എ.ഡി. 10-ാം നൂറ്റാണ്ടില്‍ അസ്തമിച്ച ആയ് രാജ്യത്തില്‍ നിന്നും പിന്നീട് ഉയര്‍ന്നുവന്ന വേണാട് രാജ്യത്തിന് ലഭിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് 14ാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകള്‍ ലഭ്യമാകുന്നുണ്ട്. ക്ഷേത്രത്തിന്റെ കൈവശമുള്ള ഈ രേഖകളെ മതിലകം രേഖകള്‍ എന്നുപറയുന്നു. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങളെ സാധാരണ മതിലകം എന്നാണ് വിളിച്ചിരുന്നത്. സംസ്ഥാന പുരാരേഖവകുപ്പിന്റെ കീഴിലുള്ള ലക്ഷക്കണക്കിനു പനയോല രേഖകള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്ക് അമൂല്യനിധിയാണ്. കൊല്ലവര്‍ഷം 550 (ഇംഗ്ലീഷ് വര്‍ഷം 1375) മുതല്‍ 903 (ഇ. വര്‍ഷം 1728) വരെയുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പ്രാചീനമായ രേഖ കൊല്ലവര്‍ഷം 511 (1336)ലേതാണ്. വേണാടിന്‍റേയും ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്‍റേയും സാമൂഹ്യരാഷ്ട്രീയകാര്യങ്ങള്‍ അറിയാന്‍ ഈ രേഖകള്‍ അല്ലാതെ മറ്റൊരു മാര്‍ഗമില്ല.

മലയാഴ്മ, തമിഴ്, മലയാളം, മലയാളംതമിഴ് എന്നീ ഭാഷകളിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. മതിലകം രേഖകള്‍ അനുസരിച്ച് 14ാം നൂറ്റാണ്ടു മുതല്‍ തന്നെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സമ്പന്നമാണ്. ധാരാളം വസ്തുക്കള്‍ ക്ഷേത്രത്തിനുണ്ടായിരുന്നു. പിഴയായും വഴിപാടായും ധാരാളം സ്വത്തുക്കളും സ്വര്‍ണവസ്തുക്കളും ആനകളും ക്ഷേത്രത്തിന് ലഭിച്ചിരുന്നു. ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്ക് താമസിക്കാന്‍ മഠങ്ങള്‍ ഉണ്ടായിരുന്നു. വേണാട് എന്ന നാട്ടുരാജ്യം ചെറിയ ചെറിയ തായ്വഴികളായി പിരിഞ്ഞ് പരസ്പരം വഴക്കും വക്കാണവും തുടങ്ങി. ഇതിനിടയില്‍ കൊച്ചിയിലെ ഭരണം നിയന്ത്രിച്ചിരുന്ന ഡച്ചുകാര്‍ വേണാടിന്റെ താഴ്വഴികളും തെക്കുള്ള രാജ്യങ്ങളുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കി. അവരുടെ കച്ചവടവും ശക്തമാക്കി.

മയ്യഴി പിടിച്ചെടുത്ത് മാഹിയാക്കിയ ഫ്രഞ്ചുകാരും കേരളം പിടിക്കാന്‍ കാത്തുകഴിയുകയായിരുന്നു. മലബാറിലെ തലശ്ശേരിയിലും തിരുവിതാംകൂറിലെ ആറ്റിങ്ങലിലും കോട്ടകെട്ടി വ്യാപാരം വ്യാപിപ്പിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നീക്കം തന്ത്രപരമായിരുന്നു. വേണാട്ടില്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എട്ടരയോഗവും (എട്ട് പോറ്റിമാരും, രാജാവും ചേര്‍ന്ന സഭ) വസ്തുക്കള്‍ നോക്കിനടത്തിയിരുന്ന എട്ടുപിള്ളമാരും (എട്ടുവീട്ടില്‍ പിള്ളമാരും) ഒരുഭാഗത്തും രാജാവ് മറുഭാഗത്തുമായി രൂക്ഷമായ ആഭ്യന്തരകലഹം തുടങ്ങി. തര്‍ക്കം കാരണം പല പ്രാവശ്യവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടച്ചിടേണ്ട സ്ഥിതിയും ഉണ്ടായി.

