കന്യാകുമാരിയില്‍ നിന്നും വടക്കോട്ട് ആക്രമിക്കാനും കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം എന്നീ കോട്ടകള്‍ പിടിച്ചെടുക്കാനും ഡച്ചുകാര്‍ പുതിയ പദ്ധതി തയ്യാറാക്കി വാന്‍ഗുണ്‍സിന് ആയിരുന്നു ഇതിന്റെ ചുമതല നല്കിയത്. ഡച്ചുകാരുടെ കിഴക്കന്‍ ഭാഗത്തെ എല്ലാ സൈനികശക്തികളോടും മലബാര്‍ ആക്രമണത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്കി.

ബറ്റേവിയയിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് (Nieuhoff) മസൂലിപ്പട്ടണത്തുനിന്നും പുലിക്കോട് എത്തിയപ്പോഴാണ് മലബാറില്‍ നിന്നും ഒരു ചെറുകപ്പല്‍ ക്യാപ്റ്റന്‍ ന്യൂഹാഫിന് സന്ദേശവുമായി അവിടെ എത്തിയത്. ഹോളണ്ടില്‍ നിന്നും യുദ്ധകപ്പലുകളും ഭടന്മാരും പുറംകടലില്‍ എത്തിയിട്ടുണ്ടെന്നും എല്ലാ പരിപാടികളും റദ്ദ് ചെയ്ത് മലബാറിലേയ്ക്ക് തിരിയ്ക്കാനുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

ബറ്റേവിയയിലേയ്ക്ക് കൊണ്ടുപോകാന്‍ വാങ്ങിയ സാധനങ്ങള്‍ താഴെ ഇറക്കിവച്ചശേഷം കപ്പല്‍ വ്യൂഹവുമായി കൊല്ലത്തേയ്ക്ക് തിരിച്ചു. വലിയ പീരങ്കികളുമായി എത്തിയ ഡച്ചുസൈന്യവും നായര്‍ ഭടന്മാരും തമ്മില്‍ ഏറ്റുമുട്ടി. ഡച്ചുകാരുടെ വെടിയേറ്റ് പലരും മരിച്ചു. കോട്ടയ്ക്കകത്തുണ്ടായിരുന്ന പോര്‍ട്ടുഗീസ് ആയുധങ്ങള്‍ ഡച്ചുകാര്‍ പിടിച്ചെടുത്തു. അതിനുശേഷം ഡച്ച് സൈന്യം കൊല്ലം പട്ടണത്തിലേയ്ക്ക് മാര്‍ച്ച് ചെയ്തു. യാത്രാമധ്യേ ചെറിയ കോട്ടകളില്‍ നിന്നും ഡച്ച് സൈന്യത്തിനുനേരെ വെടിവയ്പുണ്ടായി. പക്ഷെ ഡച്ചുസൈന്യം ധീരമായി മുന്നേറി.

പോര്‍ട്ടുഗീസ് ക്യാപ്റ്റന്‍ റോഡ്റിഗ്സ് പണിയിച്ച കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന പോര്‍ട്ടുഗീസ് പതാക മാറ്റിയശേഷം ഡച്ച് സൈന്യം മുന്നേറി. പോകുന്ന വഴിയിലെല്ലാം അവര്‍ നാശനഷ്ടങ്ങളുണ്ടാക്കി ആളുകളെ ഭയപ്പെടുത്തി. പിച്ചള കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ചിരുന്ന മാര്‍ത്താണ്ഡേശ്വരം (Matta del Reyne) എന്ന ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നില്‍ പട്ടാളക്കാര്‍ തീയിട്ടു. അതോടെ ക്ഷേത്രം തീക്കുണ്ഡമായി പൊട്ടിത്തെറിച്ചു. ആളുകള്‍ ഭയന്നോടി. ചിലര്‍ കാടുകളില്‍ അഭയം പ്രാപിച്ചു.

