Kerala PSC Notes – ആലപ്പുഴ

തീരദേശ ജില്ലയായ ആലപ്പുഴ 1957 ഓഗസ്റ്റ് 17-നാണ് രൂപീകൃതമായത്. ആംഗലേയ ഭാഷയി‍ൽ ‘ആലപ്പി’ എന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം 1990 മുതൽ ആലപ്പുഴ എന്ന നാമത്തിൽ അറിയപ്പെട്ടു. എന്നാൽ പട്ടണം 1762-ൽത്തന്നെ സ്ഥാപിതമായിരുന്നു. വീതിയുള്ളതും നീളമുള്ളതും എന്ന് അര്‍ത്ഥം വരുന്ന “ആലം’ എന്ന വാക്കും പുഴയും കൂടി ചേര്‍ന്നാണ് “ആലപ്പുഴ’യുടെ പേര് ഉണ്ടായതായി പറയുന്നു.

ഇവിടത്തെ പുഴകളുടെ മനോഹാരിതയും ഗതാഗതസൗകര്യത്തേയുംപ്പറ്റി ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് തുടങ്ങി എത്രയോ വിദേശികള്‍ എഴുതിയിട്ടുണ്ട്.കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയും വനം ഇല്ലാത്ത ജില്ലയും, ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയും ആലപ്പുഴയാണ്.

‘കിഴക്കിന്റെ വെനീസ്’ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദിവാൻ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിർമ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളിൽ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമർശങ്ങളുണ്ട്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിൻ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതൽക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതൽക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകൾ പറയുന്നു.

ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12-ആം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നതായി കരുതുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാമെന്നും കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌ എന്നും ചിലർ അഭിപ്രായപ്പെടുന്നു.

കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. ജലോത്സവങ്ങളുടെ നാട്, ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല, ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ള ജില്ല, ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല, ഏറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല, ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല, മലനിരകളും കുന്നിൻ പ്രദേശങ്ങളും കുറവുള്ള ജില്ല, കേരളത്തിൽ ആദ്യമായി പോസ്റ്റോഫീസ് വന്ന ജില്ല, ആദ്യമായി ഫിലിം സ്റ്റുഡിയോ വന്ന ജില്ല, ആദ്യമായി കുടുംബശ്രീ വന്ന ജില്ല, ആദ്യമായി സോളാർ ബോട്ട് സ‍ർവീസ് വന്ന ജില്ല എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ജില്ലയ്ക്ക് സ്വന്തമായുണ്ട്.

ചുണ്ടൻ വള്ളങ്ങൾക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. പുന്നപ്ര-വയലാർ സമരങ്ങൾ നടന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു.

പുരാതന നിർമ്മിതികളായ നിരവധി പാലങ്ങളുടെ നാടുകൂടിയാണ് ആലപ്പുഴ. കറുത്തകാളിപ്പാലം പോലുള്ള പാളങ്ങൾ കനമേറിയ കരുത്തുറ്റ തടിപ്പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് മാത്രമാണത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. തലമുറകൾക്ക് മുമ്പ് നിർമ്മിച്ച തുണിപൊക്കിപ്പാലം, മൂന്ന് കരകളെ ബന്ധിപ്പിക്കുന്ന മുപ്പാലം തുടങ്ങി നിരവധി പാലങ്ങൾ വാസ്തുവിദഗ്ദ്ധർക്ക് ഇന്നും അത്ഭുതമായി തുടരുന്നു. കപ്പലിൽ നിന്നും ചരക്കുകൾ കരയിലേയ്ക്ക് എത്തിച്ചിരുന്നത് ചിലങ്കകൾ എന്നറിയപ്പെട്ടിരുന്ന വലിയ വള്ളങ്ങളിലായിരുന്നു.

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വിദേശവാണിജ്യബന്ധം ഉണ്ടായിരുന്ന ആലപ്പുഴയെ “കിഴക്കിന്റെ വെന്നീസ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ഇവിടം വിനോദസഞ്ചാര ലോകഭൂപടത്തില്‍ ജലോത്സവങ്ങളുടെ നാടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റുട്രോഫി വള്ളംകളി വേമ്പനാട്ടുകായലിലെ പുന്നമടയില്‍ ആണ്.

ഈ വള്ളംകളി കണ്ട് ആവേശഭരിതനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പിന്നീട് വെള്ളികൊണ്ട് ട്രോഫി ഉണ്ടാക്കി ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തു. ഈ ട്രോഫിക്കായിട്ടാണ് വര്‍ഷംതോറും നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ തുടക്കമായ പോര്‍ട്ടുഗീസുകാര്‍ മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവരെ നീളുന്നതാണ് ആധുനിക ആലപ്പുഴയുടെ ചരിത്രം.

