്ട്’ എന്ന ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഏറ്റവും വലിയ ആഘോഷം. മധുരമീനാക്ഷി ക്ഷേത്രത്തിലെ ആഘോഷങ്ങളിലും മുതുവാന്മാർ പങ്കുടുക്കാറുണ്ട്.

കൃഷിയും, ഈറ്റവെട്ടും, വനവിഭവങ്ങളുടെ ശേഖരണവുമാണ് പ്രധാന തൊഴിൽ. പുരുഷന്മാരും സ്ത്രീകളും മിക്കവാറും സമയങ്ങളിൽ മുതുകിൽ മാറാപ്പും കയ്യിൽ വാക്കതിയുമായി കാടുകയറും. അപ്പോഴും മുതുകിലെ മാറാപ്പിലാണ് കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നത്. പകൽ നേരങ്ങളിൽ ഭക്ഷണം ഒഴിവാക്കുന്ന ഇവർ അരി വേവിച്ചു വെള്ളം ഊറ്റിക്കളയാതെയാണ് ചോറുണ്ടാക്കുന്നത്. റാഗി പൊടിച്ചെടുത്ത് ‘കട്ടി’ എന്ന ഒരു ആഹാരവും ഉണ്ടാക്കും. കാട്ടിൽ നിന്ന് കിട്ടുന്ന കിഴങ്ങും, തേനും, ചെറുമൃഗങ്ങളുടെ ഇറച്ചിയും, മീനും കഴിക്കും.

കുടികളിലെ പ്രവർത്തനങ്ങൾക്ക് മൂപ്പനാണ് നേതൃത്വം നൽകുന്നത്. പ്രായം ചെന്നവരുമായി കൂടിയാലോചിച്ച് മാത്രമേ ഇദ്ദേഹം നിയമങ്ങൾ നടപ്പിലാക്കാറുള്ളൂ. മൂപ്പൻ കഴിഞ്ഞാൽ പൂജാരിക്കും മന്ത്രവാദിക്കുമാണ് പ്രധാന സ്ഥാനങ്ങൾ. മന്ത്രവാദി മിക്കപ്പോഴും വൈദ്യനും കൂടി ആയിരിക്കും.

പെൺകുട്ടി ഋതുമതിയാകുമ്പോൾ അമ്മാവന്റെ പെണ്മക്കൾ വന്ന് എല്ലാരേയും വിവരമറിയിക്കും. ബന്ധുക്കളെല്ലാം അവൾക്ക് സമ്മാനങ്ങൾ നൽകും. തുടർന്ന് അവളെ ‘വാലായപ്പുര’യിലേക്ക് മാറ്റും. ഏഴാം നാൾ എല്ലാവരും ചേർന്ന് അവളെ പുഴയിൽ കൊണ്ടുപോയി കുളിപ്പിക്കും. അതിനു ശേഷം മഞ്ഞൾ കലക്കിയ വെള്ളം ഒഴിച്ചു കുളിപ്പിക്കുന്നു. ഇതിനെ ‘മഞ്ഞൾ’ നീരാട്ട് എന്ന് പറയും. തുടർന്ന് കുടിയിലേക്ക് കൂട്ടികൊണ്ട് വരികയും ചെയ്യും. ഋതുമതിയായ പെൺകുട്ടികൾക്ക് പ്രത്യേക രീതിയിലുള്ള വസ്ത്രധാരണമാണ്.

ആൺകുട്ടികൾക്ക് പതിനേഴ് വയസ്സാകുമ്പോൾ അമ്മാവന്റെ ആൺമക്കൾ വന്ന് തലയിൽ ഒര് അര രൂപ നാണയം വച്ച് എതിർവശത്തേയ്ക്ക് കെട്ടിക്കൊടുക്കുന്നു. ‘ഉറുമാൽ കെട്ടൽ’ എന്ന ഈ ചടങ്ങോടെ ആൺകുട്ടി വിവാഹ പ്രായമെത്തി എന്ന് അറിയിക്കുകയാണ്. അമ്മാവന്റെ മക്കൾ തന്നെ അന്ന് യുവാവിന് ക്ഷൗരവും ചെയ്യുന്നു.

വിവാഹം

സ്വന്തം സമുദായത്തിൽ നിന്ന് മാത്രമേ മുതുവാന്മാർ വിവാഹം കഴിക്കാറുള്ളൂ. പ്രായപൂർത്തിയായ സ്ത്രീയെ പുരുഷന്മാർ സ്പർശിക്കാൻ പാടില്ല എന്നാണ് നിയമം. അഥവാ തൊട്ടാൽ അയാൾ അവളെ വിവാഹം കഴിക്കണം. ബാല്യം കഴിഞ്ഞാൽ ആൺകുട്ടികളും പെൺകുട്ടികളും കുടികളോട് ചേർത്ത് പ്രത്യേകം ഉണ്ടാക്കിയ ‘ചാവടി’കളിലാണ് രാത്രി ഉറങ്ങേണ്ടത്. ആൺകുട്ടികളുടെ ചാവടികളിൽ മുതിർന്ന കുട്ടി ആയിരിക്കും നേതാവ്. വിവാഹത്തലേന്നാണ് ഇവർ ചാവടിയോട് വിടപറയുന്നത്. അമ്മാവന്റെ മക്കളെയാണ് ഇവർ വിവാഹം കഴിക്കുന്നത്.

ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ കൂടിയിരുന്ന് വിവാഹം നിശ്ചയിക്കും. അതിനു ശേഷം ചെറുക്കനും കൂട്ടുകാരും ചേർന്ന് പെണ്ണിന്റെ വീട്ടിൽ ചെന്ന് അനുവാദം ചോദിക്കും. അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ കൂട്ടുകാരികളോടൊപ്പം കാട്ടിൽ കയറി ഒളിച്ചിരിക്കും. ചെറുക്കനും കൂട്ടുകാരും ചേർന്ന് ഇവരെ കണ്ടുപിടിക്കണം. കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഇവർ ഒന്നിക്കും. തുടർന്ന് പെണ്ണിന്റെ വീട്ടിലെത്തി പെണ്ണിനെ മാല അണിയിക്കുകയും വെറ്റില കൈമാറുകയും ചെയ്യും. വരൻ സ്വയം ഉണ്ടാക്കിയ ഒരു ചീപ്പ് അവളുടെ മുടിയിൽ തിരുകി വയ്ക്കുന്നതോടെ വിവാഹച്ചടങ്ങുകൾ പൂർത്തിയാകും. ചീപ്പിന്റെ നിർമാണഭംഗി വരന്റെ മിടുക്ക് കാണിക്കുന്നു. മരണംവരെ ഈ ചീപ്പ് ഭാര്യ മുടിയിൽ ചൂടണമെന്നാണ് നിയമം. ജേഷ്ഠൻ കുട്ടികളില്ലാതെ മരിക്കുകയും, അനുജൻ അവിവാഹിതനും ആണെങ്കിൽ ജേഷ്ഠന്റെ വിധവയെ അനുജൻ വിവാഹം കഴിക്കുക എന്നത് ഒരു നിയമമാണ്.

ഗർഭിണികൾക്ക് പേറുവീട് പ്രേത്യകമായി ഉണ്ട്. പേറുവീട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കല്ലിൽ കിടന്നാണ് പ്രസവം. ‘കുഞ്ചിടൽ‘ എന്നാണ് ഇതിന് പറയുന്നത്. പ്രസവസമയത്ത് പുരുഷന്മാരെ കാണാൻ പാടില്ല. കുടിയിലുള്ള എല്ലാ സ്ത്രീകളും പ്രസവം കണ്ടിരിക്കണമെന്നു നിയമമുണ്ട്. സഹായത്തിനായി പ്രത്യേകം പണ്ടിക്കാരികൾ ഉണ്ടായിരിക്കും.

മരണം

മരണവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം നീളുന്ന ചടങ്ങുകളുണ്ട്. മൂപ്പൻ നിശ്ചയിക്കുന്ന ഭണ്ഡക്കാരനാണ് എല്ലാവരെയും വിവരം അറിയിക്കേണ്ടത്. മരിച്ച വീടിന് മുന്നിൽ വെള്ളതുണി കെട്ടിയുണ്ടാക്കും. മരിച്ചയാളിന്റെ വീരകഥകൾ ചുറ്റുമിരുന്നു കരയുന്ന സ്ത്രീകൾ പാടി പുകഴ്ത്തിക്കൊണ്ടിരിക്കും. ഈ സ്ത്രീകളെ ‘ഒപ്പാര്’ എന്ന് വിളിക്കും. മൃതദേഹം കുളിപ്പിച്ച് ‘കുത്തുകട്ടിൽ’ എന്ന് പറയുന്ന മഞ്ചലിൽ കിടത്തി വായിൽ അരിയിട്ട് ശവപ്പറമ്പിൽ കൊണ്ടുപോകുന്നു. മൂത്ത മകനാണ് മഞ്ചലിന്റെ മുൻഭാഗം പിടിക്കുന്നത്. മൃതദേഹം ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യാം. ദഹിപ്പിച്ചാൽ ചാരം അടുത്തുള്ള പുഴയിൽ ഒഴുക്കും. കുഴിച്ചിട്ടാൽ മരിച്ചയാളുടെ നിത്യോപയോഗ സാധനങ്ങളും ഒപ്പം ഇടും. കുട്ടികളാണെങ്കിൽ കളിപ്പാട്ടങ്ങളും ഒപ്പം കുഴിച്ചിടും.

