ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മരണത്തെ തുടര്‍ന്ന് 1658ല്‍ ഔറംഗസേബ് അധികാരത്തില്‍ വന്നു. യൂറോപ്യന്‍ ശക്തികള്‍ക്ക് ഇന്ത്യയില്‍ കച്ചവടം വ്യാപകമാക്കാന്‍ പറ്റിയ കൂടുതല്‍ അവസരം അതോടെ കൈവന്നു. ഈ വര്‍ഷമാണ് ഇംഗ്ലണ്ടിലെ ക്രോംവെല്ലിന്റെ മരണവും. ചാള്‍സ് രാജാവിന്റെ ശിരച്ഛേദത്തിനുശേഷം ഇംഗ്ലണ്ടില്‍ ഒലിവര്‍ ക്രോംവെല്ലിന്റെ റിപ്പബ്ലിക്ക് അഥവാ ‘കോമണ്‍വെല്‍ത്ത്’ ഭരണമായിരുന്നു. രാജാവില്ലാത്ത ഈ കാലം പാര്‍ലമെന്റിന്റെ പരമാധികാരത്തിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണം സൈനിക സ്വേച്ഛാധിപത്യത്തിലേക്കാണ് അവസാനമെത്തിയത്.
ക്രോംവെല്ലിന്റെ ഭരണകാലത്ത് യൂറോപ്പ്
ക്രോംവെല്ലിന്റെ ഭരണകാലത്ത് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നാവികനിയമം (Navigation Act) ഡച്ചുകാരെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ഇറക്കുമതി ചെയ്യുന്ന ചരക്കുകളെല്ലാം ഒന്നുകില്‍ ഇംഗ്ലീഷ് കപ്പലുകളിലോ അല്ലെങ്കില്‍ ചരക്കുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ കപ്പലുകളിലോ ആയിരിക്കണം ഇംഗ്ലണ്ടില്‍ എത്തിക്കുന്നതെന്നുള്ള നിബന്ധന കൊണ്ടുവന്നത് ഡച്ചുകാരെ വിഷമത്തിലാക്കി. നാവികരംഗത്ത് ഡച്ചുകാരും ഇംഗ്ലീഷുകാരും ഈ സമയത്ത് തുല്യശക്തികളായിരുന്നു. ഇംഗ്ലണ്ടിന്റെ നടപടികള്‍ക്കെതിരെ ഡച്ചുകാര്‍ പ്രതിഷേധം തുടങ്ങി. അത് യുദ്ധമായി മാറി. കടലില്‍ ഇരുരാജ്യങ്ങളുടെയും കപ്പലുകള്‍ ഏറ്റുമുട്ടി. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തങ്ങളുടെ വ്യാപാരത്തെ ഈ സ്ഥിതിവിശേഷം ദോഷകരമായി ബാധിക്കുമെന്നു കണ്ട ഡച്ചുകാര്‍ 1654ല്‍ സമാധാന സന്ധിപ്രകാരം യുദ്ധം അവസാനിപ്പിച്ചു. ക്രോംവെല്‍ മരിച്ചതോടെ ഇംഗ്ലണ്ടില്‍ രാജവാഴ്ചയുടെ പുനഃസ്ഥാപനത്തെ പറ്റി ആലോചന തുടങ്ങി. മുമ്പ്, ശിരച്ഛേദം നടത്തി വധിച്ച ചാള്‍സ് ഒന്നാമന്റെ മകന്‍ ചാള്‍സ് രണ്ടാമന്‍ ഭയത്തോടെ ഫ്രാന്‍സില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി രാജാവാക്കാനാണ് ആലോചന നടക്കുന്നത്.
