PSC Study Note – ഇടുക്കി

1972 ജനുവരി 26നാണു ഇടുക്കി ജില്ല രൂപീകൃതമായത്. ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കിയെന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്. 4358 ചതുരശ്രകിലോമീറ്റര്‍ വിസ്തീർണ്ണമാണ് ജില്ലയ്ക്കുള്ളത്. തൊടുപുഴ ആണ് ഇടുക്കി ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടുക്കി ജില്ലയെ മലകള്‍, മലഞ്ചെരിവുകള്‍, താഴ്വരകള്‍, ചതുപ്പുനിലങ്ങള്‍, കാടുകള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ ആറായി തരംതിരിക്കാം.

പുരാതന സംസ്ക്കാരം നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഇടുക്കി ജില്ലയിലുണ്ട്. ജില്ലയിലെ കുരങ്ങു പട്ടട, വലിയാര്‍വീട്, കുറുമ്പന്‍കോട്ട, മുനിയറ, നന്നങ്ങാടി, പാണ്ടുകുഴി, പഞ്ചപാണ്ഡവര്‍ മഠങ്ങള്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും ശിലായുഗ സംസ്കാരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

തൊപ്പിക്കല്ല്, കുടക്കല്ല്, നാട്ടുകല്ല്, ഒറ്റക്കല്ല്, സംസ്ക്കാര പേടകം, ചുട്ടെടുത്ത പേടകങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി നവീനശിലായുഗത്തിനു ശേഷമുള്ള ലോഹയുഗസംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പുരാവസ്തുശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ പ്രകാരം ബി.സി 10000-നു മേല്‍ പഴക്കവും പഴമയും കല്‍പ്പിക്കപ്പെടുന്നതുമായ നിരവധി ഗുഹകൾ ജില്ലയിലുണ്ട്.

മറയൂര്‍ ഗുഹകള്‍, വെള്ളപ്പാറ ശിലായുഗ അറകള്‍, മംഗളാദേവിക്ഷേത്രസമുച്ഛയം, അറക്കുളം പൊട്ടന്‍മുടി മലനിരകളിലെ വിശാലമായ ഗുഹാചിത്രങ്ങള്‍ എന്നിവ ഇവിടെ നിന്നിരുന്ന ഒരു സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍ കുറവന്‍കുറത്തി മലയിലെ ഇടുക്കിലൂടെയാണ് ഒഴുകുന്നത്. ഈ ഇടുക്കില്‍ നിന്നാണ് ജില്ലയ്ക്ക് പേര് ലഭിച്ചത്.

കുടിയേറ്റത്തിന്റേയും ഗോത്രസംസ്കാരത്തിന്റേയും തോട്ടങ്ങളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും വിനോദസഞ്ചാരകേന്ദ്രങ്ങളുടേയും നാടാണ് ഇടുക്കി. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇവിടെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളും ചന്ദനമരങ്ങളും ഉള്ള ജില്ലയാണ് ഇടുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേലകേന്ദ്രമായ വണ്ടന്‍മേടും ഇടുക്കിയില്‍തന്നെ.

തിരുവിതാംകൂറില്‍ ആദ്യമായി വൈദ്യുതി നിര്‍മ്മിച്ച സ്ഥലവും ഇടുക്കിയിലെ കണ്ണന്‍ ദേവന്‍ തോട്ടങ്ങളിലാണ്. ആയിരത്തി തൊള്ളായിരത്തിന്റെ(1900) ആദ്യദശകത്തില്‍, തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് കണ്ണന്‍ദേവന്‍ വൈദ്യുത പദ്ധതിക്ക് അനുവാദം നല്‍കിയത്. അതിനുശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ വൈദ്യുത ഉല്പാദനത്തിനുള്ള ശ്രമം തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായിരുന്നു 1940ല്‍ ഉദ്ഘാടനം ചെയ്ത പള്ളിവാസല്‍ ജല വൈദ്യുത പദ്ധതി. തേയില, കാപ്പി, ഏലം, വെളുത്തുള്ളി എന്നിവയുടെ കൃഷിഭൂമിയായ ഇടുക്കിയുടെ തോട്ടം മേഖലയ്ക്ക് തുടക്കം ഇംഗ്ലീഷുകാരായിരുന്നു.

1870ല്‍ ആണ് തിരുവിതാംകൂര്‍ ഗവണ്മെന്‍റ് ശാസ്ത്രീയമായ തോട്ടകൃഷി നടപ്പിലാക്കാന്‍ തുടങ്ങിയത്. 1877ല്‍ നീലഗിരി കുന്നുകള്‍ക്ക് തെക്കുള്ള കണ്ണന്‍ദേവന്‍ കുന്നുകള്‍ പൂഞ്ഞാര്‍ രാജാവ് ഇംഗ്ലീഷുകാരനായ ജോണ്‍ ഡാനിയല്‍ മണ്‍റോയ്ക്ക് വിറ്റു. അവിടെയാണ് ഇംഗ്ലീഷുകാര്‍ ശാസ്ത്രീയമായ തോട്ടം ആരംഭിച്ചത്. ഈ തോട്ടങ്ങള്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് എന്ന് പിന്നീട് അറിയപ്പെട്ടു. അതിനു വടക്കുള്ള അഞ്ചനാടുവില്ലേജില്‍ താമസിച്ചിരുന്ന ഗ്രാമത്തലവനായ കണ്ണന്‍ തേവരില്‍ നിന്നും ആണ് ഈ പേര് ഉണ്ടായത്.

