ജനിച്ചതും വളർന്നതും ഇന്ത്യയിൽ. പക്ഷേ പൗരത്വം ഫ്രാൻസിന്റേത്. ഫ്രഞ്ച് പൗരത്വമായതിനാൽ അവിടെ നടക്കുന്ന തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാം. അതെ . അങ്ങനെ അവകാശങ്ങൾ ഉള്ള കുറേ ആളുകൾ ഇന്ത്യയിലുണ്ട്. ഇന്ത്യൻ വംശജർ തന്നെ.
ഇന്ത്യയുടെ ,കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും മാഹിയിലും കാരക്കലും യാനത്തും ഒക്കെയാണവർ. കേരളത്തിൽ മാഹി,ആന്ധ്രയിൽ യാനം തമിഴ്‌നാട്ടിൽ പുതുച്ചേരി, കാരയ്ക്കൽ , എന്നിവിടങ്ങളിലായി 4,564 പേർക്ക് ഇപ്പോഴും ഫ്രഞ്ച് പൗരത്വമുണ്ട്. അവർക്ക് ഫ്രാൻസിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഉള്ള അവകാശവുമുണ്ട്.
ഫ്രാൻസിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇവർക്കായി വോട്ട് ചെയ്യാൻ പുതുച്ചേരിയിൽ രണ്ടിടത്ത് പോളിംഗ് ബൂത്തൊരുക്കും. കാരയ്ക്കലിലും ചെന്നൈയിലും ഓരോയിടത്തും. മാഹിക്കാർ വോട്ട് ചെയ്യേണ്ടത് ചെന്നൈ ബൂത്തിലാണ്. യാനത്തുള്ള എൺപതോളം പേർ പോണ്ടിച്ചേരി ബൂത്തിലും.
ഫ്രാൻസിലെ ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ ഇന്ത്യയിൽ അങ്ങനെ പോളിംഗ് ബൂത്തും സൗകര്യങ്ങളും വരെ ലഭിക്കുന്നവരാണ് ഇന്ത്യക്കാരായ ഈ ഫ്രഞ്ച് പൗരന്മാർ എന്നർത്ഥം 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഫ്രാൻസിൽ വോട്ടവകാശം
18 തികഞ്ഞ വിദേശത്തുള്ള പൗരന്മാർ ഫ്രാൻസ് കോൺസുലേറ്റ് ജനറലിലെ ഇലക്ടറൽ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവർ താമസിക്കുന്ന രാജ്യത്ത് വ്യക്തിപരമായി വോട്ടുചെയ്യാൻ അവസരം നൽകും എന്നത് ഫ്രാൻസിന്റെ രീതിയാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവസരം, റഫറണ്ടം, നിയമനിർമ്മാണ തിരഞ്ഞെടുപ്പ്, യൂറോപ്യൻ തിരഞ്ഞെടുപ്പ് , വിദേശത്തുള്ള ഫ്രഞ്ച് പൗരന്മാരുടെ കൗൺസിലർമാരുടെ തിരഞ്ഞെടുപ്പ്, ഇതിലെല്ലാം അവർക്ക് അവകാശവും ലഭിക്കും.
എങ്ങനെയാണ് ഇന്ത്യക്കാരായ ഈ ആളുകൾക്ക് ഫ്രാൻസിന്റെ പൗരത്വം ലഭിച്ചതെന്നറിയേണ്ടെ?
പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരുമൊക്കെ ഇന്ത്യയിൽ സാമ്രാജ്യത്വം സ്ഥാപിക്കാനും കോളനി സ്ഥാപിക്കാനും എത്തിയ കാലത്ത് തന്നെ ഇന്ത്യയിൽ അതേ ലക്ഷ്യത്തോടെ ഫ്രഞ്ചുകാരുമെത്തിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ കുറേ സ്ഥലങ്ങളിൽ അവർക്ക് മേൽക്കൈ ലഭിച്ചിരുന്നെങ്കിലും ക്രമേണ ബ്രിട്ടീഷുകാർക്കായി ഇന്ത്യയിൽ ആധിപത്യം .
