ചേറ്റുവായില്‍ ഉണ്ടായ വിജയവും അതുവഴി സാമൂതിരിയിലുണ്ടായ സ്വാധീനവും ഡച്ചുകാരെ കേരളം മുഴുവന്‍ തങ്ങളുടെ ചൊല്പടിക്കു നിര്‍ത്താനുള്ള മോഹം ഉണ്ടാക്കി. കൊച്ചിയിലേതുപോലെ മറ്റ് രാജ്യങ്ങളിലും രാഷ്ട്രീയ അധികാരം വേണമെന്ന് അവര്‍ കണക്കുകൂട്ടി. ഇതിനുള്ള പ്രധാന കാരണങ്ങള്‍ കേരളത്തിന്റെ വടക്കും, തെക്കും ഉയര്‍ന്നുവരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിയാണ്. തലശ്ശേരിയില്‍ അവര്‍ കോട്ട കെട്ടി അവിടങ്ങളിലെ പല നാടുകളുമായി കച്ചവടബന്ധം സ്ഥാപിച്ചുകഴിഞ്ഞു. തെക്ക് ആറ്റിങ്ങല്‍ അഞ്ചുതെങ്ങ് കോട്ടകെട്ടി വ്യാപാരം ശക്തമാക്കി. അഞ്ചുതെങ്ങ് കോട്ട അവരുടെ പ്രധാന വാണിജ്യകേന്ദ്രമായി കഴിഞ്ഞു. ഇപ്പോള്‍ സൈനികകേന്ദ്രവും കൂടിയാണിത്. വിഴിഞ്ഞത്തും ഇംഗ്ലീഷുകാര്‍ക്ക് വ്യാപാരകേന്ദ്രം ഉണ്ട്. ഡച്ചുകാരെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം ഫ്രഞ്ചുകാരുടെ കേരളത്തില്‍ കടക്കാനുള്ള ശ്രമമാണ്. പുതുശ്ശേരി (പോണ്ടിച്ചേരി)യില്‍ നിന്നാണ് അവര്‍ കേരളത്തിലേയ്ക്ക് നോട്ടമിടുന്നത്.

ചേറ്റുവായിലെ വിജയത്തോടെ കമ്പനിയുടെ ശക്തി മറ്റ് നാട്ടുരാജ്യങ്ങളെ അറിയിയ്ക്കാന്‍ പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലേയ്ക്ക് ഡച്ചുകാര്‍ ദൗത്യസംഘങ്ങളെ അയച്ചു. മൊത്തത്തില്‍ കേരളം മുഴുവന്‍ തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവന്നാലേ ഇംഗ്ലീഷുകാരെ ഓടിക്കാനും, ഇവിടേയ്ക്ക് എത്താന്‍ വെമ്പല്‍കൊള്ളുന്ന ഫ്രഞ്ചുകാരുടെ ശ്രമം തകര്‍ക്കാനും കഴിയൂ എന്ന ചിന്താഗതിയായിരുന്നു ഡച്ചുകാര്‍ക്ക് ഉണ്ടായിരുന്നത്.

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വേണാട് രാജാവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ യോഗക്കാരും പിള്ളമാരും തമ്മിലുള്ള തര്‍ക്കവും രൂക്ഷമാകുന്നു. ഇതിനിടയിലാണ് 1721ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കലാപം (ആറ്റിങ്ങല്‍ കലാപം) ഉണ്ടായത്. അഞ്ചുതെങ്ങ് കോട്ടയിലെ മേധാവിയായ ഗിഫോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ നാട്ടുകാരില്‍ ദേഷ്യം സൃഷ്ടിച്ചിരുന്നു. അതേസമയം ആണ്ടുതോറും അവര്‍ ആറ്റിങ്ങല്‍ റാണിയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആഘോഷപൂര്‍വ്വം കൊടുത്തയച്ച് സന്തോഷിപ്പിച്ചിരുന്നു.

