പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മകരമാസത്തിലെ പൂയം നക്ഷത്രത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണപ്പുറത്ത് ആരംഭിച്ച് കുംഭമാസത്തിലെ മകം നക്ഷത്രത്തില്‍ അവസാനിക്കുന്ന ചടങ്ങായിരുന്നു മാമാങ്കം (മാഘമകം). ഐതിഹ്യം അനുസരിച്ച് ചേര ചക്രവര്‍ത്തിയായിരുന്നു മാമാങ്കത്തിന്റെ അധ്യക്ഷ (രക്ഷാപുരുഷന്‍)സ്ഥാനം വഹിച്ചിരുന്നത്.

കേരളത്തിലെ എല്ലാ രാജാക്കന്മാരും രക്ഷാപുരുഷനോടുള്ള ആദരസൂചകമായി കൊടി അയയ്ക്കുക പതിവായിരുന്നു. പില്‍ക്കാലത്ത് ഈ ആഘോഷത്തിന്റെ അധ്യക്ഷസ്ഥാനം വള്ളുവനാട്ടിലെ രാജാവിന് ലഭിച്ചു. പെരുന്തല്‍മണ്ണ, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളും പൊന്നാനി, തിരൂര്‍, എറനാട് എന്നീ പ്രദേശങ്ങളിലെ ഭാഗങ്ങളും ഉള്‍ക്കൊണ്ടതാണ് വള്ളുവനാട് ദേശം. വള്ളുവനാട്ടു രാജാവ്, വള്ളുവക്കോനാതിരി, വെള്ളാട്ടിരി വല്ലഭന്‍, ആറങ്ങോട് ഉടയവര്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.

പതിമൂന്നാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ സാമൂതിരി തിരുനാവായ പിടിച്ചെടുക്കുന്നതുവരെ മാമാങ്കത്തിന്റെ അധ്യക്ഷന്‍ വള്ളുവക്കോനാതിരിയായിരുന്നു. അതിനുശേഷം അധ്യക്ഷസ്ഥാനം സാമൂതിരി പിടിച്ചെടുത്തു. പിന്നീട് നടന്ന മാമാങ്കങ്ങളില്‍ എല്ലാ രാജ്യങ്ങളും ആദരസൂചകമായി കൊടി കൊടുത്തയയ്ക്കുമ്പോള്‍ വള്ളുവക്കോനാതിരി തന്നോട് അനീതി കാട്ടിയ സാമൂതിരിയെ വധിക്കാന്‍ ‘ചാവേര്‍’ സംഘത്തെ അയയ്ക്കുകയായിരുന്നു പതിവ്.

നിലപാടുതറയിൽ സർവലോകത്തിന്റെയും അധിപതിയെന്ന ഗാംഭീര്യത്തോടെ നിൽക്കുന്ന സാമൂതിരി. മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇളയത്, ധർമോത്തുപണിക്കർ, പാറ നമ്പി തുടങ്ങിയ മന്ത്രിമാരുടെയും സർവസൈന്യാധിപൻമാരുടെയും ഏറനാട്, പോളനാട് പടത്തലവൻമാരുടെയും അകമ്പടിയാണ് സാമൂതിരിയുടെ കരുത്ത്. സാമൂതിരിയുടെ അടിമത്തം അംഗീകരിക്കുന്ന നാട്ടുരാജ്യങ്ങൾ അടിമക്കൊടി അയയ്‌ക്കും. എന്നാൽ തങ്ങളിൽനിന്ന് രക്ഷാപുരുഷപദവി തട്ടിയെടുത്ത സാമൂതിരിയോടുള്ള അടങ്ങാത്ത പക വള്ളുവക്കോനാതിരി മനസ്സിൽ കെടാതെ സൂക്ഷിച്ചു. നാട്ടുരാജാക്കൻമാരും പ്രഭുക്കൻമാരും ഇടപ്രഭുക്കൻമാരും സാമൂതിരിക്കു കപ്പം കൊടുക്കാൻ തുടങ്ങിയതോടെ കോനാതിരി തീർത്തും ഒറ്റപ്പെട്ടു, അവഗണിക്കപ്പെട്ടു.

