കുളച്ചല്‍ യുദ്ധത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നേറ്റം തടയാന്‍ ഡച്ചുകാര്‍ വീണ്ടും ശ്രമം തുടങ്ങി. ദേശിംഗനാടിന്റെ സഹായത്തോടെ ഡച്ചുകാര്‍ വാമനപുരം ആക്രമിച്ചു. പക്ഷെ പിന്നീട് അത് വിട്ടുകൊടുക്കേണ്ടിവന്നു. തിരുവിതാംകൂര്‍ സൈന്യം പിന്നീട് കൊല്ലം കോട്ട വളഞ്ഞു. കായംകുളം രാജാവിന്റെ മന്ത്രി അച്ചുതവാരിയരുടെ നേതൃത്വത്തില്‍ കോട്ട പ്രതിരോധിച്ചു. ഡച്ചുകാരും കായംകുളവും ചേര്‍ന്ന് കിളിമാനൂര്‍ പിടിച്ചെടുത്തത് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ആഘാതമായി. തിരുനെല്‍വേലിയില്‍ നിന്ന് എത്തിയ കുതിരപ്പട്ടാളത്തിന്റെ നേതൃത്വത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ തിരിച്ചടി തുടങ്ങി. തിരുവിതാംകൂര്‍ പട്ടാളം കായംകുളത്ത് എത്തി. കായംകുളം രാജാവ് നടത്തിയ സമാധാന അഭ്യര്‍ഥന തിരുവിതാംകൂര്‍ സീകരിച്ചു.
തങ്ങള്‍ക്ക് കുരുമുളക് ലഭിക്കുന്ന രാജ്യങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നത് മനസ്സിലാക്കിയ ഡച്ചുകാര്‍ എങ്ങനെയെങ്കിലും തിരുവിതാംകൂറുമായി ഒരു സന്ധിയ്ക്ക് ശ്രമം തുടങ്ങി. പക്ഷെ ഓരോ പ്രാവശ്യവും ഓരോ വിധത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞ് മാര്‍ത്താണ്ഡവര്‍മ്മ സന്ധിയില്‍ നിന്നും വിട്ടുനിന്നു. അതേസമയം ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്നതും, കൊച്ചി പോലും മാര്‍ത്താണ്ഡവര്‍മ്മയുമായി നേരിട്ടുള്ള ഉടമ്പടി ആഗ്രഹിക്കുന്നതും ഡച്ചുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ ഇംഗിതത്തിനൊത്ത ഒരു ഉടമ്പടി ഉണ്ടാക്കാന്‍ ഡച്ചുകാര്‍ തയ്യാറായത്. 1743 മേയ് 22ന് 28 വകുപ്പുകളുള്ള ഒരു ഉടമ്പടി മാര്‍ത്താണ്ഡവര്‍മ്മയും ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫിനുവേണ്ടി കമാണ്ടര്‍ റീനിക്കസ് സീര്‍സ്മ (Reinicus Siersma) യുമാണ് ഒപ്പുവച്ചത്.
രണ്ടുകക്ഷികളും യുദ്ധം നിര്‍ത്തുക, കൊല്ലത്തും പണ്ടാരത്തുരുത്തിയിലും ഉള്ള കച്ചവടക്കാര്‍ വഴി രാജാവ് കമ്പനിയ്ക്ക് 1200 കണ്ടി ഉണങ്ങിയ കുരുമുളക് (കണ്ടിയ്ക്ക് 54 രൂപ വീതം) വിലയ്ക്ക് നല്കുക, 100 കണ്ടി കുരുമുളകിനു പകരം വെടിയുണ്ടയും തോക്കും ഡച്ചുകാര്‍ നല്കുക, കുളച്ചലില്‍ കോട്ട കെട്ടാന്‍ ഡച്ചുകാരെ അനുവദിക്കുക, കര്‍ണാടിക് നവാബ് തിരുവിതാംകൂറിനെ ആക്രമിക്കുകയാണെങ്കില്‍ പീരങ്കിപ്പടയും പട്ടാളത്തേയും നല്കി തിരുവിതാംകൂറിനെ സഹായിക്കുക തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകള്‍ .
