ഡച്ചുകാരുടെ വരവോടുകൂടി, കേരളത്തിലെ യൂറോപ്യന്‍ ശക്തികളുടെ എണ്ണം രണ്ടായി. ആദ്യം എത്തിയ പോര്‍ട്ടുഗീസുകാര്‍ മുതല്‍ ഡച്ച് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്‍ സാമൂതിരി രാജാവുമായി കരാര്‍ ഒപ്പിടുന്നതു വരെയുള്ള 106 വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യവാണിജ്യരംഗത്ത് പല മാറ്റങ്ങളുമുണ്ടായി. പോര്‍ട്ടുഗീസുകാരുടെ വരവിനു മുന്‍പ് കേരളത്തിന്റെ വാണിജ്യബന്ധം അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ വഴിയായിരുന്നുവെങ്കില്‍ അത് പിന്നീട് യൂറോപ്പിലേക്കു വ്യാപിക്കുകയും ഉല്പന്നങ്ങള്‍ക്കു കൂടുതല്‍ വില ലഭിക്കാന്‍ സഹായകമാകുകയും ചെയ്തു.
അതോടൊപ്പം തന്നെ യൂറോപ്പിലുള്ള പല സാധനങ്ങളും കേരളത്തില്‍ പ്രചരിക്കാനും തുടങ്ങി. പോര്‍ട്ടുഗീസുകാര്‍ പുതിയ പള്ളികളും, കൊട്ടാരങ്ങളും നിര്‍മ്മിച്ചത് അവരുടെ വാസ്തുശില്പരീതിയിലായിരുന്നു. അത്, യൂറോപ്യന്‍ വാസ്തുശില്പരീതി കേരളത്തില്‍ പ്രചരിക്കുന്നതിനു സഹായകമായി. യുദ്ധരംഗത്താണ് വലിയ മാറ്റം ഉണ്ടായത്. അമ്പും വില്ലും കുന്തവും ആനയും കാലാള്‍പ്പടയും ഉപയോഗിച്ചായിരുന്നു കേരളീയ രാജാക്കന്മാര്‍ മുമ്പ് യുദ്ധം നടത്തിയിരുന്നത്.
പോര്‍ട്ടുഗീസുകാരുടെ തോക്കും പീരങ്കിയും വെടിമരുന്നും കുതിരയുമെല്ലാം തങ്ങളുടേതിനേക്കാള്‍ എത്രയോ ശക്തമാണെന്ന് രാജാക്കന്മാര്‍ക്കു മനസ്സിലായി. അതോടെ, തോക്ക് നിര്‍മ്മിക്കാനും ഉപയോഗിക്കാനും രാജാക്കന്മാര്‍ പടയാളികളെ പരിശീലിപ്പിക്കാന്‍ തുടങ്ങി.പോര്‍ട്ടുഗീസുകാര്‍ മതപഠനത്തിനായി ആരംഭിച്ച സെമിനാരികള്‍ വഴി പോര്‍ട്ടുഗീസ് ലത്തീന്‍ ഭാഷകളുമായി മലയാളത്തിനുള്ള സമ്പര്‍ക്കത്തിന് കാരണമായി.
കശുവണ്ടി, പുകയില, അത്തിക്ക, പേരയ്ക്ക, കൈതച്ചക്ക, പപ്പായ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്നത് പോര്‍ട്ടുഗീസുകാരാണ്. പക്ഷേ, പോര്‍ട്ടുഗീസുകാരുടെ മതനയവും അതില്‍ നിന്നുണ്ടായ ഭിന്നിപ്പുകളും ഉദ്യോഗസ്ഥരുടെ അഴിമതിയുമെല്ലാം ജനങ്ങളില്‍ അവരോട് എതിര്‍പ്പും, വെറുപ്പും സൃഷ്ടിച്ചു. പരസ്പരം ശത്രുക്കളായിരുന്ന കേരളീയ രാജാക്കന്മാര്‍ക്ക് എല്ലാവര്‍ക്കും തന്നെ പോര്‍ട്ടുഗീസുകാരോട് വിദ്വേഷം തോന്നിയ സമയത്താണ് ഡച്ചുകാരുടെ ആഗമനം.