ന്യൂഹാഫ് (Nieuhoff)

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ പ്രതിനിധികളില്‍ ചിലര്‍ സമാധാനാഭ്യര്‍ഥനയുമായി എത്തി. അങ്ങനെ ഒരിക്കല്‍ കൈവിട്ടുപോയ കൊല്ലം ഡച്ചുകാര്‍ക്ക് തിരിച്ചുകിട്ടി. ഈ വിജയം കൊച്ചിയെ ആക്രമിക്കാന്‍ അവര്‍ക്ക് ധൈര്യം നല്കി. 11 കപ്പലോടുകൂടി വാന്‍ഗുണ്‍സ് കൊടുങ്ങല്ലൂരിലേയ്ക്ക് പോയി. ഇടയ്ക്ക് കൂടുതല്‍ കപ്പലുകള്‍ എത്തി സംഘത്തോട് ചേര്‍ന്നു. ഇതില്‍ മൂന്ന് കപ്പലുകളെ കൊച്ചിയില്‍ നിര്‍ത്തി. 1662 ജനുവരിയില്‍ ഡച്ച് സംഘം അഴിക്കോട് എത്തി. അവിടെ സാമൂതിരിയും കൊടുങ്ങല്ലൂര്‍ രാജാവും ഡച്ചുകാരെ കാത്തുനിന്നിരുന്നു.

പോര്‍ട്ടുഗീസുകാര്‍ ആക്രമണം തുടങ്ങിയെങ്കിലും ഡച്ചുകാര്‍ സമര്‍ഥമായി കരയ്ക്കിറങ്ങി. നേരത്തെ തന്നെ തോക്കുകളും പീരങ്കികളും അവര്‍ വള്ളത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. ഇതില്‍ രണ്ട് പിച്ചള പീരങ്കിയും ഉണ്ടായിരുന്നു. ഡച്ചുകാര്‍ വളരെ വേഗം യുദ്ധസജ്ജീകരണങ്ങള്‍ നടത്തി. കരയില്‍ നിന്നും പുഴയില്‍ നിന്നും കോട്ട ഉപരോധിക്കുകയായിരുന്നു ഡച്ചുകാരുടെ തന്ത്രം. പോര്‍ട്ടുഗീസുകാരുടെ തോക്കുകള്‍ നിരന്തരം ഗര്‍ജിച്ചുകൊണ്ടിരുന്നു. അതിലെ ഉണ്ടകള്‍ പല ഡച്ച് ഭടന്മാരേയും ജീവഹാനി വരുത്തി.

ഡച്ച് പട്ടാളക്കാര്‍ പോര്‍ട്ടുഗീസുകാരാണെന്ന വ്യാജേന കോട്ടയുടെ ചില ഭാഗങ്ങളില്‍ കടന്നുകൂടി. ഇതിനുശേഷം ഘോരമായ യുദ്ധം നടന്നു. 1662 ജനുവരി 15ന് കൊടുങ്ങല്ലൂര്‍ കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തു. കൊച്ചിയിലെ മന്ത്രിസ്ഥാനമായ ‘പാലിയത്തച്ചന്‍’ പദവി അലങ്കരിച്ചതും വൈപ്പ് എന്ന ദ്വീപിന്റെ പ്രഭുവുമായ കോമിമേനോന്‍ കൊടുങ്ങല്ലൂര്‍ കോട്ടയുടെ ദുര്‍ബലവശങ്ങള്‍ ഡച്ചുകാര്‍ക്ക് രഹസ്യമായി നല്കി എന്നും, അതാണ് അവരുടെ വിജയത്തിന് വഴിതെളിച്ചതെന്നും അഭിപ്രായം ഉണ്ട്. ഒരുവര്‍ഷം മുമ്പ് പാലിയത്തച്ചന്‍ ഡച്ചുകാരെ കണ്ട് ചില രഹസ്യക്കരാറുണ്ടാക്കിയിരുന്നതായും പറയുന്നു.