എന്നാല്‍ കായംകുളം, ദേശിംഗനാട് തുടങ്ങിയ രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതിനുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ അവകാശവും ഈ കരാറില്‍ ഒളിഞ്ഞിരുന്നു. കിഴക്കന്‍ അതിര്‍ത്തിയില്‍ കര്‍ണാടിക് നവാബിന്റെ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് സൂത്രശാലിയായ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരുമായി സന്ധി ഉണ്ടാക്കിയതെന്ന് ചരിത്രകാരന്മാര്‍ക്ക് അഭിപ്രായം ഉണ്ട്. കരാര്‍ ഒപ്പിട്ടശേഷം അയല്‍രാജ്യങ്ങളെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. ക്രമേണ തന്ത്രങ്ങള്‍ ഓരോന്നായി അദ്ദേഹം പ്രയോഗിച്ചുതുടങ്ങി.
1743ലെ ഡച്ചുകാരുമായി ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മ ഏതാനും വര്‍ഷം വലിയ അക്രമങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. എങ്കിലും പുതിയ കരാറിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അയല്‍രാജ്യങ്ങളെ ഓരോന്നായി പിടിച്ചെടുത്ത് “വിശാലകേരളം” സൃഷ്ടിക്കണമെന്ന മോഹം അദ്ദേഹത്തിന്റെ മനസ്സില്‍ ഓളംവെട്ടിക്കൊണ്ടിരുന്നതായി അന്നത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 1746 മുതല്‍ അദ്ദേഹം നടത്തിയ ആക്രമണങ്ങള്‍. ആറ്റിങ്ങല്‍, എളയടത്ത് സ്വരൂപം (കൊട്ടാരക്കര), കായംകുളം, പുറക്കാട്, തെക്കുംകൂര്‍, വടക്കുംകൂര്‍, മീനച്ചല്‍ എന്നീ രാജ്യങ്ങള്‍ ആക്രമിച്ച് തിരുവിതാംകൂറിനോട് ചേര്‍ത്തു. ആയുധശക്തി പോലെ ചതിയും അക്രമവും മാര്‍ത്താണ്ഡവര്‍മ്മയുടെ കൂര്‍മ്മബുദ്ധിയുമെല്ലാം ഈ യുദ്ധത്തില്‍ പ്രകടമായിരുന്നു. ഡച്ചുകരാറിന് ശേഷം മാര്‍ത്താണ്ഡവര്‍മ്മ കൊച്ചിരാജാവിന് മനോഹരമായ ഒരു സമ്മാനം അയച്ചുകൊടുത്തു. അതൊരു തന്ത്രമായിരുന്നു.
1745ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം പുറക്കാടും കരുനാഗപ്പള്ളിയും വഴി കായംകുളം ആക്രമിച്ചു. വേഷപ്രച്ഛന്നനായി സ്ഥലംവിട്ട കായംകുളം രാജാവ് തെക്കുംകൂര്‍ വഴി കൊച്ചിയിലെത്തി ഡച്ചുകാരോട് സഹായം അഭ്യര്‍ഥിച്ചു. പക്ഷെ ബറ്റേവിയയില്‍ നിന്നും പച്ചക്കൊടി കാട്ടാത്തതിനാല്‍ അവര്‍ സഹായത്തിന് മുതിര്‍ന്നില്ല. കായംകുളം പിടിച്ചെടുത്തശേഷം ചെമ്പകശ്ശേരി (പുറക്കാട് അഥവാ അമ്പലപ്പുഴ) ആക്രമിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ മുതിര്‍ന്നത് ആ രാജ്യം കായംകുളത്തെ സഹായിച്ചു എന്ന പേരിലാണ്. ഡിലനോയിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പിടിച്ചെടുത്തശേഷം തിരുവിതാംകൂര്‍ സൈന്യം വടക്കുംകൂറും, തെക്കുംകൂറും ആക്രമിച്ചു. ആക്രമിക്കുന്ന രാജ്യങ്ങളില്‍ പലതിലും അവകാശതര്‍ക്കം ഉണ്ടായതും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതും അവിടങ്ങളില്‍ അധികാരം ഉറപ്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സഹായകമായി.
