ഒരു രാജ്യം, ഒരു ജനത, ഒരു ഭാഷ – ഹിന്ദി പാൻ ഇന്ത്യ ഭാഷയാണോ?ഒരു ഭാഷ കൊണ്ട് ഒരു ജനതയെ ഒരുമിപ്പിക്കാൻ കഴിയും എന്ന തരത്തിലുള്ള ചർച്ചകൾ കാണാനിടയായി. അതോടൊപ്പം ഭാഷ അടിച്ചേൽപ്പിക്കുന്നു എന്ന തരത്തിലുള്ള തർക്കങ്ങളും സംജാതമായി. മറ്റെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ ആണ് ഇത് നടക്കുന്നത്.

ഇന്ത്യയുടെ അതിപുരാതന പ്രാചീന പ്രാദേശിക ഭാഷാ സംസ്ക്കാരത്തിന്റെയും അതോടൊപ്പം ബ്രിട്ടീഷ് അടിച്ചേൽപ്പിച്ച കൊളോണിയൽ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ വന്നിട്ടുള്ളത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണ് എന്നാണു കണക്കാക്കുന്നത്. ഏകദേശം 44 ശതമാനം. എന്നാൽ ഈ 44 ശതമാനത്തിൽ ഹിന്ദി എഴുതാനും വായിക്കാനും അറിയാത്തവർ ഏകദേശം 20 ശതമാനം വരും. അതായത് ഏകദേശം 24 ശതമാനം ആൾക്കാർക്കു മാത്രമേ ഹിന്ദി ഭാഷ പറയാനും, വായിക്കാനും,എഴുതാനും കഴിയുകയുള്ളൂ. അങ്ങനെ നോക്കിയാൽ 76 ശതമാനം ആൾക്കാർക്കും ഹിന്ദി ഒരു ബാലികേറാമല ആണ് എന്നർത്ഥം. ഈ 76 ശതമാനത്തിൽ വലിയൊരു വിഭാഗത്തിന് ഹിന്ദി എന്താണെന്ന് പോലും അറിവുണ്ടാകില്ല.

ഹിന്ദി സംസാരിക്കാൻ അറിയാവുന്നവർ കൂടുതലും നഗരപ്രദേശങ്ങളിൽ ആണുള്ളത്. അതിനാൽ നമ്മെപ്പോലെ യാത്ര ചെയ്യുന്നവർക്ക് ഹിന്ദി മനസ്സിലാകുമെങ്കിൽ അത് ഒരു അനുഗ്രഹമാണ്. 1949 സെപ്റ്റംബർ 14-ന്, ഹിന്ദി, ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. പിന്നീട് 1950-ൽ ഇന്ത്യൻ ഭരണഘടന, ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. ഹിന്ദിക്ക് പുറമെ ഇംഗ്ലീഷും ഇന്ത്യയുടെ മറ്റൊരു ഔദ്യോഗിക ഭാഷയായി 15 വർഷത്തേക്ക് അംഗീകരിച്ചിരുന്നു.

ഔദ്യോഗിക ഭാഷാ നിയമം

ആർട്ടിക്കിൾ 351 പ്രകാരം ഹിന്ദി ഭാഷ രാജ്യമാകെ പ്രചാരത്തിലാക്കാനുള്ള ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിനുണ്ട്. 1963 ൽ തമിഴ്‌നാട്ടിലും മറ്റു സൗത്ത് സംസ്ഥാനങ്ങളിലും ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായപ്പോൾ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ‘ഔദ്യോഗിക ഭാഷാ നിയമം‘ അവതരിപ്പിച്ചു, അത് ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും ഇംഗ്ളീഷും (15 വര്ഷം എന്ന കാലയളവ് ഇല്ലാതായി) തുടരുമെന്ന് ഉറപ്പുനൽകുന്നു. എങ്കിലും ഹിന്ദി വിരുദ്ധ പ്രതിഷേധം തുടർന്നു.