വേണാട് രാജാവിനെ എതിര്‍ക്കുന്ന പിള്ളമാരുടെ പ്രതിനിധികള്‍ റാണിയ്ക്കുള്ള സമ്മാനങ്ങള്‍ തങ്ങള്‍ വഴി നല്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഗിഫോര്‍ട്ട് അത് തള്ളിക്കളഞ്ഞു. ഇതേത്തുടര്‍ന്ന് സമ്മാനങ്ങളുമായി പുറപ്പെട്ട സംഘത്തെ പിള്ളമാരുടേയും നാട്ടുകാരുടേയും സംഘം ആക്രമിച്ച് ആള്‍നാശം വരുത്തി. അഞ്ചുതെങ്ങ് കോട്ട കലാപക്കാരുടെ ഉപരോധത്തിലായി. പിന്നീട് തലശ്ശേരിയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് രംഗം ശാന്തമാക്കിയത്. ആറ്റിങ്ങല്‍ കലാപം ഇംഗ്ലീഷുകാര്‍ക്ക് ആള്‍നാശം ഉണ്ടാക്കിയെങ്കിലും ഫലത്തില്‍ അവര്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ കൂടി സമ്മാനിച്ചു.

ഈ കലാപത്തിനുശേഷം റാണിയും ഇംഗ്ലീഷുകാരും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രധാനമാണ്. ഇംഗ്ലീഷുകാര്‍ക്ക് ഉണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാനും, കലാപകാരികളെ ശിക്ഷിയ്ക്കുന്നതിനും കുരുമുളക് വ്യാപാരത്തിന്റെ കുത്തക നല്കാനും, കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. ഇതുകൂടാതെ ആറ്റിങ്ങലില്‍ എവിടേയും വ്യാപാരകേന്ദ്രം സ്ഥാപിക്കാന്‍ അനുവാദം നല്കി. കലാപത്തില്‍ തകര്‍ന്ന പള്ളി പുതുക്കി പണിയാന്‍ തടി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ റാണി നല്കി. ആറ്റിങ്ങല്‍ റാണിയില്‍ നിന്നു മാത്രമല്ല, തിരുവിതാംകൂര്‍ (വേണാട്), കൊല്ലം (ദേശിംഗനാട്) രാജ്യങ്ങളില്‍ നിന്നുള്ള സഹായവും പിന്തുണയും ഇതിനുശേഷം ഇംഗ്ലീഷുകാര്‍ക്ക് കിട്ടി.

മാര്‍ത്താണ്ഡവര്‍മ്മ

ദക്ഷിണ കേരളത്തിലും മധ്യകേരളത്തിലും ആഭ്യന്തരകലഹങ്ങള്‍ കലശലായിരുന്ന കാലമായിരുന്നു അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1729ല്‍ തിരുവിതാംകൂര്‍ (വേണാട്) സിംഹാസനത്തിലെത്തിയത്. രാജകുടുംബത്തിലെ അവകാശതര്‍ക്കങ്ങള്‍ മാത്രമല്ല, യോഗക്കാരുടേയും പിള്ളമാരുടേയും മറ്റ് പ്രഭുക്കന്മാരുടേയും (എട്ടുവീട്ടില്‍ പിള്ളമാരും എട്ടരയോഗക്കാരും)എതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ആഭ്യന്തരകലഹം കാരണം ആദ്യമൊന്നും ഭരണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒളിവിലും തെളിവിലുമായി കഴിഞ്ഞിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് പലപ്പോഴും മരണത്തെ മുഖാമുഖം അഭിമുഖീകരിക്കേണ്ടിവന്നു.