മുത്തുവാന്മാരുടെ പ്രധാന കലാരൂപം കൂത്താണ്. വേദിയുടെ ഒരു ഭാഗത്ത് ആഴി കൂട്ടും. ആണും പെണ്ണും ഒരുമിച്ച് കളിക്കാറില്ല. രണ്ടുപേരും വേദിയുടെ രണ്ടു സ്ഥലത്തായി നിന്നു കളിക്കും. പാട്ട് പാടാറില്ല. താളം മാത്രമേ ഉണ്ടാകൂ. സ്വയം വാദ്യോപകരണങ്ങൾ നിർമ്മിക്കുകയാണ് പതിവ്. ചെണ്ട, ഉരുമി, കുഴൽ എന്നിവ നിർമ്മിക്കും. സ്ത്രീകളുടെ മാത്രം കലാരൂപമാണ് കുമ്മിയടി. തുറസ്സായ സ്ഥലത്തു പാട്ട് പാടി വട്ടത്തിൽ ചുവടുവച്ച് കൈകൊട്ടി താളത്തിനനുസരിച്ച് കളിക്കുന്നു. എല്ലാരും കൂടി കളിക്കുന്നതിനാൽ കാണികൾ ഉണ്ടാവാറില്ല. ആശൈപ്പാട്ടുകൾ, കെന്നഞ്ചിയാട്ടം, മയിലാട്ടം എന്നീ കലാരൂപങ്ങളും ഇവർക്കിടയിൽ ഉണ്ട്.
മുതുവാന്മാർ പൊതുവെ ആശുപത്രിയിൽ പോകാറില്ല. ആധുനിക ചികിത്സാരീതികൾ ഉപയോഗപ്പെടുത്താൻ അധികമാർക്കും താൽപര്യമില്ല. നാട്ടുവൈദ്യത്തിലാണ് വിശ്വാസം.

പാരമ്പര്യമായി നേടിയ അറിവുകൾ വാമൊഴിയായി തലമുറകളിലേക്ക് പകർന്ന് നൽകുന്നു. സന്താന നിയന്ത്രത്തിനുവരെ ഇവർക്ക് പരമ്പരാഗത മരുന്നുകളുണ്ട്. പുതിയ തലമുറ അപൂർവമായി ഇപ്പോൾ പ്രസവത്തിനും മറ്റും ആശുപത്രിയിൽ പോകാറുണ്ട്.

ബദൽ സ്കൂൾ

പ്രാഥമിക വിദ്യാഭ്യാസത്തിനായി നാലാം തരം വരെ ഇവർക്ക് വിദ്യാലയമുണ്ട്. ‘ബദൽ സ്കൂൾ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകും. നാലാം തരത്തിന് മുകളിലേക്കുള്ള പഠനത്തിനായി ട്രൈബൽ ഹോസ്റ്റലുകളിലേക്ക് അയക്കുന്നു. എല്ലാ കുട്ടികളും കാടും കുടുംബബന്ധങ്ങളും കൂടുതൽ ഇഷ്ടപ്പെടുന്നതിനാൽ ഒരിക്കൽ ഹോസ്റ്റലിൽ പോയി തിരിച്ചുവന്ന ശേഷം വീണ്ടും ഹോസ്റ്റലിൽ പോകാൻ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് തന്നെ മിക്കവരും നാലാം തരത്തിൽ പഠനം ഉപേക്ഷിക്കുകയും ചെയ്യും. പെൺകുട്ടികളെ ദൂരെയുള്ള ഹോസ്റ്റലുകളിൽ ഇവർ അയക്കാറില്ല. വളരെ കുറച്ചുപേർ മാത്രമേ ഇവർക്കിടയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളൂ. പഠിച്ച മിക്കവർക്കും തൊഴിൽ ലഭിച്ചിട്ടില്ലാത്തതിനാൽ പിന്നീടുള്ളവർ പഠിക്കാൻ താല്പര്യം കാണിക്കാറുമില്ല.
സാംസ്കാരികമായി ഉന്നതരായ മുത്തുവാന്മാർക്ക് തങ്ങളുടെ ചരിത്രം പൂർണമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.


റഫൻസ്: മുതുവാൻ ഗോത്രവിഭാഗത്തിലെ അങ്കണവാടി കുട്ടികൾക്ക് വേണ്ടി “അങ്കണത്തൈമാവ് ” ആധാരമാക്കി തയ്യാറാക്കിയ ഗോത്രഭാഷാ പഠന പ്രവർത്തന പുസ്തകമായ “തിക്കൊണ്ടാ കുഞ്ചിലെ (അറിയാമോ കുഞ്ഞുങ്ങളേ)” എന്ന പുസ്തകത്തിൽ പ്രോഗ്രാം കോഓർഡിനേറ്റർ ആർ. ജയശ്രീ തയ്യാറാക്കിയ ലേഖനം‍.


Loading