തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741 ജൂലൈ 31ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.

ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു. ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാർത്താണ്ഡ വർമ്മയെ തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപാരങ്ങളും തുടങ്ങി.

തിരുവിതാംകൂറിന്റെ പ്രധാന തുണിവ്യവസായ കേന്ദ്രമായ കുളച്ചല്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളായിരുന്നു ഡച്ചുകാരുടെ കണ്ണ്. അവിടെ നിന്നാണ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചുങ്കംവഴി വന്‍ ആദായം ലഭിക്കുന്നത്. ഇത് തടഞ്ഞാല്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് യുദ്ധം നടത്താനുള്ള ശക്തി ക്ഷയിക്കുമെന്നാണ് ഡച്ചുകാരുടെ കണക്കുകൂട്ടല്‍. ഇത് മുന്‍നിര്‍ത്തി കടലില്‍ ചില ഉപരോധങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തി. നവംബര്‍ അവസാനത്തോടെ ഡച്ച് കപ്പലുകള്‍ കുളച്ചല്‍ കടലില്‍ ആക്രമണം തുടങ്ങി. തീരവാസികള്‍ പേടിച്ച് ഓടാന്‍ തുടങ്ങി. കടലോരത്ത് ഡച്ചുകപ്പലുകള്‍ പ്രതിരോധം തീര്‍ത്തപ്പോള്‍, മാര്‍ത്താണ്ഡവര്‍മ്മയുടെ രണ്ടായിരത്തോളം പടയാളികള്‍ ആയുധങ്ങളുമായി എത്തി അവരെ തടഞ്ഞു.

അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി. എന്നാൽ അന്ന് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നത് നായർ പടയായതിനാലും നായർ പടയ്ക്ക് കടലും കടൽ കടന്നുള്ള യുദ്ധങ്ങളും നിഷിദ്ധമായിരുന്നതിനാലും കടലോരത്തെ തദ്ദേശവാസികളായ കടൽപ്പണിക്കാരുടെ സഹായം യുദ്ധത്തിനായി മാർത്താണ്ഡവർമ മഹാരാജാവ് തേടുകയുണ്ടായി.

കൊളച്ചലിൽ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ കടലോര തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരുവിതാംകൂർ സൈന്യം വീരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻവാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച ഡച്ചുകാർക്ക് താവളമായി കപ്പലുകളെ ആശ്രയിക്കേണ്ടതായി വന്നു.

മഴക്കാലം ആംഭിച്ചതിനാല്‍ ഡച്ചുകാര്‍ ആക്രമണം നിര്‍ത്തിയെങ്കിലും കന്യാകുമാരിയ്ക്കും കൊല്ലത്തിനും ഇടയ്ക്കുള്ള കടലോരം അവരുടെ പ്രതിരോധത്തിലായിരുന്നു. ഇത് ഇംഗ്ലീഷുകാരുടെ വ്യാപാരത്തെ സാരമായി ബാധിച്ചു. ഇതിനിടയില്‍ ഇംഗ്ലീഷുകാരില്‍ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും ശേഖരിച്ച് മാര്‍ത്താണ്ഡവര്‍മ്മ യുദ്ധത്തിന് തയ്യാറായി. തന്റെ ഉടവാള്‍ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പൂജ ചെയ്ത് മടക്കിവാങ്ങിയശേഷമായിരുന്നു പുറപ്പാട് തയ്യാറെടുപ്പ് നടത്തിയത്. കുളച്ചല്‍ കോട്ടയ്ക്കുനേരെ തിരുവിതാംകൂറിന്റെ ആക്രമണം ഉണ്ടായി എങ്കിലും ഡച്ചുകാര്‍ അത് പ്രതിരോധിച്ചു. കനത്ത മഴ ഇരുഭാഗത്തിനും ഭീഷണിയായി.