എന്നാല്‍ 1729ല്‍ അധികാരമേറ്റ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് ധീരനും, ശക്തനും, ഉരുക്ക് ഹൃദയവുമുള്ള രാജാവായിരുന്നു. ലക്ഷ്യത്തിനു മുമ്പില്‍ അദ്ദേഹത്തിന് ഭയമോ, ദയയോ ഇല്ലായിരുന്നു. സ്വന്തമായി പട്ടാളം ഉണ്ടാക്കിയും അയല്‍നാട്ടില്‍ നിന്നും പട്ടാളത്തെ കൊണ്ടുവന്നും മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ നിഷ്ക്കരുണം അടിച്ചമര്‍ത്തി. പോറ്റിമാരെ നാടുകടത്തിയും, പിള്ളമാരെ തൂക്കിലിട്ടും അവരുടെ സ്ത്രീകളെ മുക്കുവര്‍ക്ക് പിടിച്ചുകൊടുത്തും അവരുടെ വസ്തുക്കള്‍ കണ്ടുകെട്ടിയും മാര്‍ത്താണ്ഡവര്‍മ്മ ഭരണം തുടങ്ങി. വേണാടിന്റെ ശാഖകളായി മാറിനിന്ന നാട്ടുരാജ്യങ്ങളേയും വടക്കുള്ള രാജ്യങ്ങളേയും അദ്ദേഹം ആക്രമിക്കാന്‍ തുടങ്ങി. തങ്ങള്‍ക്ക് കുരുമുളകും, സുഗന്ധവ്യഞ്ജനങ്ങളും നല്‍കുന്ന രാജ്യങ്ങളെ പിടിച്ചെടുക്കുന്നതില്‍ ഡച്ചുകാര്‍ ക്ഷുഭിതരായി. അവര്‍ അദ്ദേഹവുമായി സംഭാഷണത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഡച്ചുകാര്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി യുദ്ധത്തിനിറങ്ങി. 1741ല്‍ കുളച്ചല്‍ (ഇപ്പോള്‍ തമിഴ്നാട്) കടപ്പുറത്ത് നടന്ന യുദ്ധത്തില്‍ ഡച്ചുശക്തി പരാജയപ്പെട്ടു. ഇതോടെ മാര്‍ത്താണ്ഡവര്‍മ്മ കേരളത്തിലെ മറ്റ് രാജാക്കന്മാര്‍ക്ക് പേടിസ്വപ്നമായി.

ഡച്ചുകാരില്‍ നിന്നും പിടിച്ചെടുത്തതും മുമ്പ് കീഴടങ്ങിയവരുമായ ഡിലനോയി ഉള്‍പ്പെടെയുള്ള പട്ടാളമേധാവികളെ ഉള്‍പ്പെടുത്തി പട്ടാളത്തെ യൂറോപ്യന്‍ മാതൃകയില്‍ പരിഷ്കരിച്ചും പീരങ്കിയും തോക്കും നിര്‍മിച്ചും, കോട്ട കെട്ടിയും മാര്‍ത്താണ്ഡവര്‍മ്മ ശക്തനായി. അയല്‍രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് മുന്നേറുമ്പോള്‍, മാര്‍ത്താണ്ഡവര്‍മ്മ തന്റെ കുലദൈവമായ ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പുതുക്കി പണിയാനും ചുറ്റും കോട്ടകെട്ടാനും, ക്ഷേത്രഗോപുരം പണിയാനും, നടപടി സ്വീകരിച്ചിരുന്നു. തിരുവനന്തപുരത്തെ തിരുമലയില്‍ നിന്നും വലിയ പാറവെട്ടിക്കൊണ്ടുവന്ന് ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപം പണിതു. കാക്കച്ചന്‍മല (ഇപ്പോള്‍ തമിഴ്നാട്) നിന്നും വലിയ തേക്കുമരം വെട്ടി കടലിലൂടെ കൊണ്ടുവന്ന് ക്ഷേത്രകൊടിമരം നിര്‍മിച്ചു. നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്നുകൊണ്ടുവന്ന സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് കടുശര്‍ക്കര യോഗത്തില്‍ പതിനെട്ട് അടി നീളത്തില്‍ ശ്രീപദ്മനാഭന്റെ വിഗ്രഹം നിര്‍മിച്ചു. കരിങ്കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട ക്ഷേത്രത്തിലെ ശീവേലിപ്പുര ഇന്നും ആധുനിക എന്‍ജിനീയറിംഗ് വിദ്യയ്ക്കു പോലും അത്ഭുതമാണ്.