വേഷം മാറിയും ശത്രുക്കളുടെ കണ്ണുവെട്ടിച്ചുമാണ് പലേടത്തുനിന്നും അദ്ദേഹം രക്ഷപ്പെട്ടത്. മാര്‍ത്താണ്ഡവര്‍മ്മ ക്രൂരനും ദുരാഗ്രഹിയും അതേസമയം പ്രാപ്തനും അഹങ്കാരിയും ദയാഹീനനും കേരളത്തിന്റെ മുഴുവന്‍ ഭരണം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ആളുമാണെന്ന് ഡച്ച് കമാണ്ടര്‍ സ്റ്റീന്‍ വാന്‍ഗുള്ളനോസ് (Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായം അദ്ദേഹത്തിന്റെ പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ശരിയാണെന്ന് തോന്നും. പ്രതിബന്ധങ്ങള്‍ പലതും തരണം ചെയ്ത അദ്ദേഹത്തിന്റെ മനസ് ഉരുക്കിനേക്കാള്‍ ശക്തമായിരുന്നു. ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ അദ്ദേഹം നോക്കിയില്ല. ലക്ഷ്യം നേടാന്‍ ദയ, സത്യം എന്നിവ പരിശോധിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സ്വന്തമായി സൈന്യം ഉണ്ടാക്കിയും അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാരുടെ സഹായത്തോടെ വെടിമരുന്നും, മറ്റ് യുദ്ധസാമഗ്രികളും സംഘടിപ്പിച്ചും മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ നേരിടാന്‍ തുടങ്ങി. രാജകുടുംബത്തില്‍ നടന്ന കലാപം അടിച്ചമര്‍ത്തിയും, കലാപകാരികളായ ബന്ധുക്കളേയും സ്വന്തക്കാരേയും വകവരുത്തിയും, മാടമ്പിമാരേയും പിള്ളമാരേയും നിഷ്ക്കരുണം വധിച്ചും പിന്നീട് അദ്ദേഹം ഭരണത്തില്‍ പിടിമുറുക്കി. മാടമ്പിമാരുടേയും പിള്ളമാരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി അതെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. തിരുവിതാംകൂറില്‍ നിലനിന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ ഈ നടപടി. മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നേറ്റം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറുന്നു.

1730 അവസാനത്തോടുകൂടി മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ മുഴുവന്‍ നിഗ്രഹിച്ചു. ബന്ധുക്കളേയും സ്വന്തക്കാരേയും കൊല്ലുന്നതിലും മാര്‍ത്താണ്ഡവര്‍മ്മ ഒരു ദാക്ഷണ്യവും കാട്ടിയില്ല.

കല്‍ക്കുളം കൊട്ടാരമാണ് അദ്ദേഹത്തിന്റെ ഭരണസിരാകേന്ദ്രം. എങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിയുന്നതിനും അവിടെ പുതിയ പൂജകള്‍ തുടങ്ങുന്നതിനും കേന്ദ്രീകരിച്ചു. അക്കാലത്ത് മതത്തിന്റെ പേരില്‍ യൂറോപ്പ്യന്‍ രാജാക്കന്മാര്‍ നടത്തുന്ന തന്ത്രങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കിയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുദ്ധത്തില്‍ മുന്നേറുകയും ഭക്തിയിലൂടെ ജനഹൃദയം നേടുകയും ചെയ്യുന്ന ഒരു പ്രത്യേക രീതി സ്വീകരിക്കുന്നതിന്റെ മുന്നോടിയായിരുന്നു ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പുനരുദ്ധാരണവും മറ്റ് നടപടികളും.

ആറ്റിങ്ങല്‍, ദേശിംഗനാട് (കൊല്ലം), ഇളയേടത്ത് സ്വരൂപം (കൊട്ടാരക്കര), പേരകത്താവഴി (നെടുമങ്ങാട്) തുടങ്ങിയ രാജ്യങ്ങളെ പിടിച്ചെടുത്ത് തന്റെ രാജ്യമായ തിരുവിതാംകൂര്‍ (വേണാട്)നോട് ചേര്‍ക്കുക എന്നതായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ ആദ്യലക്ഷ്യം. ഒരിക്കല്‍ തിരുവിതാംകൂര്‍ (വേണാട്) ഉള്‍പ്പെടെ ഈ രാജ്യങ്ങളെല്ലാം ‘തൃപ്പാപ്പൂര്’ സ്വരൂപത്തിന്റെ ഭാഗമായിരുന്നു. പിന്നീടാണ് ശാഖകളായി പിരിഞ്ഞത്. ഇപ്പോഴും പരസ്പരം ബന്ധമുള്ളവരാണ് ഈ രാജ്യങ്ങള്‍ ഭരിക്കുന്നത്. ഈ രാജ്യങ്ങളില്‍ പലതും ഡച്ചുകാരുമായി കുരുമുളക് കച്ചവട ബന്ധമുള്ളവരാണ്. ഇവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കുരുമുളക് ഡച്ചുകാര്‍ക്ക് ലഭിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നേറ്റം ഡച്ചുകാരെ അലോസരപ്പെടുത്തുന്നുണ്ട്.