1967 ൽ ഔദ്യോഗിക ഭാഷാ നിയമത്തിൽ വന്ന ഭേദഗതി പ്രകാരം ഇന്ത്യൻ യൂണിയന്റെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും “virtual indefinite policy of bilingualism” ഉറപ്പു നൽകുന്നു. അങ്ങനെ നോക്കിയാൽ ഇന്ത്യയുടെ ഭാഷാ വൈവിധ്യം കണക്കിലെടുത്ത്, എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ ഔദ്യോഗിക ഭാഷകൾ തീരുമാനിക്കാൻ സ്വാതന്ത്ര്യമുള്ളതിനാൽ ദേശീയ ഭാഷ എന്നൊന്നില്ല എന്ന് വേണം കാണാൻ.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളിൽ ഒന്നാണ് ഹിന്ദി. അങ്ങനെ നോക്കിയാൽ തന്നെ ഭരണഘടന, ഭാഷാ വൈവിധ്യ തത്വം ഉയർത്തിപ്പിടിക്കുന്നു എന്നതാണ് സത്യം. ഇന്ത്യയിൽ മൊത്തം 1650 ഓളം മാതൃഭാഷകൾ ഉണ്ട്. ഉപഭാഷകൾ കൂടി കൂട്ടിയാൽ ഏകദേശം 19500 ഭാഷകൾ വരും. ഈ 1650 മാതൃ ഭാഷകളിൽ 15,000 പേരിൽ കൂടുതൽ സംസാരിക്കുന്ന ഭാഷകൾ 160 എണ്ണത്തിൽ കൂടുതൽ വരികയില്ല. അതിലൊന്നാണ് പേർഷ്യൻ ഉൾപ്പെടെ മറ്റു പല ഭാഷകളുടേയും സ്വാധീനമുള്ള ഹിന്ദി. ഇന്ത്യയിൽ ഉള്ള പല ഭാഷകളിലും ഉപഭാഷകളിലും ഹിന്ദിയുടെ സ്വാധീനമുണ്ട്, അതിനാൽ അവയെ ഹിന്ദിയുടെ ഉപഭാഷ എന്ന രീതിയിൽ ആണ് കാണുന്നത്, ഹിന്ദി അറിയാവുന്നവർക്ക് പോലും ഈ ഭാഷകൾ സംസാരിക്കാൻ കഴിയില്ല എന്നതാണ് സത്യവും.

ഹിന്ദി പാൻ ഇന്ത്യ ഭാഷയാണോ?
India Language Map

ഹിന്ദി ബെൽറ്റ് എന്നൊരു പേര് ഉണ്ടെങ്കിലും, ആ പ്രദേശത്തുപോലെയും ഹിന്ദി അറിയാത്തവർ ധാരാളമുണ്ട് എന്നതാണ് വസ്തുത. ഇന്ത്യയിൽ ധാരാളം ആളുകൾ ഹിന്ദി സംസാരിക്കുന്നു എന്നത് ശരിയായിരിക്കാം, പക്ഷേ ഭൂരിപക്ഷം ഇന്ത്യക്കാരും അത് സംസാരിക്കുന്നില്ല എന്നതും ശരിയാണ്.ലോകത്തു പല രാജ്യങ്ങളിലും ഏകഭാഷ എന്ന തത്വമുണ്ട്. അവിടെ “സാധാരണ ഗതിയിൽ” പൗരത്വം വേണമെങ്കിൽ തന്നെ അവരുടെ ഭാഷ നന്നായി പഠിക്കേണ്ടതും ആണ്. ചില രാജ്യങ്ങളിൽ ജോലി വേണമെങ്കിൽ അവരുടെ ഭാഷയിൽ ഉള്ള വൈദഗ്ദ്യം പരീക്ഷകളിലൂടെ തെളിയിക്കുകയും വേണം. എന്നാൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇതേപോലെ കോമൺ ഭാഷ സംവിധാനം അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഇന്ത്യയിൽ നിലനിൽക്കുന്ന വ്യത്യസ്ത സംസ്കാരങ്ങൾ, വ്യത്യസ്ത പാർട്ടി നിലപാടുകൾ, ഒന്നിച്ചു നിൽക്കുവാനുള്ള മടി, അറിയാത്ത വസ്തുത ഏറ്റെടുക്കാനുള്ള വൈമനസ്യം അങ്ങനെ പല കാരണങ്ങളും ഉണ്ട്. ഒരു രാജ്യത്തെ, രണ്ടു വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഉള്ളവർ തമ്മിൽ സംസാരിക്കാനോ ആശയവിനിമയം നടത്താനോ ഒരു പൊതു ഭാഷ ഇല്ല എന്ന് പറയുന്നത് ആ രാജ്യത്തെ സംബന്ധിച്ചു ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്‌.