തൃപ്പടിദാനം
1749ല്‍ കര്‍ണാടിക് പ്രദേശങ്ങളില്‍ രണ്ടാം കര്‍ണാടിക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മാര്‍ത്താണ്ഡവര്‍മ്മ സശ്രദ്ധം വീക്ഷിച്ചു. ഫ്രഞ്ചുകാരാണോ, ഇംഗ്ലീഷുകാരാണോ ഇന്ത്യയില്‍ വന്‍ശക്തിയാകാന്‍ പോകുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നു. 1750 ജനുവരിയില്‍ താന്‍ പിടിച്ചെടുത്ത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള “തിരുവിതാംകൂര്‍” തന്റെ കുലദൈവമായ ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ‘തൃപ്പടിദാനം’ എന്ന ചടങ്ങ് മാര്‍ത്താണ്ഡവര്‍മ്മ നടത്തി. ഉദ്യോഗസ്ഥന്മാരോടും രാജകുടുംബാംഗങ്ങളോടുമൊത്ത് ക്ഷേത്രത്തിലെത്തി തന്റെ ഉടവാള്‍ പത്മനാഭന് സമര്‍പ്പിച്ച ചടങ്ങായിരുന്നു ‘തൃപ്പടിദാനം’താനും തന്റെ പിന്‍ഗാമികളായ രാജാക്കന്മാരും ‘ശ്രീപത്മനാഭദാസന്‍’ എന്നപേരില്‍ അറിയപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് രാജ്യം ഇല്ലെന്നും, ശ്രീപത്മനാഭസ്വാമിയുടെ വകയായ തിരുവിതാംകൂര്‍ രാജ്യത്തെ ഒരു ‘ട്രസ്റ്റി’ എന്ന നിലയില്‍ ഭരണം നടത്തുകയായിരിക്കും താനും തന്റെ പിന്‍ഗാമികളും ചെയ്യുന്നതെന്ന പ്രഖ്യാപനം വഴി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു. ഭരണത്തിന്റെ ആസ്ഥാനമായ കല്‍ക്കുളം കൊട്ടാരം ശ്രീപത്മനാഭപുരം കൊട്ടാരം ആയി.
യൂറോപ്യന്‍ രാജ്യങ്ങള്‍ മതത്തിന്റെ പേരില്‍ നടത്തുന്ന തന്ത്രങ്ങള്‍ മനസ്സിലാക്കുകയും, മതത്തെപ്പോലെ ജനങ്ങളെ ഇളക്കിമറിക്കാന്‍ ശക്തമായ ആയുധം മറ്റൊന്നും ഇല്ലെന്ന് അറിയുകയും ചെയ്തതായിരിക്കാം മാര്‍ത്താണ്ഡവര്‍മ്മ ‘തൃപ്പടിദാനം’ ചടങ്ങിന് മുതിര്‍ന്നത്. അതിനുമുമ്പുതന്നെ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിയാനും, ഗണ്ഡികാനദിതടത്തില്‍ നിന്നും 12,000 സാളഗ്രാമങ്ങള്‍ കൊണ്ടുവന്ന് അവിടെ വലിയ വിഗ്രഹം നിര്‍മ്മിക്കാനും മാര്‍ത്താണ്ഡവര്‍മ്മ നടപടി സ്വീകരിച്ചിരുന്നു.
1749ല്‍ കൊച്ചിയില്‍ രാജാവായ രാമവര്‍മ്മയുടെ കാലത്ത് ചാഴൂര്‍ ശാഖയിലെ അംഗങ്ങള്‍ (ചാഴൂര്‍ തമ്പാന്മാര്‍ )’ പെരുമ്പടപ്പുമൂപ്പില്‍’ സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കലഹം തുടങ്ങി. രാജാവ് ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് തമ്പാന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയോട് സഹായം അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ ഇടപെടാന്‍ അവസരമായി കരുതിയ മാര്‍ത്താണ്ഡവര്‍മ്മ തിരുവല്ല ക്ഷേത്രാധികാരം പിടിച്ചെടുത്തതോടെ പ്രശ്നം രൂക്ഷമായി. പ്രശ്നത്തില്‍ ഡച്ച് ഉദ്യോഗസ്ഥന്മാര്‍ ഇടപെട്ട് രമ്യതയിലെത്തിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും മാര്‍ത്താണ്ഡവര്‍മ്മ വഴിപ്പെട്ടില്ല. 1752ല്‍ മാര്‍ത്താണ്ഡവര്‍മ്മ കരപ്പുറത്തേയ്ക്ക് പടനീക്കി അവിടെ നിന്നും കൊച്ചിസേനയെ ഓടിച്ചു. പിന്നീട് മൂപ്പില്‍ സ്ഥാനം പുനഃസ്ഥാപിക്കുകയും കരപ്പുറത്തിന്റെ ആധിപത്യം ചാഴൂര്‍ തമ്പാന്മാര്‍ക്കു നല്കുകയും ചെയ്തു. ചാഴൂര്‍ ശാഖയിലെ മൂത്ത തമ്പാന്‍ തിരുവിതാംകൂര്‍ രാജാവിന്റെ സാമന്തനെന്ന നിലയിലാണ് പിന്നീട് കരപ്പുറം ഭരിച്ചത്.
