യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഇന്ത്യയിലും കിഴക്കന്‍ നാടുകളിലുമെത്തുക എന്ന യൂറോപ്യന്‍ രാജാക്കന്മാരുടെ സ്വപ്നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു വഴിതെളിച്ച പ്രധാനസംഭവം തുര്‍ക്കികളുടെ ആക്രമണമാണ്. 1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ യൂറോപ്പിലേക്കുള്ള വ്യാപാരത്തിന്റെ വാതിലുകള്‍ അടഞ്ഞു.

കടലിലൂടെയും കരയിലൂടെയും യൂറോപ്യന്‍ വിപണിയിലെത്തിക്കൊണ്ടിരുന്ന ഇന്ത്യയിലെ തെക്കന്‍ പ്രദേശത്തുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വരവു നിലച്ചത് അവിടത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. കരയിലൂടെയല്ലാതെ കടലിലൂടെ യൂറോപ്പില്‍ നിന്നും ഇന്ത്യയിലെത്താനുള്ള ഒരു വഴി കണ്ടുപിടിക്കാന്‍ ഇതാണു പ്രേരണയായത്. സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനുവേണ്ടി നാവികര്‍ക്ക് സഹായവും പ്രോത്സാഹനവും നല്കി. ഇതില്‍ ആദ്യം വിജയിച്ചത് സ്പെയിന്‍കാരും പോര്‍ട്ടുഗീസുകാരുമാണ്.

1492ല്‍ സ്പെയിനിന്റെ സഹായത്തോടെ ഇന്ത്യയിലെത്താന്‍ കടലിലിറങ്ങിയ നാവികനായ ക്രിസ്റ്റഫര്‍ കൊളംബസും സംഘവും അവസാനം എത്തിച്ചേര്‍ന്നത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപിലായിരുന്നു. അതാണ് “ഇന്ത്യ” എന്ന് 1506-ല്‍ മരിക്കുന്നതുവരെ ക്രിസ്റ്റഫര്‍ കൊളംബസ് വിശ്വസിച്ചു. എന്നാല്‍ അമേരിഗോ വെസ്പൂച്ചിയാണ് യഥാര്‍ഥത്തില്‍ അമേരിക്ക പിന്നീട് കണ്ടുപിടിച്ചത്. 1498ല്‍ പോര്‍ട്ടുഗീസ് രാജാവായ ഇമ്മാനുവലിന്റെ സഹായത്തോടെ യാത്ര തിരിച്ച വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടലിലൂടെ ആഫ്രിക്കന്‍ മുനമ്പുചുറ്റി പിന്നീട് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മലബാറിലെ കോഴിക്കോട്ട് എത്തിയത്. ഈ സാഹസിക യാത്രയ്ക്ക് 317 ദിവസം എടുത്തു. ഈ സംഭവം ലോകചരിത്രത്തിലെ പുതിയ അധ്യായമായി മാറി. പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാതയുടെ കണ്ടുപിടിത്തമാണ് പിന്നീട് ലോകത്തു നടന്ന എല്ലാ പ്രധാന ചരിത്രസംഭവങ്ങള്‍ക്കും കാരണമായി മാറിയത്.

പരസ്പരം യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാരോട് പക്ഷംചേര്‍ന്നും കച്ചവടത്തിന് ഉടമ്പടികള്‍ ഉണ്ടാക്കിയും വലിയ കോട്ടകളും പണ്ടകശാലകളും കെട്ടിയും പട്ടാളത്തെ സംഘടിപ്പിച്ചും അവര്‍ മലബാറിനെ ചൊല്‍പ്പടിയില്‍ നിര്‍ത്തി. വാളും പരിചയും അമ്പും വില്ലും കുന്തവുമെല്ലാം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാര്‍ക്ക് വലിയ പീരങ്കികളുടെയും തോക്കുകളുടെയും ആധുനിക രീതികള്‍ അഭ്യസിച്ചിട്ടുള്ള പോര്‍ട്ടുഗീസ് പട്ടാളം പേടിസ്വപ്നമായി മാറി.

വ്യാപാരശാലകളുടെ സംരക്ഷണത്തിന് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ ഒരു വലിയ കോട്ട കെട്ടി. അതിന് അവരുടെ രാജാവിന്റെ ബഹുമാനാര്‍ഥം ഫോര്‍ട്ട് മാനുവല്‍ എന്നു നാമകരണം ചെയ്തു. 1503 സെപ്റ്റംബര്‍ 27ന് തറക്കല്ലിട്ട ഈ കോട്ടയാണ് ഇന്ത്യയില്‍ യൂറോപ്യന്മാര്‍ നിര്‍മ്മിച്ച ആദ്യകോട്ട. പിന്നീട് അവര്‍ കണ്ണൂരിലെ സെന്‍റ് ആന്‍ജലോ കോട്ട ഉള്‍പ്പെടെ മലബാറിന്റെ പലഭാഗത്തും കോട്ടകള്‍ പണിതു. കാലാകാലങ്ങളായി മലബാറില്‍ കച്ചവടത്തിലേര്‍പ്പെട്ടിരുന്ന അറബികളെ പിന്തള്ളി ആ രംഗം കൈയടക്കിയ പോര്‍ട്ടുഗീസുകാര്‍ കടലിന്റെ ആധിപത്യവും പിടിച്ചെടുത്തു.