എങ്കിലും ചില ഉടമ്പടികളുടെ പശ്ചാത്തലത്തിൽ ചില തെന്നിന്ത്യൻ പോക്കറ്റുകളിൽ പണ്ടകശാലകൾ നിലനിർത്താനും കച്ചവടം തുടരാനും ഫ്രഞ്ചുകാർക്കായി. തദ്ദേശ പൗരന്മാരുമായി നല്ല ബന്ധം നിലനിർത്തിയാണ് ഫ്രഞ്ച്കാർ തങ്ങളുടെ കോളനികൾ നൂറ്റാണ്ടുകാലത്തിലേറെ നിലനിർത്തിയത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി. എന്നാൽ ആ സമയത്തും ഇന്ത്യയിൽ തങ്ങൾക്കുണ്ടായിരുന്ന കോളനികൾ ഫ്രഞ്ചുകാർ വിട്ടൊഴിഞ്ഞില്ല.
തമിഴ്‌നാട്ടിലെ തീരദേശ നഗരമായ പോണ്ടിച്ചേരിയും കാരക്കലും കേരളത്തിലെ മാഹിയും ആന്ധ്രയിലെ യാനവും ആയിരുന്നു ഇന്ത്യയിൽ ഫ്രഞ്ചുകാർക്കുണ്ടായിരുന്ന കോളനികൾ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ഈ പ്രദേശങ്ങളെക്കൂടി ഇന്ത്യയുടെ ഭാഗമാക്കാനായി ഒട്ടേറെ പ്രക്ഷോഭങ്ങൾ നടന്നു.
അതിന്റെ ഫലമായി ഈ പ്രദേശങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ ഫ്രഞ്ചുകാർ സന്നദ്ധരായി. ഉടമ്പടിപ്രകാരം 1962-ൽ മാത്രമാണ് ഫ്രഞ്ചുകാർ ഇന്ത്യ വിട്ടത്. അന്നവർ തങ്ങളുടെ കോളനികളിലെ പൗരന്മാർക്ക് ഇന്ത്യയുമായിച്ചേർന്ന് ഒരു ഓഫർ നൽകി.
ഫ്രഞ്ച് പൗരത്വം ആവശ്യപ്പെടുന്നവർക്ക് അത് നൽകാം എന്ന വാഗ്ദാനം. അങ്ങനെ പൗരത്വം സ്വീകരിക്കുന്നവർക്ക് ഫ്രാൻസിലേക്ക് ചേക്കേറാനോ ഇന്ത്യയിൽ തന്നെ തുടരാനോ പറ്റുമായിരുന്നു. കുറേ പേർ ആ ഓഫർ സ്വീകരിച്ച് ഫ്രാൻസിലേക്ക് കപ്പൽ കയറി.
അന്ന് ഫ്രഞ്ച് പൗരത്വം എടുത്ത കുറേ പേർ ഇന്ത്യയിൽ തന്നെ തുടരുകയും ചെയ്തു. അത്തരത്തിൽ പെട്ടവർ 6000 പേരോളം ഉണ്ടായിരുന്നു. 60 വർഷം പിന്നിടുമ്പോഴും അവരിൽ കുറേപ്പേരും അവരുടെ പാരമ്പര്യം പിൻതുടർന്ന് ഫ്രഞ്ച് പൗരത്വം സ്വീകരിച്ച അവരുടെ മക്കളുമായി പോണ്ടിച്ചേരിയിലും മാഹിയിലും കാരയ്ക്കലിലുമൊക്കെയായി ഒരു ഫ്രഞ്ച് കമ്മ്യൂണിറ്റി ഇന്നുമുണ്ട്. ആകെ 4500 നടുത്താളുകൾ. ഇക്കുട്ടത്തിൽ ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 40 ഓളം ഫ്രഞ്ച് പൗരന്മാരാണ് മാഹിയിലുള്ളത്. യാനത്ത് എൺപതോളം പേരും. ബാക്കിയധികം പേരും തമിഴ് വംശജരാണ്.
ഫ്രാൻകായിസ് ഡി മാഹി എന്ന പേരിൽ ആണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാരുടെ കൂട്ടായ്മ പ്രവർത്തിക്കുന്നത്.ഫ്രാൻസിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ അവർക്കും വോട്ടവകാശമുണ്ട്. പൗരന്മാർ എണ്ണത്തിൽ കുറവായതിനാൽ മാഹിയിൽ പോളിംഗ് ബൂത്തില്ല.