ഏറ്റവും കൂടുതല്‍ മലഞ്ചരക്കു വ്യാപാരം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇടുക്കി. ജില്ലയില്‍ 7-ല്‍ പരം ജലവൈദ്യുത പദ്ധതികളുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 66% ഉല്‍പാദിപ്പിക്കുന്നതും ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളില്‍ നിന്നാണ്. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം, ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി എന്നിവ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഇടുക്കി അണക്കെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ആണ്.

ജില്ലയുടെ 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. അവയിൽ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്. എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ.

ഇടുക്കി അണക്കെട്ട്

കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഈ റിസർവോയർ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാനഅണക്കെട്ടാണിത്.

1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനംചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്.

പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭവൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌.

1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെക്കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്കു വഴികാട്ടിയായി കൊലുമ്പനെക്കൂട്ടി. കൊലുമ്പൻ, കുറവൻ കുറത്തി മലയിടുക്കു കാണിച്ചുകൊടുത്തു.

മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാദ്ധ്യതകളെക്കുറിച്ച്‌, തിരുവിതാംകൂർ ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു.

1937ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്നീ എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിനനുകൂലമായി പഠനറിപ്പോർട്ടു സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച്‌, അണക്കെട്ടു നിർമ്മിക്കാൻ വിവിധ പഠനറിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്രജലവൈദ്യുതക്കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾനടത്തിയിരുന്നു.

1961-ലാണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963ൽ പദ്ധതിക്ക്‌, കേന്ദ്ര ആസൂത്രണക്കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.

മുല്ലപ്പെരിയാര്‍ 

മുല്ലപ്പെരിയാര്‍ ഡാംകേരളവും തമിഴ്നാടും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയമായ, മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെതുടക്കം 1850കളിലാണ്. അന്ന് ഇന്ത്യ ഭരിച്ചിരുന്നത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു. 1846ല്‍ സര്‍വ്വകലാവല്ലഭനായ സ്വാതിതിരുനാള്‍ മഹാരാജാവ് അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെഅനുജന്‍ ഉത്രം തിരുനാള്‍ (1847-1860) അധികാരത്തില്‍ വന്നു. ഈ സമയത്താണ് മദ്രാസ് പ്രവിശ്യയിലെ മധുരരാമനാട് ജില്ലയില്‍ രൂക്ഷമായ ജലക്ഷാമവും പട്ടിണിയും ഉണ്ടായത്. മഴ ലഭിക്കാത്തതിനാല്‍ കൃഷി ആകെ നശിച്ചു. ഇതേത്തുടര്‍ന്നാണ് തിരുവിതാംകൂറിലെ പ്രധാന നദിയായ പെരിയാറ്റിലെ വെള്ളം അണകെട്ടി മദ്രാസിലെ വരള്‍ച്ച ബാധിച്ച പ്രദേങ്ങളിലേയ്ക്ക് തിരിച്ചുവിടാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ആലോചന തുടങ്ങിയത്.

ഇതിനിടയില്‍ ഉത്തരേന്ത്യയിലെ കലാപത്തെ തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിനുശേഷം പെരിയാറ്റിലെ വെള്ളം തിരിച്ചുവിടുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് ശക്തികൂടി. ഉത്രം തിരുനാള്‍ അന്തരിച്ചതിനെ തുടര്‍ന്ന് ആയില്യം തിരുനാള്‍ മഹാരാജാവ് ഭരണാധികാരിയായി.

അന്നത്തെ ദിവാന്‍ സര്‍. ടി. മാധവറാവുവിനോട് പെരിയാര്‍ വെള്ളം തിരിച്ചുവിടുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്‍റ് ഫിഷര്‍ കത്തുവഴി ആവശ്യപ്പെട്ടു. തിരുവിതാംകൂറിന് അന്ന് ജലസേചനപദ്ധതികളെപ്പറ്റി വലിയ ആലോചനയൊന്നും ഇല്ലായിരുന്നു. ഇതുകാരണം പാഴായിപ്പോകുന്ന വെള്ളം മദ്രാസിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല, എന്ന ചിന്തയാണ് പ്രഗല്‍ഭനായ ദിവാന്‍ മാധവറാവുവിനു പോലും ഉണ്ടായത്.