ഗാമ വരുമ്പോള്‍ വടക്ക് കോലത്തിരി രാജ്യവും അതിനടുത്ത് കോഴിക്കോട്ടെ സാമൂതിരി രാജ്യവും മധ്യഭാഗത്ത് കൊച്ചിയും തെക്കേ അറ്റം വേണാടും ആയിരുന്നു കേരളത്തിലെ വലിയ രാജ്യങ്ങള്‍. ഇതുകൂടാതെ, ധാരാളം ചെറുകിട രാജാക്കന്മാരും പ്രഭുക്കന്മാരുടെ നാടുകളും ഉണ്ടായിരുന്നു. വലിയ രാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്ത് അധികാരം വിസ്തൃതമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മലബാര്‍ മുഴുവന്‍ പിടിച്ചടക്കി “കേരള ചക്രവര്‍ത്തി” ആകാന്‍ സാമൂതിരി ശ്രമംതുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു സാമൂതിരി (സാമൂതിരി എന്നത് തമ്പുരാന്റെ പൊതുപേരാണ്) അന്തരിച്ച് അടുത്ത ആള്‍ രാജാവ് ആകുമ്പോഴും ആ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു.

സാമൂതിരി വടക്ക് കോലത്തുനാടിനെയും മധ്യഭാഗത്തുള്ള കൊച്ചിയേയും സൈനികബലം കൊണ്ടു നിയന്ത്രിച്ച് തെക്കുള്ള വേണാട് (തിരുവിതാംകൂര്‍) പ്രദേശങ്ങള്‍ ആക്രമിച്ച് കേരള ചക്രവര്‍ത്തിയാകാന്‍ കാത്തിരിക്കുമ്പോഴാണ് പോര്‍ട്ടുഗീസുകാര്‍ എത്തിയത്. അവരിലൂടെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാമെന്നു കരുതിയാണ് സാമൂതിരി അവരുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചത്. പക്ഷേ സാമൂതിരിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് പിന്നീട് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയുമായി ഉടമ്പടി ഉണ്ടാക്കി. ക്രമേണ കൊച്ചിയുടെ ഭരണം തന്നെ പോര്‍ട്ടുഗീസുകാര്‍ നിയന്ത്രിക്കാന്‍ തുടങ്ങി. കൊച്ചിയില്‍ മാത്രമല്ല വടക്കേ അറ്റത്തുള്ള കോലത്തുനാട്ടില്‍ പോലും പോര്‍ട്ടുഗീസുകാര്‍ കോട്ട കെട്ടി വ്യാപാരം വിസ്തൃതമാക്കി.

അവരെ എതിര്‍ത്ത മലബാറിലെ നാവികപ്പടയുടെ മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോര്‍ട്ടുഗീസുകാര്‍ വധിച്ചു. മലബാറില്‍ വേരുറച്ച പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയുടെ ഗോവ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. എന്നാല്‍ നൂറുവര്‍ഷം കൊണ്ടു പോര്‍ട്ടുഗീസുകാരുടെ നടപടികളും ഭരണവും മലബാറിലെ ജനങ്ങള്‍ക്കു മടുത്തു.

അഴിമതിയും മതത്തില്‍ അവര്‍ പിന്തുടര്‍ന്ന നയവുമാണ് ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയാന്‍ പ്രധാന ഹേതുവായത്. ഈ സാഹചര്യത്തിലാണ് നെതര്‍ലന്‍ഡില്‍ നിന്ന് ഡച്ച് സംഘം മലബാറില്‍ കാലുകുത്തുന്നത്. പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും മലബാറില്‍ എത്തിയിട്ട് നൂറ്റിയാറ് വര്‍ഷങ്ങള്‍ക്കുശേഷം ഡച്ചുകാര്‍ എത്തുമ്പോള്‍ കേരളത്തിലെ ജനങ്ങളും രാജാക്കന്മാരും പോര്‍ട്ടുഗീസുകാരെ വെറുത്തു തുടങ്ങിയിരുന്നു.