2007 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ മാഹിക്കാർ പോണ്ടിച്ചേരി ബൂത്തിൽ പോയാണ് വോട്ട് ചെയ്തിരുന്നത്. അവിടെ അവർക്ക് ‘പ്രൊക്യുറേഷൻ’ വഴിയും വോട്ടുചെയ്യാം, അതായത് Proxy vote രീതിയിൽ തങ്ങളുടെ അഭാവത്തിൽ മറ്റൊരാളെക്കൊണ്ട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്ന രീതിയാണത്. പ്രൊക്യുറേഷനിലൂടെ ലിസ്റ്റിൽ പേരുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അവർക്ക് വേണ്ടി വോട്ടുചെയ്യാൻ ഒരാൾക്ക് അധികാരപ്പെടുത്താം എന്നതിനാൽ മാഹിയിലെ പലരും അതിനായി ചിലരെ നിയോഗിക്കാറാണ് പതിവ്.
ഒട്ടേറെ പ്രക്ഷോഭങ്ങൾ ഉണ്ടായതിനെ തുടർന്ന് 1954 ൽ തന്നെ മാഹി ഫ്രഞ്ചുകാർക്ക് കൈയൊഴിയേണ്ടി വന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് പോണ്ടിച്ചേരിയും ഇന്ത്യയ്ക്ക് വിട്ടു നൽകാം എന്ന് ഫ്രഞ്ചുകാർ സമ്മതിച്ചത് . 1956-ലാണത്.
അന്ന്, ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒരു സെഷൻ ഉടമ്പടി ഒപ്പുവച്ചു, 1962-ൽ പോണ്ടിച്ചേരിയുടെ അധികാര കൈമാറ്റം നടത്താം എന്നായിരുന്നു ഉടമ്പടി. ആ ഉടമ്പടിയിലാണ് അവരുടെ കോളനികളിലുള്ള ഫ്രഞ്ച് പൗരന്മാർക്ക് അവരുടെ ഫ്രഞ്ച് പൗരത്വം നിലനിർത്തിക്കൊണ്ട് ഇന്ത്യയിൽ തുടരാനുള്ള ഓപ്ഷൻ നൽകിയത്. മാഹിയിൽ അത് നേരത്തേ അനുവദിച്ചിരുന്നു.
ഇന്ത്യക്കാരനായ ഒരു ഫ്രഞ്ച് പൗരന് ജനിക്കുന്ന ഏതൊരു വ്യക്തിക്കും ഫ്രഞ്ച് പൗരനായി തുടരാം . എന്നിരുന്നാലും, 18 വയസ്സുള്ളപ്പോൾ, ആ വ്യക്തി ഇന്ത്യയിൽ തുടരുകയാണെങ്കിൽ ഫ്രഞ്ച് പൗരത്വമോ ഇന്ത്യൻ പൗരത്വമോ തിരഞ്ഞെടുക്കാനുമാകും..അത്തരം തിരഞ്ഞെടുപ്പുകൾ നടപ്പിലാക്കുന്നതിന് 50 വർഷത്തെ പ്രൊബേഷൻ കാലയളവും നൽകി.
ഇന്ത്യയിൽ തുടരുന്ന സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരുടെ കുടുംബങ്ങൾക്ക് ഫ്രാൻസ് ചില പെൻഷനുകളും നൽകുന്നുണ്ട്. അവരുടെ കുടുംബത്തിലെ അംഗങ്ങൾ ഫ്രഞ്ച് കൊളോണിയൽ സൈന്യത്തിൽ വഹിച്ചിരുന്ന പദവിയെ ആശ്രയിച്ചാണ് പെൻഷൻ തുക. ഫ്രാൻസിൽ താമസിക്കുന്ന ഇന്ത്യക്കാരായ കുറേ ഫ്രഞ്ച് പൗരന്മാർ ഉണ്ട് . അവരിൽ പലരും ഒസിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്ന് വച്ചാൽ overseas citizens of India എന്നർത്ഥം.
ഒസിഐ കാർഡ് ഒരു മൾട്ടിപ്പിൾ എൻട്രി ലൈഫ് ലോങ്ങ് വിസയാണ്, ഇത് എടുത്തവർക്ക് ഒരു പരിധിയുമില്ലാതെ ഇന്ത്യയിലേക്ക് വരാനും പോകാനും ഇന്ത്യയിൽ യാത്ര ചെയ്യാനും ഇന്ത്യയിൽ താമസിക്കാനും സാധിക്കും. അവർക്ക് പോണ്ടിച്ചേരിയിലോ ഇന്ത്യയുടെ ചില ഭാഗങ്ങളിലോ വീട് വാങ്ങി താമസിക്കാനുള്ള അവകാശവുമുണ്ട്