ഈ സമയത്ത് ഡച്ചുകാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കും ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ദേശങ്ങളിലെ വ്യാപാരങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ട് യൂറോപ്പില്‍ മറ്റൊരു വന്‍ശക്തി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. അത് ഫ്രഞ്ചുകാരാണ്. സ്വേച്ഛാധികാരത്തിന്റെ മകുടോദാഹരണമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്ന ലൂയി പതിനാലാമന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മന്ത്രിമാരില്‍ പ്രമുഖനായ കോള്‍ബെര്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയതോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവര്‍ കച്ചവടകേന്ദ്രങ്ങള്‍ ആരംഭിച്ചു. അതോടൊപ്പം ഫ്രഞ്ചുകാര്‍ കേരളത്തിന്റെ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച് ഇവിടുത്തെ കച്ചവടസാധ്യതകളെപ്പറ്റി പഠനം ആരംഭിച്ചു. ഫ്രഞ്ചുകാരുടെ ഈ നീക്കത്തെ ഡച്ചുകാര്‍ നിരുത്സാഹപ്പെടുത്തി. അവരുടെ എതിര്‍പ്പു കാരണമാണ് കന്യാകുമാരിയില്‍ ഒരു പണ്ടികശാല സ്ഥാപിക്കാനുള്ള അവരുടെ ലക്ഷ്യം നടക്കാതെ പോയത്.
ബോംബെ
ഇംഗ്ലണ്ടില്‍ വീണ്ടും രാജഭരണം പുനഃസ്ഥാപിച്ചു. വിദേശത്തുനിന്നും ക്ഷണിച്ചുകൊണ്ടുവന്ന ചാള്‍സ് രണ്ടാമന്‍ 1660ല്‍ രാജാവായി അഭിഷിക്തനായി. ഇന്ത്യയിലെ ഡച്ചുകാര്‍ക്കെതിരെ എല്ലാ സഹായങ്ങളും ചാള്‍സ് രണ്ടാമന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് വാഗ്ദാനം ചെയ്തു. പോര്‍ട്ടുഗീസ് രാജകുമാരി കാതറിനെയാണ് ചാള്‍സ് രണ്ടാമന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലൂടെ പോര്‍ട്ടുഗീസുകാരുടെ കൈവശമുണ്ടായിരുന്ന ‘ബോംബെ’ സ്ത്രീധനമായി അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. ഈ പ്രദേശം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രാജാവില്‍ നിന്നും പാട്ടത്തിനു വാങ്ങി. ക്രമേണ കമ്പനിയുടെ ശക്തികേന്ദ്രമായി ‘ബോംബെ’ വളരാന്‍ തുടങ്ങി. ഈ സംഭവങ്ങള്‍ നടക്കുന്നതിനു മുന്‍പുതന്നെ ഡച്ചുകാര്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായിരുന്നു. പോര്‍ട്ടുഗീസുകാര്‍ക്ക് ശക്തിക്ഷയം ഉണ്ടായി എങ്കിലും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും സഹായത്തോടെ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന അവരുടെ തന്ത്രം പരാജയപ്പെടുത്താന്‍ തന്നെ ഡച്ചുകാര്‍ തീരുമാനിച്ചു.
മലബാര്‍ ഡച്ചുകാരുടെ സ്വപ്നഭൂമി
പോര്‍ട്ടുഗീസുകാരുടെ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നതിനാല്‍ മലബാര്‍ ഏതുവിധേനയും കൈക്കലാക്കുക, വേണ്ടിവന്നാല്‍ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുക, പടിപടിയായി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഒഴിവാക്കുക തുടങ്ങിയവയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യങ്ങള്‍. 1653ല്‍ ഡച്ചുകാര്‍ കൊളംബിയയിലെ പോര്‍ട്ടുഗീസ് താവളം പിടിച്ചെടുത്തതോടെയാണ് മലബാര്‍ പിടിച്ചെടുക്കാനുള്ള അവരുടെ ആത്മധൈര്യം വര്‍ധിച്ചത്. പോര്‍ട്ടുഗീസുകാര്‍ക്ക് കഴിയുന്നത്ര നാശനഷ്ടമുണ്ടാക്കാന്‍ ഇന്ത്യയിലേക്കും സിലോണിലേക്കും സൈന്യത്തെ അയയ്ക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ കപ്പല്‍ പടയുടെ നായകനും കൗണ്‍സിലറുമായി റിക്ലോഫ് വാന്‍ ഗൂണ്‍സ് നിയമിതനായി. അദ്ദേഹം 1657 സെപ്റ്റംബര്‍ ആറിന് ബറ്റേവിയയില്‍ നിന്നും പടിഞ്ഞോറോട്ട് പടനയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം ജാഫ്ന പിടിച്ചെടുത്തു. അതോടെ സിലോണില്‍ നിന്നും പോര്‍ട്ടുഗീസുകാര്‍ പൂര്‍ണമായി പുറന്തള്ളപ്പെട്ടു. തൂത്തുക്കുടി, മാന്നാര്‍, നാഗപ്പട്ടണം എന്നിവ പിടിച്ചടക്കി ഡച്ചുകാര്‍ മുന്നേറി. പോര്‍ട്ടുഗീസുകാരുടെ ശക്തികേന്ദ്രമായ ഗോവയെ ഡച്ചുകാര്‍ നേരത്തെ തന്നെ ഉപരോധിച്ചിരുന്നു. ഇതുകാരണം പോര്‍ട്ടുഗീസുകാര്‍ക്ക് കാര്യമായ പ്രത്യാക്രമണത്തിന് കഴിഞ്ഞില്ല.