കൊച്ചി

1662 ഒക്ടോബര്‍ 25ന് പതിനൊന്ന് പടകപ്പലുകള്‍ ബറ്റേവിയയില്‍ നിന്നും മലബാറിലേയ്ക്കും പുറപ്പെടാ൯ തീരുമാനിച്ചു . ഇതിലെ ആദ്യ സംഘം നവംബറില്‍ പള്ളിപ്പുറത്ത് എത്തി പീരങ്കികള്‍ നിരത്തി തുടങ്ങി. പിന്നീട് വൈപ്പിന്‍ ദീപിലേയ്ക്ക് നീങ്ങിയ ഡച്ചുസൈന്യത്തെ സഹായിയ്ക്കാന്‍ വാന്‍ഗുണ്‍സിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പട്ടാളക്കാര്‍ സിലോണില്‍ നിന്ന് എത്തി. ഇതിനിടയില്‍ പുറക്കാട് രാജാവ് നായര്‍ പടയാളികളുമായി പോര്‍ട്ടുഗീസുകാരേയും സഹായിയ്ക്കാനെത്തി.

1663 ജനുവരി 6ന് കൊച്ചി കോട്ട ഡച്ചുകാര്‍ക്ക് അധീനമായി. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും തമ്മില്‍ ഉടമ്പടികള്‍ ഒപ്പുവച്ചു. അതോടെ കോട്ടയ്ക്കകത്തുണ്ടായിരുന്ന പോര്‍ട്ടുഗീസുകാര്‍ കൂട്ടത്തോടെ കപ്പലുകളില്‍ കയറി ഗോവയ്ക്ക് പുറപ്പെട്ടു. പട്ടാളക്കാര്‍ ഡച്ചുകാരുടെ മുമ്പില്‍ ആയുധം താഴെ വച്ചശേഷമാണ് യാത്ര പുറപ്പെട്ടത്.

അതിനുശേഷം പുതിയ കൊച്ചിരാജാവിനെ വാഴിയ്ക്കല്‍ ചടങ്ങ് നടന്നു. ഇതിനുവേണ്ടി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുദ്രയുള്ള സ്വര്‍ണകിരീടവും പീഠവും നിര്‍മ്മിച്ചു. കിരീടധാരണ ദിവസം ഡച്ചുകാര്‍ ആഘോഷപൂര്‍വ്വം സംഭവസ്ഥലത്ത് എത്തി. നിയുക്തരാജാവിനെ പീഠത്തില്‍ ഇരുത്തിയശേഷം വാന്‍ഗുഡ് തന്നെയാണ് കിരീടം എടുത്ത് കേരളവര്‍മ്മയുടെ തലയില്‍ വച്ചുകൊടുത്തത്. അപ്പോള്‍ ആചാരവെടികളും ആര്‍പ്പുവിളികളുംകൊണ്ട് അന്തരീക്ഷം മുഖരിതമായി.

കിരീടധാരണത്തിനുശേഷം പരിവാരസമേതം എഴുന്നള്ളിയ കൊച്ചിരാജാവും ഡച്ചുകാരും തമ്മില്‍ പുതിയ ഉടമ്പടി ഉണ്ടാക്കി. ബറ്റേവിയയിലെ ഗവര്‍ണര്‍ ജനറലാല്‍ നിയോഗിക്കപ്പെട്ട അഡ്മിറല്‍ റിക്ലാഫ് വാന്‍ഗൂണ്‍സും കൊച്ചിരാജാവ് ചാഴിയൂര് വകയില്‍ മൂത്ത തായ് വഴിയിലെ വീരകേരള സ്വരൂപവും അനന്തരവരും ആയിട്ട് എന്നന്നേയ്ക്കും ചേര്‍ന്നു ചെല്ലത്തക്കവണ്ണം വച്ച് വയ്പ്’ എന്നാണ് കരാറിന്റെ മുഖവരയില്‍ പറഞ്ഞിട്ടുള്ളത്.