ബഹു ഭാഷാ സംവിധാനം ഇന്നത്തെക്കാലത്തു കാണപ്പെടുന്ന വലിയൊരു ശതമാനം കുടിയേറ്റത്തെ (ഇന്ത്യയിൽ നിന്നും മറ്റു രാജ്യത്തേക്ക്) ഒട്ടും സഹായിക്കുകയില്ല എന്നതാണ് സത്യം. ഏകഭാഷാ ആവാസ വ്യവസ്ഥകളിലേക്കു ബഹു ഭാഷ സമൂഹം എത്തിപ്പെടുന്നത് വിപരീത അനുഭവം ആയിരിക്കും തരിക. കാരണം ഈ കുടിയേറ്റം നമ്മുടെ മൂലധനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് തന്നെ. അതുപോലെതന്നെ ഇന്ത്യയിൽ ഒരു കോമൺ ഭാഷ വരുന്നത് തീർച്ചയായും മൊത്തത്തിലുള്ള ആശയവിനിമയത്തിന് ഉപകരിക്കും. അതോടൊപ്പം ഏകീകൃത രീതിയിലുള്ള ഉൽപ്പന്ന, സേവന സംവിധാനങ്ങളും കൊണ്ടുവരാൻ ഇത് സഹായിക്കും. അഖണ്ഡ ഭാരതം എന്ന സങ്കൽപ്പത്തിന് പൊതു ഭാഷയിലുള്ള ആശയവിനിമയം അത്യന്താപേക്ഷിതം ആണ്. ഹിന്ദി തീർച്ചയായും വലിയൊരു സംസ്കാരം പേറുന്ന ഭാഷ തന്നെയാണ്.

ഇന്തോ-യൂറോപ്യൻ ഭാഷാ ഗ്രൂപ്പിന്റെ ഇന്തോ-ആര്യൻ ശാഖയിൽ പെടുന്നതാണ് ഹിന്ദി. പിന്നീട് ഹിന്ദിയിൽ പേർഷ്യൻ ഭാഷ സ്വാധീനം ചെലുത്തുകയും മുഗളന്മാർ ഭാഷയിൽ അവരുടേതായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഹിന്ദി സംസ്കൃതത്തിൽ നിന്ന് പരിണമിച്ചിട്ടുണ്ടെങ്കിലും, അതിന്റെ പല വാക്കുകളും അറബിയിലോ പേർഷ്യൻ ഭാഷയിലോ ഉത്ഭവം ഉള്ളതാണ്. ഇന്ത്യൻ പ്രവാസികൾ കോമൺ ആയി സംസാരിക്കുന്നതിനാൽ ഹിന്ദി ഒരു “ലിങ്ക് ലാംഗ്വേജ്” എന്ന ക്രെഡിറ്റും ഏറ്റെടുക്കുന്നു.

ഇന്ത്യയിൽ മാത്രമല്ല, ഹിന്ദിയുടെ പല വേർഷനുകൾ മൗറീഷ്യസ്, സുരിനാം, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഹിന്ദി ഭാഷ സ്വായത്തമാക്കാൻ എല്ലാവരും ആഗ്രഹിച്ചു പ്രവർത്തിച്ചാൽ തീർച്ചയായും അത് സ്വാഗതാർഹമാണ്. പക്ഷെ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നതുപോലെ ആകരുത്.