പോര്‍ട്ടുഗീസുകാര്‍ മാത്രമല്ല ഡച്ചുകാരും ഇംഗ്ലീഷുകാരും സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായ ഈ മണ്ണിനെ കൈയ്ക്കലാക്കാന്‍ മോഹിച്ചു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഉള്‍പ്പെട്ട ആലപ്പുഴയ്ക്ക് കേരളചരിത്രത്തില്‍ എത്രയോ കഥകള്‍ ആണ് പറയാനുള്ളത്. അമ്പലപ്പുഴ, കുട്ടനാട് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ “പുറക്കാട്’ അഥവാ ചെമ്പകശ്ശേരി എന്നാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ “പൊര്‍ക്ക’ എന്ന് രേഖപ്പെടുത്തി കാണുന്നു. ദേവന്‍ നാരായണന്മാര്‍ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാരാണ് ഇവിടം ഭരിച്ചിരുന്നത്.

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അയല്‍രാജ്യങ്ങള്‍ ഓരോന്നായി കിഴടക്കിയപ്പോള്‍ ചെമ്പകശ്ശേരിയേയും പിടിച്ചെടുത്ത് തിരുവിതാംകൂറിനോട് ചേര്‍ത്തു. ഇതോടെ ഈ ഭാഗത്തെ പുതിയ ചരിത്രം ആരംഭിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അധികാരമേറ്റ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)ന്റെ ദിവാന്‍ രാജാ കേശവദാസന്‍ (1788-1799) ആണ് ആലപ്പുഴ തുറമുഖത്തിനും, പട്ടണത്തിനും തുടക്കം കുറിച്ചത്.

വേലുത്തമ്പി ദളവ (1800-1809)യുടെ ആസ്ഥാനം കുറച്ചുകാലം ആലപ്പുഴ ആയിരുന്നു. 1859ല്‍ ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആലപ്പുഴ ആദ്യത്തെ പോസ്റ്റാഫീസ് തുറന്നതും ജെയിംസ് ഡാറ എന്ന അമേരിക്കക്കാരന്റെ കീഴില്‍ നവീന രീതിയിലുള്ള കയര്‍ ഫാക്ടറി ആരംഭിച്ചതും. 1863ന് ആലപ്പുഴയില്‍ ടെലഗ്രാഫ് ഓഫീസ് ആരംഭിച്ചു.

കരുമാടിയിലെ ബുദ്ധവിഗ്രഹം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എടത്വപള്ളി, നാഗരാജ ക്ഷേത്രമായ മണ്ണാറശാല, പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം, വിപ്ലവഭൂമിയായ വയലാര്‍പുന്നപ്ര, കുഞ്ചന്‍നമ്പ്യാരുടെ തുള്ളലിന്റെ ജന്മഭൂമി, വഞ്ചിപ്പാട്ട് പ്രസ്ഥാനമായ രാമപുരത്ത് വാര്യരുടെ കര്‍മ്മഭൂമി, വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപിള്ളയുടെ ജന്മഭൂമി, കായംകുളം താപനിലയം തുടങ്ങിയവയെല്ലാം ആലപ്പുഴയിലാണ്.

Interesting Facts – Alappuzha

■ കഴ്‌സണ്‍പ്രഭു ‘കിഴക്കിന്റെ വെനീസ്‌’ എന്ന്‌ വിശഷിപ്പിച്ചു.

■ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല.

■ കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപിതമായി (1857).

■ കേരളത്തിലെ ആദ്യത്തെ കയര്‍ഫാക്ടറി (ഡാറാസ്‌ മെയില്‍ എന്നപേരില്‍) 1859-ല്‍ സ്ഥാപിതമായി.

■ കയര്‍വ്യവസായത്തില്‍ ഒന്നാംസ്ഥാനം.

■ പശ്ചിമതീരത്തെ ആദ്യ വിളക്കുമാടം സ്ഥാപിക്കപ്പെട്ടു.

■ കേരള വാട്ടര്‍ ട്രാന്‍സ്‌ പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ആസ്ഥാനം.

■ മലകളും വനഭൂമിയും ഇല്ലാത്ത ജില്ല.

■ വള്ളംകളികളുടെ നാട്‌.

■ വേലകളി എന്ന കലാരൂപത്തിന്‌ പ്രശസ്തമായ ജില്ല.

■ രാജീവ്ഗാന്ധിയുടെ പേരില്‍ നാമകരണംചെയ്യപ്പെട്ട താപവൈദ്യുതനിലയമാണ്‌ കായംകുളം താപവൈദ്യുതനിലയം (ഇന്ധനമായി ഉപയോഗിക്കുന്നത്‌ നാഫ്ത].