17 വ്യവസ്ഥകളുള്ള ഈ കരാറാണ് കൊച്ചിയുടെ ഭരണം നിയന്ത്രിയ്ക്കാനും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വേരോട്ടം ഉണ്ടാക്കാനും ഡച്ചുകാര്‍ക്ക് സഹായം ലഭിച്ചത്. കൊച്ചി കൈയ്യില്‍ കിട്ടിയതോടെ ഡച്ചുകാരുടെ ശക്തിയും പ്രതാപവും ഉയര്‍ന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധമുള്ള രാജാക്കന്മാര്‍ പോലും മാറി ചിന്തിയ്ക്കാന്‍ തുടങ്ങി. പുറക്കാട്, പറവൂര്‍, ആലങ്ങാട്, ഇടപ്പള്ളി എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ ഡച്ചുകാരുമായി ഉടമ്പടി ഉണ്ടാക്കി മേല്‍ക്കോയ്മ സ്വീകരിച്ചു.

1674 സെപ്തംബറില്‍ ഉണ്ടാക്കിയ മറ്റൊരു ഉടമ്പടി വഴി ഡച്ചുകാരാല്‍ നിയമിതനായ ഗുമസ്തനെ കൊണ്ടേ കൊച്ചിരാജ്യത്തിലെ വരവുചെലവ് കണക്കുകള്‍ എഴുതാവൂ എന്ന് തീരുമാനിച്ചു. രാജാവിനും ഇളംമുറ തമ്പുരാക്കന്മാര്‍ക്കും ചെലവിനുള്ള തുക നിശ്ചയിക്കുന്നത് ഡച്ചുകാരായി. പ്രധാന ഇടപ്രഭുക്കന്മാരുമായി കരാര്‍ ഉണ്ടാക്കിയതോടെ കൊച്ചിയിലെ രാഷ്ട്രീയാധികാരം ഡച്ചുകാരുടെ നിയന്ത്രണത്തിലായി.

കൊച്ചി ഡച്ചുകാരുടെ അധീനതയില്‍ വന്നെങ്കിലും സാമൂതിരിയുംകൊച്ചിരാജാവും തമ്മിലുള്ള ശത്രുതയ്ക്ക് കുറവ് വന്നില്ല. രണ്ടുരാജ്യങ്ങളും കൂടെ കൂടെ ആക്രമണങ്ങള്‍ തുടര്‍ന്നു. 1689ല്‍ ചാഴൂര്‍ ശാഖയില്‍ നിന്നും കൊച്ചി രാജകുടുംബത്തിലേയ്ക്ക് ഏതാനും അംഗങ്ങളെ ദത്ത് എടുക്കാന്‍ തീരുമാനിച്ചത് ആഭ്യന്തര കലഹത്തിന് വഴിയൊരുക്കി. ദത്ത് എടുക്കലിനെ എതിര്‍ത്ത പറവൂര്‍, മങ്ങാട്, കരപ്പുറം എന്നിവിടങ്ങളിലെ സാമന്തന്മാര്‍ കൊച്ചി രാജാവുമായി യുദ്ധത്തിന് ഒരുങ്ങി. വെട്ടത്ത് നാട്ടില്‍നിന്നും ദത്ത് എടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