ഡച്ചുകാര്‍ വരുമ്പോഴും കേരളത്തിലെ രാഷ്ട്രീയസ്ഥിതി ഏതാണ്ട് പോര്‍ട്ടുഗീസുകാര്‍ വരുമ്പോഴത്തെ പോലെ തന്നെയായിരുന്നു. ആ സമയത്തും കേരളത്തില്‍ പ്രധാനമായും നാലു വലിയ രാജാക്കന്മാരും, അവരുടെ സാമന്തന്മാരും, ഇതുകൂടാതെ സ്വതന്ത്രാധികാരമുള്ള ചെറിയ ചെറിയ നാട്ടുരാജ്യങ്ങളും മാത്രമാണുണ്ടായിരുന്നത്.
ഇംഗ്ലീഷുകാര്‍ കേരളക്കരയില്‍
1613ന്റെ ആരംഭത്തില്‍ സൂററ്റില്‍ ഒരു കോട്ട കെട്ടാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ജഹാംഗീര്‍ ചക്രവര്‍ത്തി അനുവാദം നല്‍കിയതോടെ അവര്‍ക്ക് ഇന്ത്യയില്‍ ഭാഗ്യനക്ഷത്രം ഉദിച്ചു. ഈ സമയത്ത് ഡച്ചുകാര്‍ ഇന്ത്യയുടെ ചില ഭാഗത്ത് ഫാക്ടറികള്‍ സ്ഥാപിച്ചിരുന്നു.
ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തരുതെന്ന് ഡച്ചുകാരും പോര്‍ട്ടുഗീസുകാരും ഒരുപോലെ ആഗ്രഹിച്ചുവെങ്കിലും 1616 മാര്‍ച്ച് നാലിന് ക്യാപ്റ്റന്‍ കിലിംങിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് കപ്പല്‍വ്യൂഹം കോഴിക്കോട്ടെത്തി. അതിലൊന്നിലാണ് സര്‍ തോമസ് റോ ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിലെ രാജാവ് ജെയിംസ് ഒന്നാമന്റെ പ്രതിനിധിയായി മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരത്തില്‍ സ്ഥാനപതിയാകാനാണ് അദ്ദേഹം വന്നിരിക്കുന്നത്. സാമൂതിരിയുമായി ക്യാപ്റ്റന്‍ കിലിങ് സംഭാഷണം നടത്തി. അങ്ങനെ, പോര്‍ട്ടുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും പുറമേ കേരളത്തിലേക്ക് മൂന്നാമത്തെ യൂറോപ്യന്‍ ശക്തിയുടെ കൂടി പ്രവേശനത്തിന്റെ തുടക്കമായി.
ഡച്ചുകാര്‍ക്കു നല്‍കിയതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങളാണ് സാമൂതിരി ഇംഗ്ലീഷുകാര്‍ക്ക് വാഗ്ദാനം ചെയ്തത്. പോര്‍ട്ടുഗീസുകാരുടെ വകയായ കൊടുങ്ങല്ലൂര്‍ കോട്ട പിടിച്ചെടുത്താല്‍ അത്ഇംഗ്ലീഷുകാര്‍ക്ക് നല്‍കാമെന്നു പോലും സാമൂതിരി സമ്മതിച്ചു. സാമൂതിരിയും കിലിങും ഉടമ്പടി ഒപ്പുവച്ചു. പൊന്നാനിയിലും കോഴിക്കോട്ടും പണ്ടകശാല തുറക്കാന്‍ ഏതാനും പേരെ നിര്‍ത്തിയശേഷം ഇംഗ്ലീഷ് കപ്പലുകള്‍ തിരിച്ചുപോയി. പോര്‍ട്ടുഗീസുകാരെ തുരത്താന്‍ ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് സാമൂതിരി ഇങ്ങനെ ചെയ്തത്.