രാഷ്ട്രീയ ഭൂപടത്തെ സാംസ്കാരിക ഭൂപടമായും ഭാഷാഭൂപടമായും തെറ്റായി വ്യാഖ്യാനിച്ചു ഒരു ഭാഷ അടിച്ചേൽപ്പിക്കരുത്. അതേപോലെ സാംസ്കാരിക ഭൂപടങ്ങളെ രാഷ്ട്രീയ ഭൂപടമായി തെറ്റായി വ്യാഖ്യാനിച്ചും ഒരു ഭാഷ അടിച്ചേൽപ്പിക്കരുത്. ഒരു ഭാഷയെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അടിച്ചേൽപ്പിക്കപ്പെട്ട ഭാഷയോടുള്ള വെറുപ്പിലേക്ക് നയിക്കും. സിംഗപ്പൂരിൽ ബഹു-വംശീയ ജനസംഖ്യയുണ്ട് (ചൈനീസ്, മലായ്, ഇന്ത്യൻ). നാല് ഔദ്യോഗിക ഭാഷകളാണ് അവിടെയുള്ളത്, ഇംഗ്ലീഷ്, മാൻഡാറിൻ, മലായ്, തമിഴ് എന്നിവയാണവ. എങ്കിലും lingua franca എന്ന നിലയിൽ ഉള്ള ഭാഷ ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഈ രാജ്യത്തെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റി. ഇല്ലെങ്കിൽ ഈ രാജ്യം തകരുമായിരുന്നു.

നാനാത്വത്തിൽ ഏകത്വം

സൗത്ത് ആഫ്രിക്കയുടെ ദേശീയഗീതം അവിടെയുള്ള പതിനൊന്നു ഭാഷകളിൽ ആണ് ചെയ്തിട്ടുള്ളത്. അതൊരു നയം ആണ്. നാനാത്വത്തിൽ ഏകത്വം എന്ന നയത്തിന്റെ ഒരു ഭാഗം മാത്രമാണത്. കിഴക്കൻ പാകിസ്ഥാനിൽ നിലനിന്നിരുന്ന ബംഗാളി ഭാഷയുടെ സ്ഥാനത്തു ഉറുദു അടിച്ചേൽപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചതും അതിന്റെ അനന്തര ഫലങ്ങളും നമുക്കറിയാം. കാശ്മീരി താഴ്വരയിൽ ഉറുദുവിന്റെ പ്രചാരത്താൽ അവരുടെ കാശ്മീരി ഭാഷ തകരുകയും അതോടൊപ്പം മേഖലയിൽ ഉറുദുവിനോടുള്ള വെറുപ്പും നമുക്കറിയാം. ശ്രീലങ്ക സിംഹളീസിനെ ഏക ഒഫീഷ്യൽ ഭാഷ ആക്കിയത് തമിഴ് വംശജരിൽ ഉണ്ടാക്കിയ വെറുപ്പ് നമുക്കറിയാം.

നമുക്ക് വേണ്ടത് ഗ്ലോബൽ ഭാഷകൾ ആണ്. ഹിന്ദിയെ ദേശീയ ഭാഷ ആക്കാനുള്ള ശ്രമം ഫെഡറൽ സംവിധാനത്തിൽ നിന്നുകൊണ്ട് തീർച്ചയായും തുടരാം. അതോടൊപ്പം അന്താരാഷ്ട്ര സമൂഹത്തിലും ഇതിനുള്ള ശ്രമങ്ങൾ തുടരാം. എന്നാൽ ഇതിനൊപ്പം നമുക്ക് വേണ്ടത് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് മുതലായവ ഭാഷകൾ കൂടിയാണ്. അറബിക് കൂടിയുണ്ടെങ്കിൽ (പഠിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തിട്ടുണ്ട്) പൊളിച്ചു. മൾട്ടി ലിംഗ്വൽ സ്പെഷ്യലിസ്റ് ആകണം ഓരോ കുട്ടികളും. എല്ലാ സ്കൂളുകളിലും ഭാഷകൾ പഠിപ്പിക്കണം. അതിനുള്ള നയം ഉണ്ടാകണം. ആഗോളവൽക്കരണത്തിന്റെ ഈ കാലത്തു, അഥവാ ലോകം ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന ഈ കാലത്തു പല രാജ്യങ്ങളിലെയും ആൾക്കാരുമായി പൊതുവായി ആശയവിനിമയം നടത്താൻ വേണ്ട ഭാഷകൾ ആണ് പഠിക്കേണ്ടതും പ്രചാരത്തിലാക്കേണ്ടതും.


Source : Unknown. This article is reproduced for the benefits of job hunting students. All credits to the author.


Loading