വെട്ടം യുദ്ധം

തര്‍ക്കം ഘോരയുദ്ധമായി. സൂത്രശാലിയായ സാമൂതിരി അവസരം പാഴാക്കിയില്ല. ഡച്ചുകാരോട് ഒത്ത് അദ്ദേഹം കൊച്ചിയെ സഹായിക്കാനെത്തി. ‘വെട്ടം യുദ്ധം’ എന്ന് ഇത് അറിയപ്പെടുന്നു. വെട്ടം കക്ഷികളെ തോല്പിച്ചശേഷം ഡച്ചുകാര്‍ ചേറ്റുവാ പ്രദേശം സാമൂതിരിയ്ക്ക് കൊടുത്തു. സാമൂതിരിയുമായി വ്യാപാരബന്ധം ഉണ്ടാക്കുക, ഇംഗ്ലീഷുകാരെ സാമൂതിരിയില്‍ നിന്നും അകറ്റുക തുടങ്ങിയവയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം. ചേറ്റുവാ വിട്ടുകൊടുത്തത് കൊച്ചിരാജാവിന് ഈര്‍ഷ്യ ഉണ്ടാക്കിയെങ്കിലും അദ്ദേഹം ഡച്ചുകാരെ ഭയന്ന് തല്‍ക്കാലം മിണ്ടിയില്ല. ഇതിനുശേഷവും കൊച്ചിയും സാമൂതിരിയും തമ്മിലുള്ള ഉരസല്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഇംഗ്ലീഷുകാര്‍ക്ക് ആറ്റിങ്ങല്‍ റാണി നല്കിയ അഞ്ചുതെങ്ങിലെ കോട്ടയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡച്ചുകാരെ സ്വൈര്യം കെടുത്തുന്ന നടപടിയാണിത്. അഞ്ചുതെങ്ങ് കോട്ട പൂര്‍ത്തിയായാല്‍ അത് അവരുടെ കേരളത്തിലെ വലിയ വാണിജ്യകേന്ദ്രമാകുമെന്ന് ഡച്ചുകാര്‍ കണക്കുകൂട്ടി. പക്ഷെ ഒരാക്രമണത്തിന് ഡച്ചുകാര്‍ തയ്യാറായില്ല. 1695ല്‍ അഞ്ചുതെങ്ങ് കോട്ട പൂര്‍ത്തിയായി. ഡച്ചുകാര്‍ ഭയപ്പെട്ടതുപോലെ അത് ഇംഗ്ലീഷുകാരുടെ കേരളത്തിന്റെ ഭാഗ്യവാതില്‍ ആയി മാറി.

1716ല്‍ സാമൂതിരിയുമായി യുദ്ധത്തിന് ഡച്ചുകാര്‍ നടപടി തുടങ്ങി. സാമൂതിരിയെക്കാള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷുകാരോടായിരുന്നു ഡച്ചുകാരുടെ വൈരാഗ്യം. ബറ്റേവിയ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം യുദ്ധവിദഗ്ദ്ധന്മാരും പടക്കപ്പലുകളും പടയാളികളും മലബാറിലെത്തിക്കൊണ്ടിരുന്നു. കോഴിക്കോട്ട് കടപ്പുറത്ത് ഡച്ച് കപ്പലുകള്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഇതിനിടയില്‍ ഇംഗ്ലീഷ് കൊടിനാട്ടിയ ഒരു കപ്പലിനെ ഡച്ചുകാര്‍ പിടിച്ചെടുത്തു. കൊച്ചിരാജാവും ഡച്ചുകാരും കൂടി നടത്തിയ ആ ശ്രമത്തില്‍ സാമൂതിരിയ്ക്ക് വന്‍നാശനഷ്ടം ഉണ്ടായി. ചേറ്റുവായും പാപ്പിനിവട്ടവും ഡച്ചുകാര്‍ പിടിച്ചെടുത്തു. ഡച്ചുകാര്‍ക്ക് എതിരെ ഇംഗ്ലീഷുകാര്‍ രംഗത്തുവന്നില്ല. ഇതോടെ സന്ധി സംഭാഷണത്തിന് സാമൂതിരിയുടെ മധ്യസ്ഥന്മാര്‍ എത്തി. പുതിയ കരാര്‍ പ്രകാരം ചേറ്റുവാ ദ്വീപ് ഡച്ചുകാര്‍ക്ക് ലഭിച്ചു എന്നു മാത്രമല്ല യുദ്ധനഷ്ടപരിഹാരവും നല്കാന്‍ സാമൂതിരി നിര്‍ബന്ധിതനായി.

85000 സ്വര്‍ണ്ണനാണയമായിരുന്നു സാമൂതിരി നഷ്ടപരിഹാരമായി നല്കേണ്ടിയിരുന്നത്. ചേറ്റുവാ കോട്ട ചതിയിലൂടെ പിടിച്ച സാമൂതിരി പക്ഷത്തുള്ള ധര്‍മ്മോത്ത് പണിക്കരെ പിരിച്ചുവിടാനും അയാളുടെ സ്വത്ത് കണ്ടുകെട്ടി കമ്പനിയ്ക്ക് നല്കാനും കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ കരാറിലൂടെ ഡച്ചുകാര്‍ കേരളത്തിലെ അജയ്യശക്തിയായി മാറി.

Loading