തിരുവനന്തപുരം തലസ്ഥാനമായ ഒരു രാജ്യമായിരുന്നു തിരുവിതാംകൂർ. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യ കേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940 -കളിലെ തിരുവിതാംകൂറിന്റെ പ്രദേശം. അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂർ രുപം കൊള്ളുന്നത്.
ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇംഗ്ലീഷുകാർ ഈ സ്ഥലത്തിനെ ട്രാവൻകൂർ (Travancore) എന്നായിരുന്നു വിളിച്ചിരുന്നത്. താമസിയാതെ, തിരുവിതാംകോട് എന്നും തിരുവിതാംകൂർ എന്നും അറിയപ്പെടാൻ തുടങ്ങി. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കൽക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവൺമെൻ്റ് 1949 ജുലൈ 1 നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയോട് ചേർത്ത് 1956 നവംബർ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു.
വേണാട് എന്ന ചെറിയ രാജ്യത്തെ 1729-നും 1758-നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ ജയിച്ച് കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിയോളം വിസ്തൃതമാക്കിയ നാടാണ് തിരുവിതാംകൂര്‍, അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ (1758-1798) മഹാരാജാവിന്റെ കാലത്ത് ഇതിന്റെ വടക്കേ അതിര് പറവൂരും, തെക്കേ അതിര് കന്യാകുമാരിയും ആയിരുന്നു.
മഹാരാജാവായിരുന്നു അധികാരത്തിന്റെ ഉത്ഭവസ്ഥാനം. അദ്ദേഹത്തിന്റെ കീഴില്‍ ദിവാന്‍ (മന്ത്രി)യായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. സെക്രട്ടേറിയറ്റില്‍ പല വകുപ്പുകളുണ്ടായിരുന്നു. സെക്രട്ടറിമാരുടെ മുകളില്‍ ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിച്ചു. ഇതുകൂടാതെ പ്രധാന വകുപ്പുകള്‍ക്ക് അധ്യക്ഷന്മാരുണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരും മഹാരാജാവും തമ്മിലുള്ള ബന്ധം റസിഡന്റ് (ചില സമയത്ത് പൊളിറ്റിക്കല്‍ ഏജന്റ്) വഴിയായിരുന്നു. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷണര്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് സ്വന്തമായി പോസ്റ്റല്‍ സര്‍വീസ് (അഞ്ചല്‍), റേഡിയോ സ്റ്റേഷന്‍, വൈദ്യുതനിലയം, സര്‍വ്വകലാശാല, നിരവധി വ്യവസായശാലകള്‍ എന്നിവ ഉണ്ടായിരുന്നു. ചെമ്പിലും വെള്ളിയിലും നാണയങ്ങള്‍ അച്ചടിക്കാന്‍ സംസ്ഥാനത്തിനവകാശം ഉണ്ടായിരുന്നു. 1789ല്‍ ആണ് സംസ്ഥാനത്ത് ആദ്യമായി കമ്മട്ടം സ്ഥാപിച്ചത്.
1888-ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂര്‍ നിയമനിര്‍മാണസഭ രൂപീകരിച്ചു. ഇതോടുകൂടി നിയമങ്ങള്‍ പാസാക്കാനുള്ള വേദിയായി. 1904ല്‍ ഭരണത്തില്‍ ജനഹിതം അറിയാന്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി രൂപീകരിച്ചു. ഈ രണ്ടു സഭകളും കാലാകാലങ്ങളില്‍ പരിഷ്കരിച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസം, കരംതീരുവ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്.
1932ല്‍ സഭകളെ വീണ്ടും പരിഷ്കരിച്ചു. അതനുസരിച്ച് ശ്രീചിത്തിര കൗണ്‍സില്‍, ശ്രീമൂലം അസംബ്ലി എന്നീ രണ്ടു മണ്ഡലങ്ങള്‍ നിയമസഭയ്ക്ക് ഉണ്ടായി. ആദ്യകാലം മുതല്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അനുവാദം ഉണ്ടായിരുന്നു. 1947ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രാപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്വഭരണം സ്ഥാപിക്കപ്പെട്ടു. തിരുകൊച്ചി സംയോജനം വരെ ആ സ്ഥിതി തുടര്‍ന്നു.
1894ല്‍ തിരുവിതാംകൂറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍വന്നു. ആ വര്‍ഷമാണ് തിരുവനന്തപുരം, നാഗര്‍കോവില്‍, ആലപ്പുഴ, കൊല്ലം, കോട്ടയം നഗരപരിഷ്കരണ കമ്മിറ്റികള്‍ നിലവില്‍ വന്നത്. പിന്നീട് ഇവ മുന്‍സിപ്പാലിറ്റികളായി. 1940ല്‍ തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ മുന്‍സിപ്പാലിറ്റിയായി.
തിരുവിതാംകൂറിന് സ്വന്തമായി പട്ടാളം ഉണ്ടായിരുന്നു. നായര്‍ ബ്രിഗേഡ് എന്നായിരുന്നു പേര്. എന്നാല്‍ 1935ല്‍ ഇത് ഇന്ത്യന്‍ സ്റ്റേറ്റ് ഫോഴ്സിന്റെ കീഴിലായി.
തിരുവിതാംകൂറിന് ബ്രിട്ടീഷ് ഇന്ത്യയിലെ ഐ.സി.എസ്. പോലെ സ്വന്തമായ സിവില്‍ സര്‍വീസ് ഉണ്ടായിരുന്നു. “തിരുവിതാംകൂര്‍ സിവില്‍ സര്‍വീസ്” എന്നായിരുന്നു അതിന്റെ പേര്.
തിരുവിതാംകൂറിന്റെ ശില്പികൾ
- അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729-58)
- കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജ) (1758-1798)
- അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798-1810)
- ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ബായി (1810-1815)
- ഉത്തൃട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി (1815 – 1829) റിജെന്റ്റ് മഹാറാണി
- സ്വാതിതിരുനാൾ രാമവർമ്മ (1829-1847)
- ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1847-1860)
- ആയില്യം തിരുനാൾ രാമവർമ്മ (1860-1880)
- വിശാഖം തിരുനാൾ രാമവർമ്മ (1880-1885)
- മൂലം തിരുനാൾ രാമവർമ്മ (1885-1924)
- പൂരാടം തിരുനാൾ റാണി സേതുലക്ഷ്മി ബായി (1924-1931) റിജെന്റ്റ് മഹാറാണി
- ചിത്തിര തിരുനാൾ ബാലരാമവർമ്മ (1931-1991)