പടിഞ്ഞാറ് 420 അടി നീളവും 20 അടി വീതിയും തെക്ക് 236 അര അടി നീളവും 23 അടി വീതിയും ഇതിനുണ്ട്. പരന്ന കരിങ്കല്‍ പലകകള്‍ കൊണ്ട് മുകള്‍വശം മൂടിയിരിക്കുന്നു. ചിത്രപ്പണികള്‍ ചെയ്ത കൂറ്റന്‍ കരിങ്കല്‍ തൂണുകളാണ് ഈ മേല്‍പാളികളെ താങ്ങി നിര്‍ത്തിയിരിക്കുന്നത്. ശീവേലിപ്പുരയ്ക്കും ക്ഷേത്രത്തിനും ഇടയ്ക്കുള്ള മണല്‍നിറഞ്ഞ വിശാലമായ സ്ഥലത്ത് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയും. ഈ ശീവേലിപ്പുര പണിയാന്‍ 4000 കല്‍പണിക്കാരും, 6000 കൂലിക്കാരും 100 ആനകളും ഉണ്ടായിരുന്നതായി രേഖകള്‍ തെളിയിക്കുന്നു. ക്ഷേത്രഗോപുരത്തിന്റെ അഞ്ചാം നിലവരെയുള്ള പണി പൂര്‍ത്തിയാക്കിയത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. 1750 ആയപ്പോഴേക്കും മാര്‍ത്താണ്ഡവര്‍മയുടെ വേണാട് എന്ന ചെറിയ രാജ്യത്തിന്റെ വിസ്തൃതി കൊച്ചിയുടെ പടിവാതിലോളം എത്തി. അതോടെ അതിനെ വിശാലമായ തിരുവിതാംകൂര്‍ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി.

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ഭക്തിയും തന്ത്രങ്ങളും നിറഞ്ഞ സംഭവമായിരുന്നു തൃപ്പടിദാനം. താന്‍ പടവെട്ടിപ്പിടിച്ച തിരുവിതാംകൂര്‍ എന്ന വിശാലരാജ്യത്തെ കുലദൈവമായ ശ്രീപദ്മനാഭന് സമര്‍പ്പിക്കുകയും, അദ്ദേഹത്തിന്റെ പ്രതിനിധിയായി രാജാവ് ശ്രീപദ്മനാഭദാസന്‍ ആയി മാറുകയും ചെയ്തതാണ് തൃപ്പടിദാനം. കൊല്ലവര്‍ഷം 925 മകരം 5ന് ഇംഗ്ലീഷ് വര്‍ഷം 1749 എന്നും 1750 എന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നുരാവിലെ ഉദ്യോഗസ്ഥന്മാരും പ്രഭുക്കന്മാരും എല്ലാം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്താന്‍ മഹാരാജാവ് കല്പിച്ചു. അവരുടെ സാന്നിധ്യത്തില്‍ മഹാരാജാവ് തന്റെ ഉടവാള്‍ ഒറ്റക്കല്‍ മണ്ഡപത്തിലര്‍പ്പിച്ചശേഷം തന്റെ രാജ്യം ശ്രീപദ്മനാഭന് നല്‍കുന്നതായും താനും തന്റെ അനന്തരഗാമികളായ രാജാക്കന്മാരും ശ്രീപദ്മനാഭദാസന്മാര്‍ എന്ന് അറിയപ്പെടുന്നുവെന്നും പ്രഖ്യാപിച്ചു.

