നവോത്ഥാനത്തിന്റെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ആത്മവിദ്യാസംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ജഡതുല്യമായിരുന്ന കേരളീയ സമൂഹത്തിന് ജീവശ്വാസം നല്‍കാന്‍ പുതിയ ചിന്തകളും കര്‍മപദ്ധതികളും അനിവാര്യമാണെന്ന് വാഗ്ഭടാനന്ദന്‍ കരുതി. ഇതിന്റെ ഫലമായാണ് 1915-ല്‍ ആത്മവിദ്യാസംഘം സ്ഥാപിക്കുന്നത്.

മലബാറിലെ നവോത്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍ ബ്രഹ്മാനന്ദശിവയോഗിയാണ്. 1905-ല്‍ പുറത്തിറങ്ങിയ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന കൃതി മലബാറിനെ ശക്തമായി സ്വാധീനിച്ചു. ജാതിവ്യവസ്ഥയെയും ബിംബാരാധനയെയും അനാചാരങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു. ശിവയോഗിയുടെ ശിഷ്യനായി രംഗത്തുവന്ന വാഗ്ഭടാനന്ദന്‍ വിഗ്രഹാരാധാനയ്ക്കെതിരെ നിലകൊണ്ടു. ആളുകള്‍ ഭയഭക്തി ബഹുമാനങ്ങളോടെ നോക്കിക്കണ്ട കുട്ടിച്ചാത്തന്‍ തറയും ഗുളികന്‍ തറയും വാഗ്ഭടാന്ദന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. ജന്മിനാടുവാഴിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ഷേത്രകേന്ദ്രീകൃത വിശ്വാസത്തെ തകര്‍ക്കുകയായിരുന്നു വാഗ്ഭടാനന്ദന്‍.

ഉണര്‍ത്തുപാട്ടുപോലെ പ്രവര്‍ത്തകരെ ആവേശഭരിതമാക്കുന്ന മുദ്രാവാക്യമായിരുന്നു ആത്മവിദ്യാസംഘത്തിന്റേത്- “ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍“. മലബാറില്‍ ചെറുവണ്ണൂരിലും കാരക്കാട്ടുമാണ് സംഘത്തിന്റെ പ്രവര്‍ത്തനം ആദ്യം തുടങ്ങിയത്. അന്ധവിശ്വാസങ്ങളോടുള്ള നിരന്തരപോരാട്ടം ആരംഭിച്ചപ്പോള്‍ ഹിന്ദുമത പരിഷ്കാരത്തില്‍ താല്‍പ്പര്യമുള്ള വ്യക്തികളും സംഘടനകളും പ്രസംഗത്തിനായി വാഗ്ഭടാനന്ദനെ ക്ഷണിച്ചു. 1914-ല്‍ ആരംഭിച്ച ഈ പ്രസംഗ പര്യടനത്തിനിടയില്‍ മംഗലാപുരം മുതല്‍ മദിരാശിവരെയുള്ള സ്ഥലങ്ങളില്‍ പ്രസംഗങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെട്ടു. ആയിരക്കണക്കിനാളുകള്‍ വാഗ്ഭടാനന്ദന്റെ പ്രസംഗത്തില്‍ ആകൃഷ്ടരായി ശിഷ്യത്വം സ്വീകരിച്ചു. കടത്തനാടും കോഴിക്കോടുമായിരുന്നു ആത്മവിദ്യാസംഘത്തിന്റെ മലബാറിലെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങള്‍.

വാഗ്ഭടാനന്ദനെ തിരുവിതാംകൂറിലേക്ക് ആദ്യം ക്ഷണിക്കുന്നത് പ്രശസ്ത ബ്രഹ്മസമാജ പ്രവര്‍ത്തകന്‍ പുത്തന്‍തോപ്പില്‍ പത്മനാഭപണിക്കരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ മംഗലത്തായിരുന്നു രണ്ടുദിവസത്തെ സമ്മേളനം. മഹാകവി കുമാരനാശാനായിരുന്നു അധ്യക്ഷന്‍. സി. വി. കുഞ്ഞുരാമന്‍, സ്വാമി ബ്രഹ്മവ്രതന്‍ എന്നിവര്‍ പ്രാസംഗികര്‍. 1920 സെപ്തംബറിലാണ് വാഗ്ഭടാനന്ദന്റെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ആത്മവിദ്യാസംഘം രൂപീകരിക്കുന്നത്. തുടര്‍ന്ന് തൃക്കുന്നപ്പുഴ, മഹാദേവികാട്, മംഗലം, പല്ലന, പാനൂര്‍, തോട്ടപ്പള്ളി, കുമാരപുരം, പുന്നപ്ര, റാന്നി എന്നിവിടങ്ങളിലും ആത്മവിദ്യാസംഘം രൂപീകരിച്ചു. പുത്തന്‍തോപ്പില്‍ പത്മനാഭപണിക്കര്‍ വാഗ്ഭടാനന്ദനില്‍നിന്ന് ആത്മവിദ്യ സ്വീകരിച്ച് ആര്യഭടന്‍ ആയി. ആര്യഭടനായിരുന്നു തിരുവിതാംകൂര്‍ ആത്മവിദ്യാസംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറി.