ഡച്ചുകാര്‍ക്ക് പ്രതികൂല കാലാവസ്ഥയില്‍ കന്യാകുമാരിയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. ഡച്ച് കമാന്‍ഡര്‍ റജിടെല്‍ (Rijtel)ന് മുറിവേറ്റതും പ്രതികൂല കാലാവസ്ഥയും എല്ലാംകൂടി സാഹചര്യം ഡച്ചുകാര്‍ക്ക് എതിരായിരുന്നു. വിവരം അറിഞ്ഞ് എത്തിയ മാര്‍ത്താണ്ഡവര്‍മ്മയുടെ മുമ്പില്‍ 31 ലന്തപ്പടയാളികള്‍ കീഴടങ്ങി. നെടുങ്കോട്ട പിടിയ്ക്കാന്‍ ഡച്ചുകാര്‍ വീണ്ടും ശ്രമം നടത്തിയെങ്കിലും തിരുവിതാംകൂര്‍ പടയാളികള്‍ പ്രതിരോധിച്ചു. ഇതിനിടയില്‍ ആണ് തിരുവിതാംകൂര്‍ സൈന്യം എയ്തുവിട്ട തീബോംബ് കൊണ്ടു ഡച്ച് വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചതും പരിഭ്രാന്തരായ സൈനികര്‍ ചിതറി ഓടിയതും. ഇതോടെ ഡച്ചുകാര്‍ കീഴടങ്ങുന്ന സ്ഥിതിയിലായി.

എന്നാൽ (1741 ജൂലൈ 31) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി.കടൽച്ചേലുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന കടൽപ്പണിക്കാർ കടലിൽ മുങ്ങിച്ചെന്ന് ഡച്ചു പട്ടാളത്തിന്റെ കപ്പലുകളിൽ ദ്വാരമുണ്ടാക്കുകയും പീരങ്കികളും വഹിച്ചുകിടന്ന ഡച്ചു കപ്പലുകളെ കടലിൽ മുക്കുകയും ചെയ്തു. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി.

1741 ആഗസ്ത് 12ന് ആയിരുന്നു കീഴടങ്ങല്‍ നടന്നത്. കേരളത്തിലെ ഡച്ച് ശക്തിയുടെ ക്ഷയത്തിന്റെ തുടക്കവും സാഹസികനായ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രതാപത്തിലേയ്ക്കുള്ള ഉയര്‍ച്ചയും ഇവിടെ നിന്നാണ് ആരംഭിച്ചത്. ഒരു ഇന്ത്യന്‍ നാട്ടുരാജാവ് ആദ്യമായി യൂറോപ്യന്‍ ശക്തിയെ തോല്പിച്ചു എന്ന ഖ്യാതിയും ചരിത്രകാരന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചാര്‍ത്തുന്നതും കുളച്ചല്‍ യുദ്ധത്തിലാണ്. പ്രതികൂല കാലാവസ്ഥയും, തിരുവിതാംകൂര്‍ രാജാവിന്റെ തന്ത്രങ്ങളും, അദ്ദേഹത്തിന്റെ സൈനികശക്തി സംബന്ധിച്ച തെറ്റായ കണക്കുകൂട്ടലുകളുമാണ് ഡച്ചുകാരുടെ തോല്‍വിക്കു കാരണം.

ഡച്ചുകാരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യാപാരമോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു ഇത്. കേരളത്തെ സൈനിക ശക്തിയെ കുറച്ചു കണ്ട ഈ സന്ദർഭത്തിനു ശേഷം അവർ ഒരിക്കലും ഉയിർത്തെഴുന്നേല്പ് നടത്തിയില്ല. അവരുടെ ഏക ശക്തി കേന്ദ്രമായ കൊച്ചിയിലേയ്ക്ക് അവർ മടങ്ങി.

മാർത്താണ്ഡ വർമ്മയെ സംബന്ധിച്ചിടത്തോളം കുളച്ചൽ യുദ്ധം ഒരു നിർണ്ണായക സംഭവമായിരുന്നു. തിരുവിതാംകൂറിനെ സംബന്ധിച്ചൊളം അതിന്റെ വളർച്ചയിൽ ഈ യുദ്ധം നിർണായകമായ പങ്ക് വഹിച്ചു. പിന്നീട് കായംകുളം രാജ്യത്തിന്റെ കീഴടങ്ങലിനും ഈ യുദ്ധം സഹായകമായി. ഈ യുദ്ധത്തിൽ തടവിൽ പിടിക്കപ്പെട്ട ഡി ലനൊയി തിരുവിതാംകൂർ സൈന്യത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനു മാർത്താണ്ഡവർമ്മയെ സഹായിച്ചു. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു ഇത്.

Loading