ഡച്ചുകാരുടെ സഖ്യകക്ഷികള്‍ ഓരോന്നായി പിണങ്ങിയിട്ടും തിരുവിതാംകൂറുമായി യുദ്ധത്തിന് അവര്‍ തയ്യാറാകാത്തതിന് പല കാരണങ്ങളും ഉണ്ട്. ആക്രമണോത്സുകനായി നില്‍ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എതിരെ യുദ്ധം ചെയ്ത് തോല്പിച്ചാലും വീണ്ടും വീണ്ടും ആക്രമണം തുടരുമെന്നും, ഇതിന്റെ വന്‍ചെലവ് കണക്കാക്കിയാല്‍ അദ്ദേഹവുമായി സൗഹൃദത്തില്‍ കഴിഞ്ഞ് കിട്ടാവുന്നിടത്തോളം കുരുമുളക് ശേഖരിക്കുകയാണ് ഉചിതമെന്നും ബറ്റേവിയയിലെ ഭരണാധികാരികള്‍ കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് മാവേലിക്കരയില്‍ വച്ച് രണ്ടാം കരാര്‍ തിരുവിതാംകൂറും ഡച്ചുകാരും തമ്മില്‍ ഒപ്പിട്ടത്. പക്ഷെ അതോടെ കേരളത്തില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള അവരുടെ മോഹം പൊലിഞ്ഞു.
1753 ആഗസ്ത് 15ന് ഒപ്പിട്ട ഈ കരാര്‍ പ്രകാരം തിരുവിതാംകൂര്‍ 5000 കണ്ടി കുരുമുളക് ഒരു വര്‍ഷം ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നല്കണമായിരുന്നു. ഇതില്‍ ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് 65 രൂപ വച്ച് മൂവായിരം കണ്ടിയും, ഭാവിയില്‍ മാര്‍ത്താണ്ഡവര്‍മ്മ ആക്രമിക്കുന്ന രാജ്യങ്ങളില്‍ നിന്നും 55 രൂപ വച്ച് 2000 കണ്ടിയും മുളകാണ് നല്‍കേണ്ടത്. ഡച്ചുകാര്‍ക്ക് കച്ചവടസൗകര്യവും സംരക്ഷണവും കന്യാകുമാരിയും കുളച്ചലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തിരുവിതാംകൂര്‍ ഉറപ്പാക്കും. ഡച്ചുകാര്‍ കരാര്‍ പ്രകാരം ഒരുവര്‍ഷം 12000 രൂപയുടെ സൈനികായുധങ്ങള്‍ തിരുവിതാംകൂറിന് നല്കണം. എന്നാല്‍ തിരുവിതാംകൂര്‍ രാജാവ് ആക്രമിക്കപ്പെടുന്ന രാജ്യങ്ങളിലെ ബന്ധം ഡച്ചുകാര്‍ ഉപേക്ഷിക്കണമെന്നും, അവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ പാടില്ലെന്നും കരാറില്‍ ഉണ്ടായിരുന്ന വ്യവസ്ഥ കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറി.
ഇതുസംബന്ധിച്ച് ഭയത്തോടെ കൊച്ചി രാജാവ് ബറ്റേവിയ ഗവര്‍ണര്‍ ജനറലിന് കത്ത് അയച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. 1754ല്‍ മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചെടുത്ത വടക്കന്‍ പ്രദേശങ്ങളിലെ രാജാക്കന്മാരും പ്രഭുക്കന്മാരും അദ്ദേഹത്തിന് എതിരെ കലാപം സംഘടിപ്പിക്കുകയും അതൊരു ജനകീയസമരം പോലെ വളരുകയും ചെയ്തു. കൊച്ചി രാജാവിനെ ഇതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അവര്‍ ക്ഷണിച്ചു. എന്നാല്‍ ഡച്ചുകാര്‍ കൊച്ചിയെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. കൊച്ചിയുടേയും തിരുവിതാംകൂറിന്റെയും സൈന്യങ്ങള്‍ ആനന്ദേശ്വരത്തുവച്ച് ഏറ്റുമുട്ടി. തിരുവിതാംകൂറിന്റെ സൈന്യശക്തിയില്‍ കൊച്ചിസൈന്യം ചിതറി ഓടി. സൈന്യാധിപനായ ഇടിക്കേള മേനോന്‍ വധിക്കപ്പെട്ടു.