ആത്മവിദ്യാസംഘം
വാഗ്ഭടാനന്ദന്‍

1914 മെയ് 14-ന് ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയില്‍ വാഗ്ഭടാനന്ദന്‍ ഗുരുദേവനോട് ചോദിച്ചു “അദ്വൈതിയായ അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ. അദൈ്വതവും ഇതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും”. ഗുരുദേവന്‍ പറഞ്ഞു “ജനങ്ങള്‍ സൈ്വര്യം തരണ്ടെ. അവര്‍ക്ക് ക്ഷേത്രം വേണം. പിന്നെ കുറച്ച് ശുചിത്വമെങ്കിലും ഉണ്ടാകുമല്ലൊ എന്ന് നാം വിചാരിച്ചു”. അദ്വൈതവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മില്‍ ഒരു ബന്ധവുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിപൂര്‍വം എതിര്‍ക്കുന്നുവെന്ന് വാഗ്ഭടാനന്ദന്‍ പറഞ്ഞപ്പോള്‍ നാരായണഗുരു പറഞ്ഞു. “നല്ലതാണല്ലൊ. നാമും നിങ്ങളുടെ പക്ഷത്താണ്“.

ആലുവ അദൈ്വതാശ്രമത്തിലെ കൂടിക്കാഴ്ചയ്ക്കുശേഷം വാഗ്ഭടാനന്ദനോട് ഒരു പ്രസംഗം ചെയ്യാന്‍ നാരായണഗുരു ആവശ്യപ്പെട്ടു. ജാതിയെയും വിഗ്രഹാരാധനയെയും എതിര്‍ത്ത് വാഗ്ഭടാനന്ദന്‍ നടത്തിയ ഉജ്വല പ്രസംഗത്തിനുശേഷം അധ്യക്ഷനായ നാരായണഗുരു പറഞ്ഞു. “വാഗ്ഭടാനന്ദന്‍ അങ്ങ് നിന്ന് എല്ലാം പഠിച്ചശേഷം അവ ഓര്‍മിക്കാന്‍വേണ്ടി ഇങ്ങോട്ട് വന്ന ആളാണ്”. വടകര, പുതുപ്പണം, ഇരിങ്ങല്‍, കക്കട്ട്, കാരക്കാട്, വട്ടോളി, വെള്ളികുളങ്ങര, ചോമ്പാല്‍ മുതലായ സ്ഥലങ്ങളില്‍ വാഗ്ഭടാനന്റെ പ്രവര്‍ത്തനം കാരണം ഏറ്റ്മാറ്റ് പോലുള്ള അനാചാരങ്ങള്‍ ഇല്ലാതായി. യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

ഇരിങ്ങണ്ണൂരില്‍ വാഗ്ഭടാനന്ദന്റെ അംഗരക്ഷകനായി എത്തിയ സഹോദരന്‍ ചാത്തുക്കുട്ടിയെ എതിരാളികള്‍ മരത്തില്‍കെട്ടിയിട്ട് മര്‍ദിച്ചു. മര്‍ദനഫലമായി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ചാത്തുക്കുട്ടി മരിച്ചു. മലബാറില്‍ ആത്മവിദ്യാസംഘം ശക്തമായി. പല്ലനയാറ്റില്‍ ബോട്ട് അപകടത്തില്‍ മരിച്ച കുമാരനാശാന്റെ മൃതദേഹം പുറത്തെടുത്തതും ശവസംസ്കാരകര്‍മം നിര്‍വഹിച്ചതും ആത്മവിദ്യാസംഘം പ്രവര്‍ത്തകരായിരുന്നു.