സാമൂതിരിയുടെ മേൽക്കോയ്‌മ അംഗീകരിക്കാനോ മാമാങ്കനാളുകളിൽ മറ്റു രാജാക്കൻമാരെപ്പോലെ അടിമക്കൊടിയേന്താനോ വള്ളുവക്കോനാതിരിയുടെ അഭിമാനം സമ്മതിച്ചില്ല. സാമൂതിരിയെ ഉൻമൂലനം ചെയ്‌ത് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ അദ്ദേഹം ശ്രമം തുടർന്നു. വള്ളുവക്കോനാതിരി നിയമിച്ച നായർ പടയാളികൾ ധൈര്യത്തിലും കഴിവിലും ആരെയും അതിശയിക്കുന്ന വില്ലാളികളായിരുന്നു.

ഈ നായർ പടയാളികൾ കോനാതിരിക്കുവേണ്ടി കൊല്ലാനും ചാവാനും സന്നദ്ധരായ ചാവേറുകളായി. ‘ചാവാളർ’ എന്നായിരുന്നു അവർ വള്ളുവനാട്ടിൽ അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മാമാങ്കത്തറയിൽനിന്നായിരുന്നു ചാവാളരുടെ യാത്ര തുടങ്ങിയിരുന്നത്. തിരുനാവായയിലെ ആൽത്തറയിൽ കെട്ടിപ്പൊക്കിയ നിലപാടുതറയിൽ നിന്നുകൊണ്ട് താൻ മാമാങ്കോത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും.

അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും. എന്നാൽ സാമൂതിരിക്ക് അകമ്പടി സേവിക്കുന്ന സേനയെയും അംഗപുരുഷൻമാരെയും മറികടന്ന ശേഷമേ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താനാകൂ. കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ ചാവാളർ നിലപാടുതറയിലെത്തുംമുൻപേ തലയറ്റുവീഴുക പതിവായിരുന്നു.

പതിനാറുവയസുകാരൻ ചന്ത്രത്തിൽ ചന്തുണ്ണി

1695-ലെ മാമാങ്കത്തിൽ പതിനാറുവയസുകാരൻ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പരാമർശമുണ്ട്. ഒട്ടേറെ സൈനികരെ വധിച്ചാണ് ചന്തുണ്ണി അവിടെവരെ യെത്തിയത്.

എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ ചന്തുണ്ണിയുടെ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പരാമർശമുണ്ട്. ഇത് 1755 ലെ അവസാനമാമാങ്കത്തിലാണെന്നും പാഠഭേദമുണ്ട്. ചന്തുണ്ണിയുടെ ജീവിതം അടിസ്ഥാനമാക്കി ബാലസാഹിത്യകാരൻ മാലി ( വി.മാധവൻനായർ‍) എഴുതിയ നോവലാണ് പോരാട്ടം. വായനക്കാരായ കുരുന്നുകളെ ആവേശത്തിലാഴ്ത്തുന്ന ആ നോവൽ ഒരു കാലത്ത് സ്കൂളുകളിൽ മലയാള പാഠാവലിയുടെ ഭാഗവുമായിരുന്നു.

1755 വരെ വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടുതവണ ചിലർ സാമൂതിരിയുടെ തൊട്ടുമുന്നിൽവരെ എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. സാമൂതിരിയുടെ കഴുത്തിനരികെ വാൾത്തല എത്തി, എത്തിയില്ല എന്ന ഘട്ടം വരുമ്പോഴേക്കും അവർ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തു. ഓരോ കൊല്ലം കൂടുമ്പോഴും ചാവേർപ്പടയിൽ ആളുകൾ കൂടിക്കൂടിവന്നിരുന്നുവത്രേ. യുദ്ധത്തിൽ മരിച്ചാൽ കുടുംബത്തിനും ബന്ധപ്പെട്ടവർക്കും കോനാതിരി പാരിതോഷികങ്ങൾ സമ്മാനിക്കുന്നതും ചെറുപ്പക്കാരെ ചാവേർപ്പടയിലേക്കാകർഷിച്ചു. വീരമൃത്യുവരിക്കുന്നത് കുടുംബത്തിനു മാനം എന്ന വിശ്വാസം പരക്കെയുണ്ടായിരുന്നു. യൂറോപ്യന്മാര്‍ വന്നതിനുശേഷം വളരെക്കാലം മാമാങ്കം തുടര്‍ന്നു.

Loading