തിരുവിതാംകൂറിലെ ആഭ്യന്തര കലഹങ്ങള്‍ കുരുമുളക് ഉള്‍പ്പെടെയുള്ള വ്യാപാരത്തെ വന്‍തോതില്‍ ബാധിച്ചു. കലഹങ്ങള്‍ അവസാനിച്ചശേഷവും യൂറോപ്പ്യന്മാരുമായി കച്ചവടബന്ധം ശക്തിപ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മ നടപടി തുടങ്ങിയെങ്കിലും ഡച്ചുകാര്‍ക്ക് കുരുമുളക് നല്കിയില്ല. ഇംഗ്ലീഷുകാരെയാണ് മാര്‍ത്താണ്ഡവര്‍മ്മ വിശ്വാസത്തിലെടുത്തത്. അവര്‍ അദ്ദേഹത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങളും നല്കിക്കൊണ്ടിരുന്നു.

വാന്‍ ഇംഹോഫ് (Van Imhoff)

1738 അവസാനത്തില്‍ മലബാറിലെ സ്ഥിതിഗതികള്‍ പരിശോധിച്ച, സിലോണിലെ ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫ് (Van Imhoff) ഞെട്ടിപ്പോയി. മലബാറിലെ ഡച്ച് മേധാവിത്വം തകര്‍ന്നുകൊണ്ടിരിക്കുന്നതായും ഡച്ച് കമ്പനിയായ വി.ഒ.സി.യുമായി രാജ്യങ്ങള്‍ കച്ചവടബന്ധം പുതുക്കാന്‍ ഭയപ്പെടുന്നതായും അദ്ദേഹം മനസ്സിലാക്കി. ഡച്ചുകാരുമായി നല്ല സൗഹൃദബന്ധമുള്ള വടക്കന്‍കൂര്‍ പോലും കുരുമുളക് നല്കുന്നില്ല. പേരകത്താവഴി (നെടുമങ്ങാട്) കരുനാഗപ്പള്ളിയിലേയും കുരുമുളക് ഡച്ചുകാര്‍ക്ക് നല്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ വിലക്ക് കല്പിച്ചിരിക്കുന്നു. ഡച്ച് കമ്പനിയെ ശക്തിപ്പെടുത്താനും രാജാക്കന്മാരുമായി സംഭാഷണം നടത്താനും വാന്‍ ഇംഹോഫ് തീരുമാനിച്ചു. അനുനയത്തില്‍ കരാര്‍ ഒപ്പിടുവിപ്പിക്കുക, അല്ലെങ്കില്‍ ആ രാജ്യത്തിനുനേരെ സൈനികനടപടി സ്വീകരിക്കുക ഇതായിരുന്നു ഇംഹോഫിന്റെ പദ്ധതി.

ഇതിനുവേണ്ടി മുന്നൂറ് പട്ടാളക്കാരുമായി, സന്നാഹങ്ങളോടെ ഇംഹോഫ് കൊച്ചിയിലെത്തി. കൊച്ചിയിലെ കമാണ്ടര്‍ സ്റ്റിന്‍ വാന്‍ ഗുള്ളനോസ് (Stein Van Gollennesse) അദ്ദേഹത്തെ സ്വാഗതം ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ ശക്തിയും പടയോട്ടവും സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തി. കൊച്ചിരാജാവുമായി ഇംഹോഫ് ചര്‍ച്ച നടത്തി. മാര്‍ത്താണ്ഡവര്‍മ്മയെ കണ്ട് നേരിട്ട് സംസാരിക്കണമെന്ന് വാന്‍ ഇംഹോഫിന് തോന്നി. കടല്‍വഴി, ഡച്ച് വ്യാപാരകേന്ദ്രമായ തേങ്ങാപ്പട്ടണത്ത് എത്തിയശേഷം കരവഴി സഞ്ചരിച്ച് മാര്‍ത്താണ്ഡവര്‍മ്മയെ കാണാനായിരുന്നു ഇംഹോഫ് തീരുമാനിച്ചത്. തേങ്ങാപ്പട്ടണത്ത് പോകുന്ന വഴിയില്‍ കായംകുളത്തെ ഡച്ച് കോട്ടയും അദ്ദേഹം സന്ദര്‍ശിച്ചു. കായംകുളത്തിനും തേങ്ങാപ്പട്ടണത്തിനും ഇടയ്ക്ക് അദ്ദേഹം തിരുവിതാംകൂറിന്റെ ധാരാളം കപ്പലുകളെ കണ്ടു. അതില്‍ നിന്നും ലഭിച്ച സന്ദേശപ്രകാരം മാര്‍ത്താണ്ഡവര്‍മ്മ, മതപരമായ ചടങ്ങുകള്‍ക്കുശേഷം തിരിച്ച് തേങ്ങാപ്പട്ടണത്ത് എത്തുമ്പോള്‍ സന്ദര്‍ശനത്തിന് സൗകര്യം ലഭിക്കുമെന്നായിരുന്നു.