Kerala PSC Exam | History | ശ്രീപദ്മനാഭസ്വാമിക്ഷേത്രം 
ശ്രീപദ്മനാഭസ്വാമിക്ഷേത്രം 

അതോടെ രാജ്യം പണ്ടാരവക (ദൈവവക)യായി. ഉദ്യോഗസ്ഥന്മാര്‍ പണ്ടാരക്കാര്യക്കാരായി. താലൂക്കുകള്‍ മണ്ഡപത്തിന്‍വാതിലുകളാക്കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പുതിയ പുതിയ ഉത്സവങ്ങളും നേര്‍ച്ചകളും മാര്‍ത്താണ്ഡവര്‍മ്മ നടപ്പിലാക്കി. രാജ്യം ശ്രീപദ്മനാഭസ്വാമിയുടെ വകയായതോടെ, ആ ക്ഷേത്രം തിരുവിതാംകൂറിന്റെ ഭരണഘടന പോലെയായി. പിന്നീട് അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ വരെ ശ്രീപദ്മനാഭദാസനായി ജീവിച്ചു.

സ്വര്‍ണവജ്രശേഖരം

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണവജ്രനിക്ഷേപങ്ങളുള്ള സ്ഥാപനമായി ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ക്ഷേത്രത്തിനുള്ളിലെ അഞ്ച് കല്ലറകളേ തുറന്നിട്ടുള്ളൂ. ഇനി ഒരു കല്ലറ കൂടി തുറക്കാനുണ്ട്. അതുകൂടി തുറക്കുകയും കണക്കുകള്‍ തിട്ടപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ യഥാര്‍ഥം അറിയാന്‍ കഴിയൂ. എങ്കിലും ഇതിനകം കണ്ടെത്തിയ സ്വര്‍ണവജ്രങ്ങളുടെ കണക്ക് ഒരുലക്ഷം കോടി വരുമെന്നാണ് പറയുന്നത്. ഇതില്‍ ശ്രീപദ്മനാഭന്റെ ആഭരണങ്ങളും, സ്വര്‍ണ വാഹനങ്ങളും പൂജാ ഉപകരണങ്ങളുമാണ് നാല് കല്ലറകളില്‍ ഉള്ളത്. അത് കാലാകാലങ്ങളില്‍ പുറത്ത് എടുക്കാറുമുണ്ട്.

രണ്ട് കല്ലറകളാണ് വര്‍ഷങ്ങളായി തുറക്കാതെ കിടക്കുന്നത്. അതില്‍ ഒന്നാണ് ഇപ്പോള്‍ തുറന്നത്. ഇതില്‍ വന്‍നിധിശേഖരം ഉണ്ടെന്നും രാജ്യത്തിന് ക്ഷാമം തുടങ്ങിയവ സംഭവിക്കുമ്പോള്‍ മാത്രമേ തുറക്കാവൂ എന്നും, അതല്ലെങ്കില്‍ അതിലൂടെ കടല്‍ കടന്നുവരുമെന്നുമുള്ള കഥകള്‍ മുത്തശ്ശിമാര്‍ പറയുമായിരുന്നു. 1880-1885 വരെ തിരുവിതാംകൂര്‍ ഭരിച്ച വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷാമം പരിഹരിക്കാന്‍ കല്ലറ തുറന്ന് അല്പം സ്വര്‍ണം എടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും രേഖയില്ല.