1625ല്‍ ഇംഗ്ലണ്ടിലെ രാജാവ് ജെയിംസ് ഒന്നാമനും, 1627ല്‍ ഇന്ത്യയിലെ പ്രതാപശാലിയായ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറും അന്തരിച്ചു. ഇതേത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമനും അവിടത്തെ പാര്‍ലമെന്‍റും തമ്മിലുള്ള ശീതസമരം രൂക്ഷമായിരുന്നു. ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ നേരിടുന്നത് കുടുംബപ്രശ്നങ്ങളാണ്. പുതിയ സാഹചര്യം കച്ചവടകേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാന്‍ ഡച്ചുകാര്‍ക്കും, ഇംഗ്ലീഷുകാര്‍ക്കും സഹായകരമായി. ഈ സമയം പോര്‍ട്ടുഗീസ് ശക്തി ഇന്ത്യയില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
കുരുമുളക് വ്യാപാരം
പോര്‍ട്ടുഗീസുകാരെ അമര്‍ച്ച ചെയ്ത് മലബാറിലെ കുരുമുളകു കുത്തകയുടെ ആധിപത്യം കരസ്ഥ മാക്കുകയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം. 1645ല്‍ പോര്‍ട്ടുഗീസ് സ്പെയിനിന്റെ ഭാഗമായിരുന്നു. അതോടെയാണ് പോര്‍ച്ചുഗലിന്റെ ശക്തിക്ഷയം തുടങ്ങിയത്. എന്നാല്‍, ഇതിനിടയിലാണ് സ്പാനിഷ് ആധിപത്യത്തില്‍ നിന്നും പോര്‍ട്ടുഗീസ് മോചനം പ്രാപിച്ച വാര്‍ത്ത ഇന്ത്യയിലെത്തിയത്. അത് ഡച്ചുകാരെ നിരാശപ്പെടുത്തിയെങ്കിലും ഗോവ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി അവര്‍ മുന്നോട്ടുപോയി.
1639ല്‍ ഡച്ചുകാര്‍ ഗോവ നോട്ടമിട്ടു തുടങ്ങിയതാണെങ്കിലും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അവരുടെ ശ്രദ്ധാകേന്ദ്രം സിലോണ്‍ ആയി. അവിടെ നിന്നും പോര്‍ട്ടുഗീസുകാരെ തുരത്തിയാല്‍ അവരുടെ ഇന്ത്യന്‍ വ്യാപാരത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് ഡച്ചുകാര്‍ കണക്കുകൂട്ടി.
ഈ സമയത്ത്, കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വേണാട്ടിലെ സംഭവവികാസങ്ങള്‍ ഡച്ചുകാരില്‍ ആശങ്കയുണര്‍ത്തി. വിജയനഗര സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ ശക്തരായിത്തീര്‍ന്ന മധുരയിലെ തിരുമലനായിക്കന്റെ വേണാട് ആക്രമണവും മധുരപ്പടയെ തടുക്കാന്‍ ഇറങ്ങിത്തിരിച്ച ഇരവിക്കുട്ടിപ്പിള്ളയുടെ അന്ത്യവും ഈ കാലഘട്ടത്തിലായിരുന്നു (1634). നായ്ക്കന്റെ ആക്രമണം കാരണം നാഞ്ചിനാട് പ്രദേശങ്ങള്‍ അനാഥമായി. ഒരു വ്യാപാരശാല (ഫാക്ടറി) സ്ഥാപിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വേണാട് രാജാവ് രവിവര്‍മ്മയെ സമീപിച്ചത് ഈ സമയത്താണ്. 1644ല്‍ വിഴിഞ്ഞത്ത് സ്ഥാപിച്ച ഈ ഇംഗ്ലീഷ് വ്യാപാരശാല ഡച്ചുകാരുടെ ഉറക്കം കെടുത്തി.
ഡച്ചുകാര്‍ മലബാറില്‍ കുരുമുളകു വ്യാപാരം വ്യാപകമാക്കുന്നതു മനസ്സിലാക്കിയ പോര്‍ട്ടുഗീസുകാര്‍ അത് നിരുത്സാഹപ്പെടുത്താന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചു. അതിലൊന്ന് കുരുമുളകിന്റെ വില കൂട്ടുക എന്നതായിരുന്നു. പക്ഷേ ഇത്തരം തന്ത്രങ്ങളൊന്നും ഡച്ചുകാര്‍ വകവച്ചില്ല. ഇതിനിടയില്‍ പോര്‍ട്ടുഗീസുകാരുടെ മതനയം ക്രിസ്ത്യന്‍ മതക്കാരില്‍ ഒരു വിഭാഗം പേരെ അസംതൃപ്തരാക്കി കൊണ്ടിരിക്കുകയാണ്. കേരളക്കരയിലെ എല്ലാ ക്രൈസ്തവ സഭകളെയും ലത്തീന്‍ സഭക്കാരാക്കാനുള്ള നീക്കമാണ് ഇതിനു കാരണം. ക്രിസ്ത്യന്‍ സമുദായത്തില്‍ പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ ഉണ്ടായ ഈ ഭിന്നിപ്പ് ഡച്ചുകാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കും ഗുണകരമാകുന്നു. അതിനിടയിലാണ് കൂനന്‍ കുരിശ് കലാപം ഉണ്ടായത്.