■ കേരളത്തിലെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സെന്‍റര്‍ പുന്നമടക്കായലിലാണ്‌.

■ ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു അമ്പലപ്പുഴ.

■ ഗാന്ധാരത്തില്‍നിന്നു ലഭിച്ച ബുദ്ധപ്രതിമയില്‍ പരാമര്‍ശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധമതകേന്ദ്രമാണ്‌ ശ്രീമൂലവാസം.

■ കുട്ടനാട്ടുകാര്‍ എന്ന അര്‍ഥത്തില്‍ ആദ്യകാല ചേരന്മാര്‍ അറിയപ്പെട്ടത്‌ കുട്ടുവന്‍മാര്‍ എന്നാണ്‌.

■ റോമാസാമ്രാജ്യവുമായി വ്യാപാരബന്ധം പുലര്‍ത്തിയ ‘ബക്കറെ’ ഇന്നറിയപ്പെടുന്നത്‌ പുറക്കാട്‌.

■ ഡച്ച്‌ രേഖകളില്‍ ‘ബെറ്റിമനി’ എന്നറിയപ്പെട്ടത്‌ കാര്‍ത്തികപ്പള്ളി.

■ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസനാണ്‌ ആലപ്പുഴ പട്ടണം പണികഴിപ്പിച്ചത്‌.

■ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ 1946-ല്‍ നടന്ന സമരമാണ്‌ പുന്നപ്ര വയലാര്‍ സമരം.

■ 1957-ലെ ഒരണ സമരത്തിന്‌ വേദിയായതും ആലപ്പുഴ ജില്ലയാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ കായല്‍ വേമ്പനാട്ടു കായല്‍.

■ തണ്ണീര്‍മുക്കം ബണ്ട്‌, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ വേമ്പനാട്ടു കായലിലാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ ബണ്ട്‌ തണ്ണീര്‍മുക്കം (കരിമീനിന്‌ പ്രശസ്തമാണ്).

■ കുട്ടനാട്ടിലെ അധികജലം കടലിലേക്ക്‌ ഒഴുക്കുന്നതിന്‌ നിര്‍മിച്ച സ്പില്‍വേയാണ്‌ തോട്ടപ്പള്ളി.

■ ജില്ലയിലെ പ്രശസ്തമായ ദ്വീപുകളാണ്‌ പാതിരാമണല്‍, പെരുമ്പളം.

■ 1952-ല്‍ ആരംഭിച്ച നെഹ്റുട്രോഫി വള്ളംകളിക്ക്‌ വേദിയാകുന്നത്‌ പുന്നമടക്കായലാണ്‌.

■ സമുദ്രനിരപ്പില്‍ നിന്ന്‌ താഴെ സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തിലെ ഹോളണ്ട്‌ എന്നാണ്‌ കുട്ടനാട്‌ അറിയപ്പെടുന്നത്‌.

■ ആലപ്പുഴയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന അമ്പലപ്പുഴയിലാണ്‌ കുഞ്ചന്‍നമ്പ്യാര്‍ ആദ്യതുള്ളല്‍ അവതരിപ്പിച്ചത്‌.

■ പാല്‍പ്പായസത്തിന്‌ പ്രശസ്തമായ അമ്പലപ്പുഴ ശ്രികൃഷ്ണക്ഷേത്രം തെക്കിന്റെ ദ്വാരക, ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നിങ്ങനെ അറിയപ്പപെടുന്നു.

■ 1924-ല്‍ മഹാകവി കുമാരനാശാന്‍ പല്ലനയാറ്റില്‍വെച്ച്‌ ബോട്ടപകടത്തില്‍ മരണപ്പെട്ട സ്ഥലമാണ്‌ കുമാരകോടി.

■ തുമ്പോളി, പുറക്കാട്‌ കടല്‍ത്തീരങ്ങൾ ചാകരയ്ക്ക്‌ പ്രശസ്തമാണ്‌.

■ കൃഷ്ണപുരം കൊട്ടാരത്തിലാണ്‌ കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ചിത്രമായ ‘ഗജേന്ദ്രമോക്ഷം’ ഉള്ളത്‌.

■ കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ഉദയാസ്റ്റുഡിയോ ആലപ്പുഴയിലാണ്‌.

■ കടല്‍ത്തീരം കൂടിയ താലൂക്കാണ്‌ ചേര്‍ത്തല.

■ ആദ്യ കയര്‍ ഗ്രാമം – വയലാര്‍.

■ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാമമാണ്‌ നെടുമുടി.