തിരുവിതാംകൂറിലെ രാമയ്യന്‍ ദളവയുടെ നേതൃത്വത്തിലുള്ള സൈന്യം അരൂക്കുറ്റിയില്‍ എത്തി പിന്നെയും മുന്നോട്ടുകടക്കാനുള്ള പുറപ്പാടായി. ഇത്രയും ആയപ്പോഴേക്കും കൊച്ചി സമാധാനത്തിന് മാര്‍ത്താണ്ഡവര്‍മ്മയോട് അഭ്യര്‍ത്ഥിച്ചു. 1757ല്‍ കൊച്ചിയും തിരുവിതാംകൂറും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചെടുത്ത രാജ്യങ്ങളിലെ ആളുകളെ സഹായിക്കില്ലെന്ന് കൊച്ചിയും, സാമൂതിരിയുടെ ആക്രമണം തടയാന്‍ കൊച്ചിയെ സഹായിക്കാമെന്ന് തിരുവിതാംകൂറും സന്ധിയില്‍ സമ്മതിച്ചു. ഇതോടെ വടക്കേ അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു.
ഡച്ചുകാരുടെ സ്ഥിതി മനസ്സിലാക്കിയ സാമൂതിരി വെറുതെ ഇരുന്നില്ല. ചേറ്റുവയും പാപ്പനിവട്ടവും തിരിച്ചുപിടിക്കാന്‍ സാമൂതിരി 1755ല്‍ സൈനികനീക്കങ്ങളാരംഭിച്ചു. ഡച്ചുകാരുടെ പല പ്രദേശങ്ങളും പിടിച്ചെടുത്ത് സാമൂതിരി മുന്നേറി. പറവൂര്‍, തൃശൂര്‍, മുള്ളൂര്‍ക്കര, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ സാമൂതിരി കൈവശപ്പെടുത്തി മുന്നേറി. ഡച്ചുകാര്‍ക്ക് സാമൂതിരിയെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. ഡച്ചുശക്തി ക്ഷയോന്മുഖമായതിന്റെ ലക്ഷണം കൂടിയായിരുന്നു ഈ മുന്നേറ്റം.
വിടപറയൽ
1793ഓടെ ഡച്ചുകാര്‍ വിടപറയുന്നതിനുള്ള തയ്യാറെടുപ്പു തുടങ്ങി . മലബാറും കൊച്ചിയും തിരുവിതാംകൂറും എല്ലാം ബ്രിട്ടീഷ് കൊടിക്കീഴിലായി. വയനാട്ടില്‍ പഴശ്ശിരാജ മാത്രമാണ് കമ്പനിയുമായി യുദ്ധം ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷുകാരുമായി അവസാന ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നുണ്ട്. അദ്ദേഹം പല വിദേശരാജ്യങ്ങളുടേയും സഹായം തേടിയിട്ടുണ്ട്. ഇതൊക്കെ ആണെങ്കിലും കേരളത്തില്‍ തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം ഡച്ചുകാര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. ഡച്ചുകാരുടെ വകയായി ഉണ്ടായിരുന്ന ഭൂവിഭാഗങ്ങളെ അവര്‍ കൊച്ചിരാജാവിന് വിലയ്ക്ക് നല്കി. ഇതിനിടയില്‍ ഫ്രഞ്ചുസൈന്യം ഹോളണ്ട് രാജ്യത്ത് കടന്നതായി വാര്‍ത്ത വന്നു. അവിടത്തെ ഭരണാധികാരി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചു. ഇതോടെ ഈസ്റ്റ് ഇന്‍ഡിസിലുള്ള എല്ലാ സ്ഥാപനങ്ങളും ഫ്രഞ്ചുകാരുടെ കൈയില്‍പ്പെടാതെ ഇംഗ്ലീഷുകാര്‍ക്ക് കൈമാറാന്‍ ഉത്തരവ് ഉണ്ടായി. ആ ഉത്തരവില്‍ ഇങ്ങനെ പറഞ്ഞിരുന്നു:
‘നമ്മുടെ ഗവര്‍ണര്‍മാരും കമുദവന്മാരും (Governors and Commandeurs) അറിയേണ്ടുന്ന അവസ്ഥ: നമ്മുടെ വക പുറന്നാട്ടിലുള്ള കോട്ടകളില്‍ ബ്രിട്ടീഷ് മഹാരാജാവിന്റെ സൈന്യങ്ങളെ കടത്തി അവര്‍ക്കു അതുകളെ കൈവശം കൊടുത്തു അവരെ നമ്മുടെ ഒരു പ്രധാന ബന്ധുവിന്റെ സൈന്യമെന്ന നിലയില്‍ വിചാരിക്കണമെന്നു നാം നിങ്ങളെ എഴുതി അറിയിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.’