ഡച്ചുകാരുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയില്‍ പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ യുദ്ധം നടത്തുന്നതിനും അവരുടെ കൈവശമുള്ള കേരളത്തിലെ കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍, കണ്ണൂര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറായി. പോര്‍ട്ടുഗീസുകാര്‍ ഭരണം നിയന്ത്രിച്ചിരുന്ന കേരളത്തിലെ കൊച്ചി രാജവംശത്തിലെ വീര കേരളവര്‍മ്മ എന്ന തമ്പുരാനെ സ്ഥാനഭ്രഷ്ടനാക്കി ഇളയ തമ്പുരാനെ സിംഹാസനാരോഹണം ചെയ്യിച്ചത് അവിടുത്തെ രാജകുടുംബങ്ങള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിച്ചിരുന്നു. വീരകേരള വര്‍മ്മ തന്റെ സ്ഥാനം തിരികെ ലഭിക്കാന്‍ കൊളമ്പിയയിലെത്തി രഹസ്യമായി സഹായം അഭ്യര്‍ഥിച്ചത് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ പടനയിക്കാന്‍ ഡച്ചുകാര്‍ക്ക് അവസരമൊരുക്കി. പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചിയെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ വാന്‍ഡര്‍ മെയ്ഡനെ നിയമിക്കാന്‍ സിലോണ്‍ കൗണ്‍സില്‍ തീരുമാനിച്ചു. പടക്കപ്പലുകളും മറ്റ് സന്നാഹങ്ങളുമായി വാന്‍ഡര്‍ മെയ്ഡന്‍ കേരളത്തിലേക്ക് തിരിച്ചു.
തങ്കശ്ശേരി കോട്ട
മലബാര്‍ ലക്ഷ്യമാക്കി നീങ്ങിയ ഡച്ചുസൈന്യത്തിന്റെ ആദ്യലക്ഷ്യം കൊല്ലത്ത് പോര്‍ട്ടുഗീസുകാരുടെ കൈവശം ഉണ്ടായിരുന്ന തങ്കശ്ശേരി കോട്ട പിടിച്ചെടുക്കുകയായിരുന്നു. കൊച്ചിയും ഡിയുവും പോര്‍ട്ടുഗീസുകാരുടെ പ്രധാന കോട്ടകളായിരുന്നതിനാല്‍ അവിടെ ശക്തമായ സംരക്ഷണം ഉണ്ടാവുമെന്നും അതുകൊണ്ട് ദേശിംഗനാട് റാണി ഭരിച്ചിരുന്ന കൊല്ലം പിടിച്ചെടുത്ത് പോര്‍ട്ടുഗീസുകാര്‍ക്ക് ഭയം സൃഷ്ടിക്കുകയാണ് ഉചിതമെന്നും ഡച്ചുകാര്‍ കണക്കുകൂട്ടി. കൊല്ലത്തുനിന്നും കായംകുളത്തേക്കും തിരുവിതാംകൂറിലേക്കും വ്യാപാരം വികസിപ്പിക്കാനായിരുന്നു ഡച്ചുകാരുടെ തീരുമാനം. മാത്രവുമല്ല, ഈ ഭാഗങ്ങളിലെ രാജാക്കന്മാര്‍ അവരോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടയിലാണ് കൊച്ചി പിടിക്കാനായി പോര്‍ട്ടുഗീസുകാര്‍ക്കെതിരെ തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പുറക്കാട് രാജാവ് ഡച്ചുകാരെ സമീപിച്ചത്. ഇതെല്ലാം ഡച്ചുകാരുടെ കൊല്ലം ആക്രമണത്തിന് ശക്തിയും പ്രേരണയുമായി. ഇതിനിടയില്‍ രഹസ്യവിവരം ലഭിച്ച പോര്‍ട്ടുഗീസുകാര്‍ അവിടെ നിന്നും മൊസാമ്പിക്കില്‍ നിന്നും പടക്കപ്പലുകള്‍ ഗോവയിലേക്ക് അയച്ചിരുന്നു.