ഇതിനകത്തുകണ്ട സ്വര്‍ണരത്നാഭരണങ്ങളും വിദേശ സ്വര്‍ണനാണയങ്ങളും, വിദേശത്തുള്ള രത്നക്കല്ലുകളും കിരീടങ്ങളും എല്ലാം പരിശോധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഡച്ച്, പോര്‍ട്ടുഗീസ്, ഫ്രഞ്ച് സ്വര്‍ണ നാണയങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത കതിര്‍മണികളും രത്നക്കല്ലുകള്‍ പതിച്ച വിഗ്രഹങ്ങളും, കിരീടങ്ങളും കണ്ടെത്തിയിട്ടുള്ളതായി അറിയുന്നു. നിധികളെപ്പറ്റി അറിഞ്ഞതോടെ ക്ഷേത്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇത്ര വലിയ സ്വര്‍ണ, രത്നക്കല്‍ നിക്ഷേപം കല്ലറയില്‍ വന്നതിനെപ്പറ്റി ചരിത്രകാരന്മാരുടെ അനുമാനം പലതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പണ്ടുമുതലേ വലിയ സമ്പത്ത് ഉണ്ടായിരുന്നു. അത് ക്ഷേത്രത്തിന് നേര്‍ച്ചയായും, പിഴയായും, അന്യരാജ്യങ്ങളിലെ രാജാക്കന്മാര്‍ സംഭാവനയായും നല്‍കിയതും ആയിരിക്കും. 14ാം നൂറ്റാണ്ടുമുതല്‍ ക്ഷേത്രത്തില്‍ വന്‍ ആഭരണം ഉള്ളതായി രേഖയുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ പടയോട്ടത്തിനോടനുബന്ധിച്ച് മറ്റ് രാജ്യങ്ങള്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ ആ രാജ്യങ്ങളിലുള്ള നിധിനിക്ഷേപങ്ങള്‍ മുഴുവനും കൊണ്ടുവന്ന് തന്റെ കുലദൈവമായ ശ്രീപദ്മനാഭന് സമര്‍പ്പിച്ചതായിരിക്കാം. അന്ന് പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ഡെന്മാര്‍ക്കുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങിയവരുമായി കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളുമായി കച്ചവടം നടത്തിയിരുന്ന സമ്പന്നരാജ്യങ്ങളില്‍ പലതിനേയും മാര്‍ത്താണ്ഡവര്‍മ്മ ആക്രമിച്ച് കീഴ്പ്പെടുത്തിയതില്‍പ്പെടുന്നു.

മൈസൂറിലെ ടിപ്പുസുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ അവിടെ നിന്നും ധാരാളം രാജാക്കന്മാരും, പ്രഭുക്കന്മാരും തിരുവിതാംകൂറില്‍ അഭയംതേടി. അവര്‍ കൊണ്ടുവന്ന് സംഭാവന ചെയ്ത സാധനങ്ങള്‍ അന്നത്തെ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ (ധര്‍മരാജാവ്) ശ്രീപദ്മനാഭന് കാണിക്കയായി നല്‍കിയതായിരിക്കാം. ഇതുകൂടാതെ ടിപ്പു തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ആലുവാ വരെ എത്തിയതാണ്. അപ്പോള്‍ ധര്‍മ്മരാജാവിന്റെ നിര്‍ദ്ദേശം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ സ്വത്തുപോലും കല്ലറയിലേക്ക് മാറ്റിയതായിരിക്കും. ടിപ്പുവിനെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തോല്പിച്ചതോടെ തിരുവിതാംകൂര്‍ ഭീഷണിയില്‍ നിന്നും ഒഴിവായി. പദ്മനാഭന്റെ കല്ലറയില്‍ സൂക്ഷിച്ച സമ്പത്ത് പിന്നീട് ധര്‍മ്മരാജാവ് എടുത്തുകാണില്ല. ഇതൊക്കെ ആയിരിക്കാം നിധിശേഖരത്തിന്റെ വഴികള്‍.

Loading