ഡച്ച് ഗവര്‍ണറേയും, പട്ടാളത്തേയും കാണാന്‍ തേങ്ങാപ്പട്ടണത്ത് വന്‍ ജനക്കൂട്ടം. ഡച്ചുകാരുടെ അവിടുത്തെ ഫാക്ടറി നല്ല നിലയിലല്ലായിരുന്നു. തേങ്ങാപ്പട്ടണം നല്ല തുണി നിര്‍മാണകേന്ദ്രമായിരുന്നു. ഇരുന്നൂറോളം തറികള്‍ (Looms) ഇവിടെ ഉണ്ടായിരുന്നു. രാജകീയപ്രൗഢി നിറഞ്ഞ അന്തരീക്ഷത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മയെ ഡച്ച് ഗവര്‍ണര്‍ സ്വീകരിച്ചത്. ചുറ്റും അംഗരക്ഷകരും, ഗായകരും കച്ചവടപ്രതിനിധികളും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സ്വാഗതം അരുളിയപ്പോള്‍ വാദ്യഘോഷങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.

സമ്മാനങ്ങള്‍ പരസ്പരം കൈമാറിയ ശേഷം വാന്‍ ഇംഹോഫ് കാര്യത്തിലേയ്ക്ക് കടന്നു. പക്ഷെ ഡച്ചുകാര്‍ ഉദ്ദേശിച്ച വിധത്തിലുള്ള ഉറപ്പുകളൊന്നും മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നും ലഭിച്ചില്ല. മുമ്പ് പല ചരിത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുള്ളത് അവരുടെ സംഭാഷണം അലസിപ്പിരിഞ്ഞു എന്നാണ്. ഇളയിടത്ത് റാണി (കൊട്ടാരക്കര)യുടെ അധികാരം തിരിച്ചുനല്കണമെന്നും ഡച്ചുകാരുടെ സഖ്യകക്ഷികളെ ആക്രമിക്കരുതെന്നുമുള്ള നര്‍ദ്ദേശം മാര്‍ത്താണ്ഡവര്‍മ്മയെ ക്ഷുഭിതനാക്കി എന്നും മേലില്‍ ആക്രമണം തുടര്‍ന്നാല്‍ ഡച്ചുകാര്‍ തിരുവിതാംകൂറു (വേണാട്) മായി യുദ്ധത്തിന് തയ്യാറാകുമെന്നും വാന്‍ ഇംഹോഫ് അറിയിച്ചപ്പോള്‍, താന്‍ ഹോളണ്ട് ആക്രമിയ്ക്കാന്‍ ആലോചിക്കുന്നതായി മാര്‍ത്താണ്ഡവര്‍മ്മ തിരിച്ചടിച്ചതായും ആണ് ഒരുവിഭാഗം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ആധുനിക ഗവേഷകര്‍ പറയുന്നത് വ്യാപാരബന്ധം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൊല്ലത്ത് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞാണ് അവര്‍ പിരിഞ്ഞതെന്നാണ്. ഏതായാലും ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫിന്റെ സന്ദര്‍ശനത്തിനുശേഷവും മാര്‍ത്താണ്ഡവര്‍മ്മയുമായിട്ടുള്ള ബന്ധം നല്ല നിലയില്‍ അല്ല തുടര്‍ന്നത്. ഡച്ചുകാരും തിരുവിതാംകൂറും തമ്മില്‍ ഏതുനിമിഷവും യുദ്ധം ഉണ്ടാകുമെന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. ഡച്ചുകാരെ സഹായിക്കുന്ന സഖ്യരാജ്യങ്ങള്‍ ആഗ്രഹിക്കുന്നതും അതായിരുന്നു.

Loading