കുമാരനാശാന്റെ ഭൗതികശരീരം പല്ലനയാറ്റില്‍നിന്ന് കണ്ടെടുത്തപ്പോള്‍ കൈരളിക്ക് നഷ്ടപ്പെടുമായിരുന്ന ‘കരുണ’ കൂടിയാണ് ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ കണ്ടെടുത്തത്. കരുണയുടെ കൈയെഴുത്ത് പ്രതിയും ബുദ്ധചരിതം അഞ്ചാംഭാഗവും ഒരു നോട്ടുബുക്കില്‍ എഴുതി ആശാന്‍ കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു. ശവക്കല്ലറയുടെ ആദ്യ കല്ല് ചുമന്നതും അന്തിമവസ്ത്രം ചാര്‍ത്തിയതും ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി ആര്യഭടനായിരുന്നു.

തമിഴ് സംഗീതനാടകങ്ങളുടെ സ്വാധീനത്തില്‍നിന്ന് മലയാള നാടകവേദിയെ മോചിപ്പിക്കാന്‍ ജീവിതം സമര്‍പ്പിച്ച സ്വാമി ബ്രഹ്മവ്രതന്‍ പതിനേഴാം വയസ്സില്‍ വാഗ്ഭടാനന്ദനില്‍നിന്ന് ശിഷ്യത്വം സ്വീകരിച്ചയാളാണ്. കുമാരനാശാന്റെ കരുണ ബ്രഹ്മവ്രതന്‍ നാടകരൂപത്തില്‍ കേരളത്തിലെ 7000 വേദികളില്‍ അവതരിപ്പിച്ചു. 1931 ആഗസ്തില്‍ ആത്മവിദ്യാസംഘം സപ്താഹ മഹോത്സവം കോഴിക്കോട് കാരപ്പറമ്പില്‍ നടന്നു. സമാപന സമ്മേളനത്തില്‍ വാഗ്ഭടാനന്ദന്‍ പറഞ്ഞു – “നാലണ സൂക്ഷിക്കുന്നവന്‍ വേറൊരാളെ പട്ടിണിക്കിടുന്നു. അനവധി പണം സൂക്ഷിക്കുന്നവന്‍ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു’.

സവര്‍ണമേധാവിത്വത്തെയും അനാചാരങ്ങളെയും എതിര്‍ത്തതിനാല്‍ കാരക്കാട്ട് ആത്മവിദ്യാസംഘം അംഗങ്ങള്‍ക്ക് ജോലി നിഷേധിച്ചു. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചു. പരിഹാരമായി 1924-ല്‍ കാരക്കാട്ട് ആത്മവിദ്യാസംഘം എല്‍പി സ്കൂള്‍ സ്ഥാപിച്ചു. തൊഴിലാളികള്‍ക്കായി ഊരാളുങ്കലില്‍ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം രൂപീകരിച്ചു. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ മുതല്‍ 14 പേര്‍ ഒരു രൂപ ഓഹരിയെടുത്ത് ആരംഭിച്ച സംഘം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി വളര്‍ന്നു. ഒരു മതനവീകരണപ്രസ്ഥാനമായി ആരംഭിച്ച് ക്രമേണ ബൗദ്ധിക മതനിരപേക്ഷ പ്രസ്ഥാനമായി വളര്‍ന്ന ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനശൈലിയും ആശയങ്ങളും പിന്നീട് അഭിനവ ഭാരത് യുവക് സംഘം, കര്‍ഷകസംഘം, കമ്യൂണിസ്റ്റ് പാര്‍ടി തുടങ്ങിയ പുരോഗമനപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. ഇതോടെ ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനമണ്ഡലം ചുരുങ്ങി. സംഘടനയ്ക്കായി സമ്പത്ത് ശേഖരിക്കുന്നതിന് എതിരായിരുന്നു വാഗ്ഭടാനന്ദന്‍. ശക്തമായ ഒരു സംഘടനയായി നിലനില്‍ക്കാന്‍ ഇക്കാരണങ്ങളാല്‍തന്നെ ആത്മവിദ്യാസംഘത്തിന് കഴിഞ്ഞില്ല.


Source : Unknown. This article is reproduced for the benefits of job hunting students. All credits to the author.


Loading