കേരളത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി 1721ലെ ‘ആറ്റിങ്ങല്‍ കലാപം’. രവിവർമ്മയുടെ (1611- 1663) പിൻഗാമിയായി അധികാരമേറ്റ ആദിത്യവർമ്മയുടെ ഭരണകാലത്താണ് ഈ സംഭവം നടക്കുന്നത്.

ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ നിര്‍മ്മിച്ച കോട്ടയില്‍ മേധാവിയായി എത്തിയ ഗിഫോര്‍ട്ടിന്റെ ധാര്‍ഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാല്‍ റാണിയുടെ അറിവോടു കൂടിയാണ് സംഭവം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ക്ക് അഭിപ്രായം ഉണ്ട്. സംഗതി എന്തായാലും ഗിഫോര്‍ട്ടിനെ തദ്ദേശവാസികള്‍ വെറുത്തിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർ അഞ്ചുതെങ്ങ് കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ൽ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ഗിഫോർട്ട് തയ്യാറായില്ല.

ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്. തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപത്തിന് പ്രസക്തിയുണ്ട്.

Loading