■ കേരളത്തിന്റെ നെല്ലറ കുട്ടനാട്‌ (ആലപ്പുഴ).

■ കേരളത്തിന്റെ പഴനി എന്നറിയപ്പെടുന്ന്‌ ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രമാണ്‌.

■ തകഴി മ്യൂസിയം സ്ഥിതിചെയ്യുന്നത്‌ ആലപ്പുഴയിലും സ്മാരകം ശങ്കരമംഗലത്തുമാണ്‌.

■ കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്‌ നൂറനാടാണ്‌.

■ കേരള സ്റ്റേറ്റ്‌ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട്‌ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നു.

■ കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം കായംകുളത്താണ്‌.

■ നെല്ലു ഗവേഷണ കേന്ദ്രം മങ്കൊമ്പ്‌ (ആലപ്പുഴ) സ്ഥിതിചെയ്യുന്നു.

■ എള്ളുകൃഷിക്ക്‌ പ്രശസ്തമായ ജില്ലയിലെ സ്ഥലമാണ്‌ ഓണാട്ടുകര.

■ രാജാരവിവര്‍മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌ മാവേലിക്കരയില്‍ സ്ഥിതിചെയ്യുന്നു.

■ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, പി.കെ. നാരായണപിള്ള സ്മാരകം എന്നിവ അമ്പലപ്പുഴയിലാണ്‌.

■ കേരള കാര്‍ട്ടൂണ്‍ മ്യൂസിയം – കായംകുളം.

■ കേരളത്തിലെ ആദ്യത്തെ സീഫുഡ്‌ പാര്‍ക്ക്‌ – അരൂര്‍.

■ കേരളത്തിലെ ആദ്യത്തെ സിദ്ധഗ്രാമം -ചന്ദിരൂര്‍.

■ കേരളത്തിലെ ആദ്യ താപ വൈദ്യുതനിലയമാണ്‌ – കായംകുളം.

■ കേരളത്തിലെ ആദ്യ തരിശുരഹിത ഗ്രാമപ്പഞ്ചായത്ത് മണ്ണഞ്ചേരി.

■ ഗ്ലാസ്‌ നിര്‍മാണത്തിനുപയോഗിക്കുന്ന കണ്ണാടിമണലിന്‌ പ്രശസ്തമായ സ്ഥലമാണ്‌ ചേര്‍ത്തല.

■ പുന്നപ്രവയലാര്‍ രക്തസാക്ഷിമണ്ഡപം ആലപ്പുഴയിലെ വലിയചുടുകാട്‌.

■ കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങൾ മോണോസൈറ്റ്‌ അടങ്ങിയ കരിമണല്‍നിക്ഷേപത്തിന്‌ പ്രശസ്തമാണ്‌.

■ “കണ്‍കണ്ട ദൈവം ‘ എന്ന്‌ ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമതവിഗ്രഹമാണ്‌ കരുമാടിക്കുട്ടന്‍.

ആലപ്പുഴ ഒറ്റനോട്ടത്തില്‍

കേരളത്തിലെ ആദ്യത്തെ ആധുനിക തുറമുഖ നഗരംആലപ്പുഴ
വിസ്തീര്‍ണത്തില്‍: 14ാം സ്ഥാനം
ജില്ലാരൂപീകരണം: 1957 ആഗസ്റ്റ് 17
വിസ്തീര്‍ണം: 1414 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 9 (അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍,  മാവേലിക്കര (എസ്.സി.)
റവന്യൂ ഡിവിഷനുകള്‍: 2
താലൂക്കുകള്‍: 6 (ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി,  ചെങ്ങന്നൂര്‍, മാവേലിക്കര)
വില്ലേജുകള്‍: 93
നഗരസഭകള്‍: 6 (ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ഹരിപ്പാട്,  ചെങ്ങന്നൂര്‍, മാവേലിക്കര)
ബ്ലോക്ക് പഞ്ചായത്തുകള്‍: 12
ഗ്രാമപഞ്ചായത്തുകള്‍: 72
ജനസംഖ്യ (2011): 2127789
പുരുഷന്മാര്‍: 1013142
സ്ത്രീകള്‍: 1114647
ജനസാന്ദ്രത: 1505 ച.കി.മീ.
സ്ത്രീപുരുഷ അനുപാതം: 1100/1000
സാക്ഷരത: 95.72
ഡിവിഷനുകള്‍: ചെങ്ങന്നൂര്‍, ആലപ്പുഴ
നദികള്‍: മണിമല, പമ്പ, അച്ചന്‍കോവില്‍
കായല്‍: വേമ്പനാട്ടുകായല്‍
Based on 2011 census

Loading