ഇംഗ്ലീഷുകാര്‍ ഏതുനിമിഷവും കോട്ട പിടിയ്ക്കാന്‍ വരുമെന്ന് അറിയാമായിരുന്ന ഡച്ച് ഗവര്‍ണര്‍ വാന്‍സ്പോള്‍ ഭക്ഷണസാധനങ്ങളും മറ്റും അവിടെ ശേഖരിച്ചിരുന്നു. ജൂലൈ 23ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേജര്‍ പെററ്റി (Major Petrie) സൈന്യത്തോടെ കോഴിക്കോട്ടുനിന്നും കൊച്ചിയിലെത്തി, ഡച്ച്കോട്ട വളഞ്ഞു. ദിവസങ്ങള്‍ക്കുശേഷം നടന്ന ചര്‍ച്ചയില്‍ കോട്ട ഒഴിയാന്‍ ഡച്ചുകാര്‍ തയ്യാറായി. പക്ഷെ പിന്നേയും താമസിച്ചപ്പോള്‍ ഇംഗ്ലീഷുകാര്‍ വെടിവയ്പ് തുടങ്ങി. ഉടന്‍ തന്നെ വെള്ളക്കൊടി ഉയര്‍ത്തി ഡച്ചുകാര്‍ കീഴടങ്ങി.
1795 ഒക്ടോബര്‍ 20ന് ഡച്ചുകാര്‍ എന്നെന്നേയ്ക്കുമായി കൊച്ചി കോട്ട ഒഴിഞ്ഞുകൊടുത്തു. കൊച്ചിയും ഡച്ചുകാരും തമ്മിലുള്ള ബന്ധത്തിന് നൂറ്റിമുപ്പത് വര്‍ഷം പഴക്കമുണ്ട്. അവിടെ ഉണ്ടായിരുന്ന പലരുടേയും പൂര്‍വ്വികര്‍ കൊച്ചിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇതുകാരണം കൊച്ചി വിടാനുള്ള വിഷമം ചിലര്‍ പ്രകടിപ്പിച്ചു. അങ്ങനെയുള്ളവര്‍ക്ക് കൊച്ചിയില്‍ താമസിക്കാന്‍ ഇംഗ്ലീഷുകാര്‍ അനുവാദം നല്കി. മറ്റുള്ളവര്‍ ബറ്റോവിയ (ഇന്‍ഡോനേഷ്യ)യിലേക്ക് പോകുന്നതിന് ബോംബേയിലേക്കുള്ള കപ്പലുകളില്‍ കയറി.
അറബിക്കടലിലൂടെ അവര്‍ കൊച്ചിയോട് വിടപറയുമ്പോള്‍ കോട്ടയ്ക്കുമുകളില്‍ ഡച്ച് പതാകയ്ക്കുപകരം ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് പറക്കുകയായിരുന്നു. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ കോട്ടയില്‍ ഒരിക്കല്‍ പറന്നിരുന്നത് അവരുടെ കൊടിയായിരുന്നു. അത് മാറ്റിയാണ് ഡച്ച് കൊടി പാറിപ്പറന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് കൊടിയായി. കാലം മാറുന്നു. ചരിത്ര ചതുരംഗപലകയിലെ കരുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. കാലം മാത്രം എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്നു.
ഇനി കേരള ചരിത്രം ഇംഗ്ലീഷുകാരെ മുൻനിർത്തി വായിക്കാം