വാന്‍ഗൂണ്‍സിന്റെ നേതൃത്വത്തില്‍ തിരിച്ച കപ്പല്‍പ്പട കന്യാകുമാരി വഴി കൊല്ലം തീരത്ത് നങ്കൂരമിട്ടു. അതില്‍ നിന്നും ഇറങ്ങിയ പടയാളികളാണ് കൊല്ലംകോട്ട പിടിച്ചെടുത്തത്. പിന്നീട് കൊല്ലം നഗരവും പോര്‍ട്ടുഗീസുകാരുടെ തോട്ടങ്ങളും റാണി ഡച്ചുകാര്‍ക്ക് വിട്ടുകൊടുത്തു. കൊല്ലത്തെ സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കുത്തകയും ഡച്ചുകാര്‍ക്ക് കൈവന്നു. അങ്ങനെ ഒരു യൂറോപ്യന്‍ ശക്തി കൈയ്യടക്കി വച്ചിരുന്ന മലബാറിലെ തന്ത്രപ്രധാനമായ ഒരു പ്രദേശം ചരിത്രത്തിലാദ്യമായി മറ്റൊരു യൂറോപ്യന്‍ ശക്തി പിടിച്ചെടുത്തു.
പക്ഷേ, ഡച്ചുകാരുടെ ഈ വിജയം താല്‍ക്കാലികമായിരുന്നു. പോര്‍ട്ടുഗീസുകാരും കൊല്ലത്തെ നായര്‍ പ്രധാനികളും അവര്‍ക്കെതിരെ നീങ്ങാന്‍ അവസരം കാത്തിരുന്നു. വാന്‍ഗൂണ്‍സ് ബറ്റേവിയയിലേക്കു മടങ്ങിയ ഉടന്‍ ഡച്ചുകാര്‍ക്കുനേരെ കൊല്ലത്ത് കടുത്ത ആക്രമണമുണ്ടായി. ധാരാളം ഡച്ചുകാര്‍ ഈ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് സിലോണിലെ ഡച്ച് ഗവര്‍ണര്‍ വാന്‍ഡര്‍ മെയ്ഡന്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം ശേഷിച്ച ഡച്ച് സൈന്യത്തെ പിന്‍വലിക്കാന്‍ 1659 ഏപ്രില്‍ 14ന് ഉത്തരവു നല്കി. അങ്ങനെ കൈവന്ന കൊല്ലത്തിന്റെ അധികാരവും മേല്‍ക്കോയ്മയും ക്ഷണനേരം കൊണ്ടുതന്നെ ഡച്ചുകാര്‍ക്ക് നഷ്ടമായി. പക്ഷേ, കൂടുതല്‍ സന്നാഹങ്ങളോടെ കൊല്ലം ആക്രമിച്ചു തിരിച്ചുപിടിക്കാന്‍ ഡച്ചുകാര്‍ ബറ്റേവിയയില്‍ ഒരുക്കങ്ങള്‍ തുടങ്ങി.