ഡച്ചുകാരുടെ വരവ്

കൊച്ചിയുടെ അധികാരം നിയന്ത്രിക്കുന്ന പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ കൊടുങ്ങല്ലൂരില്‍ സാമൂതിരി രാജാവ് യുദ്ധത്തിന് ഏര്‍പ്പെട്ടിരുന്ന സമയത്താണ് നെതര്‍ലണ്ടില്‍ നിന്നും എത്തിയ ഡച്ച് സംഘം കോലത്തിരിയുടെ കണ്ണൂരിലെത്തിയത്. ഡച്ചുകാരുടെ വരവ് കേരളത്തിലെ രാജാക്കന്മാരെയും അറബികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരെയും സന്തോഷിപ്പിച്ചു. ഡച്ച് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നങ്കൂരമടിച്ച ഡച്ചുകാരെ സഹായിക്കാന്‍ അറബി കച്ചവടക്കാരെത്തി. സാമൂതിരി രാജാവിനെ കാണുകയാണ് തങ്ങളുടെ അഭിലാഷമെന്ന് ഡച്ച് സംഘം അറിയിച്ചു. അധികം താമസിയാതെ സാമൂതിരി രാജാവിന്റെ പ്രതിനിധികളുമെത്തി. സാമൂതിരി പോര്‍ട്ടുഗീസുകാരുമായുള്ള യുദ്ധരംഗത്താണെന്നും, കൊടുങ്ങല്ലൂരില്‍വച്ച് അദ്ദേഹത്തെ കാണാന്‍ സൗകര്യം ചെയ്തു കൊടുക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന് സന്തോഷമായി.

ഇതിനിടയില്‍ കണ്ണൂര്‍ കടലില്‍ പോര്‍ട്ടുഗീസ് അക്രമത്തിനെതിരെ ഡച്ചുകാര്‍ തിരിച്ചടി തുടങ്ങി. രണ്ട് യൂറോപ്യന്‍ ശക്തികളുടെ യുദ്ധരംഗം കാണാന്‍ കോലത്തിരി രാജാവ് ഉള്‍പ്പെടെ ധാരാളം പേര്‍ കടല്‍പ്പുറത്ത് എത്തി. പോര്‍ട്ടുഗീസുകാരുടേതു പോലെയുള്ള മുന്തിയ ആയുധങ്ങളാണ് ഡച്ചുകാരുടെയും കൈയിലുള്ളതെന്ന് അവര്‍ക്ക് മനസ്സിലായി. കണ്ണൂര്‍ കടല്‍ പോര്‍ക്കളമാക്കരുതെന്ന കോലത്തിരി രാജാവിന്റെ അഭ്യര്‍ഥന മാനിച്ച് ഡച്ചുകാര്‍ വെടിനിര്‍ത്തി. സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ പോര്‍ട്ടുഗീസുകാരും ഒടുവില്‍ പിന്തിരിഞ്ഞു. ഡച്ചുസംഘം സാമൂതിരിയെ കാണാനുള്ള യാത്ര തുടര്‍ന്നു. വഴിയില്‍ പോര്‍ട്ടുഗീസുകാര്‍ ആക്രമണവും ഡച്ചുകാര്‍ തിരിച്ചടിയും തുടരുന്നു.

അറബിക്കടലിലൂടെ നിങ്ങിയ ഡച്ച് സംഘം കൊടുങ്ങല്ലൂര്‍ കോട്ടയും തുറമുഖവും സ്ഥിതിചെയ്യുന്ന ചേറ്റുവാ ദ്വീപിലെത്തി. അവിടെയാണ് സാമൂതിരി രാജാവ് ക്യാമ്പ് ചെയ്യുന്നത്.

ചുങ്കം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 1604 നവംബര്‍ 11ന് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്‍ കടലില്‍ നിന്നും കരയ്ക്കെത്തി. തോക്കും വാളും ധരിച്ച ഇരുപത്തി അഞ്ചുപേര്‍ അഡ്മിറലിന് അകമ്പടി സേവിച്ചു. ആറു മലയാളികളെ ഉറപ്പിനായി ജാമ്യക്കാരായി ഡച്ച് കപ്പലുകളിലും സൂക്ഷിച്ചു. ഡച്ചുകാര്‍ സാമൂതിരി രാജാവിനെ കാണാന്‍ പോകുന്നതിന്റെ ആദരസൂചകമായി അവരുടെ കപ്പലുകളില്‍ നിന്നും വെടിശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.

അടുത്ത ദിവസമാണ് ഡച്ച് സംഘം സാമൂതിരി രാജാവിന്റെ മുന്നില്‍ എത്തിയത്. സമ്മാനങ്ങള്‍ കൈമാറുമ്പോള്‍ ആചാരവെടി ശബ്ദം ഉയര്‍ന്നു. 1604 നവംബര്‍ 11ന് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗനും സാമൂതിരി രാജാവും തമ്മില്‍ ഉടമ്പടി ഒപ്പുവച്ചു. സമനിലയില്‍ ഒരു ഇന്ത്യന്‍ രാജാവും ഡച്ചുകാരും തമ്മില്‍ ഒപ്പിടുന്ന ആദ്യത്തെ കരാര്‍ ആണിത്. പോര്‍ട്ടുഗീസുകാരെ മലയാളക്കരയില്‍ നിന്നു മാത്രമല്ല ഇന്ത്യയില്‍ നിന്നുതന്നെ പുറത്താക്കണമെന്നാണ് ഡച്ചുകാരോട് സാമൂതിരി ആവശ്യപ്പെട്ടത്.

Loading