അന്നത്തെ ചീഫ് എന്‍ജിനീയര്‍ വില്യം ബാര്‍ട്ടനും, ദിവാന്റെഅഭിപ്രായത്തോട് യോജിപ്പുള്ള ആളായിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളത്തിന് പ്രതിഫലം വാങ്ങി മദ്രാസിന് നല്‍കാനുള്ള ചര്‍ച്ചയാണ് പിന്നീട് നടന്നത്. എന്നാല്‍ പെരിയാറിലെ വെള്ളം നല്‍കിയാല്‍ ഭാവിയില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നദി വറ്റിപ്പോകുമെന്നും ഉള്ള വിദഗ്ദ്ധ റിപ്പോര്‍ട്ട് പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാരിന് ലഭിച്ചു. മദ്രാസ് സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. തിരുവിതാംകൂറിന്റെഭരണം നിയന്ത്രിച്ചിരുന്നത് മദ്രാസ് ഗവര്‍ണര്‍ ആണ്. അതുകൊണ്ടുതന്നെ അധികാരം ഉപയോഗിച്ച് അവര്‍ തിരുവിതാംകൂറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി.

1880ല്‍ ആയില്യം തിരുനാള്‍ അന്തരിച്ചു. ഇതേത്തുടര്‍ന്ന് വിശാഖം തിരുനാള്‍ രാജാവായി. അദ്ദേഹത്തിന്റെഭരണം 1885 വരെ തുടര്‍ന്നു. ആ സമയത്തെല്ലാം തര്‍ക്കം തുടരുകയായിരുന്നു. തിരുവിതാംകൂര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെല്ലാം മദ്രാസ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. 1885ല്‍ ശ്രീമൂലം തിരുനാള്‍ രാജാവായി. ഈ സമയത്താണ് മദ്രാസ് സര്‍ക്കാരിന്റെസമ്മര്‍ദ്ദം ശക്തമായത്. വെള്ളം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മദ്രാസ് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. അങ്ങനെ ഗത്യന്തരമില്ലാതെ 1886 ഒക്ടോബര്‍ 29ന് കരാറില്‍ ഒപ്പിടാന്‍ ശ്രീമൂലം തിരുനാള്‍ തയ്യാറായി.

പെരിയാര്‍ നദി ഇടുക്കിയിലെ ദേവികുളത്തിനു തെക്കുള്ള ശിവഗിരി കൊടുമുടിയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. 226 കിലോമീറ്റര്‍ നീളമുള്ള ഈ നദി ഇടുക്കി, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു. ഉത്ഭവസ്ഥാനത്തുനിന്നും അല്പം അകലെ എത്തുമ്പോള്‍ “മുല്ലയാര്‍’ എന്ന ഒരു ചെറിയ നദികൂടി ഇതിനോട് ചേരുന്നു. അതിനാലാണ് “മുല്ലപ്പെരിയാര്‍’ എന്ന പേരുവന്നത്. അവിടെ അണകെട്ടി വെള്ളം തിരിച്ചുവിടാനാണ് തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടി ദിവാന്‍ രാമയ്യരും മദ്രാസിനുവേണ്ടി ഇന്ത്യാ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയുടെ പ്രതിനിധി റസിഡന്‍റ് ഹാണിങ്ടണും 1886 ഒക്ടോബര്‍ 29ന് പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂറിലെ മരാമത്ത് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ഐ.എച്ച്. പ്രിന്‍സും സാക്ഷികളായി ഒപ്പിട്ടു. 999 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടത്.

ഇതുപ്രകാരം അണക്കെട്ടും മറ്റ് ഓഫീസുകളും നിര്‍മ്മിക്കുന്നതിന് 8000 ഏക്കര്‍ ഭൂമി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നല്‍കണമായിരുന്നു. ഇതിനു 40000 നഷ്ടപരിഹാരം നല്‍കും. ഈ തുക തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ക്കോയ്മ ഇനത്തില്‍ നല്‍കാനുള്ള തുകയില്‍ തട്ടിക്കഴിക്കും. 8000 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉപയോഗിച്ചാല്‍ ഓരോ ഏക്കറിനും 5 രൂപ നിരക്കില്‍ പാട്ടം നല്‍കണം.അണക്കെട്ട് നിര്‍മ്മിക്കാനുള്ള കല്ല്, മണ്ണ്, മുള തുടങ്ങിയ സാമഗ്രികള്‍ സൗജന്യമായി തിരുവിതാംകൂര്‍ നല്‍കണം.

റോയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജോണ്‍ പെനിക്വക്കിന് ആയിരുന്നു ഡാമിന്റെനിര്‍മ്മാണ ചുമതല. ചുണ്ണാമ്പ്, മണല്‍, ശര്‍ക്കര, കരരിങ്കല്ല് എന്നിവ ഉപയോഗിച്ച് അന്നത്തെ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ഡാം 1896ല്‍ പൂര്‍ത്തിയായി. ഇവിടെ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് വന്‍തോതില്‍ കൃഷി നടത്താനും ജലക്ഷാമം പരിഹരിക്കാനും മദ്രാസ് സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ പില്‍ക്കാലത്ത് മുല്ലപ്പെരിയാറിലെ വെള്ളം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മദ്രാസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചതാണ് പ്രശ്നമായത്.

കരാര്‍ പ്രകാരം നല്‍കുന്ന വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മദ്രാസിനുണ്ടെന്ന വാദം ആയിരുന്നു അവര്‍ ഉയര്‍ത്തിയത്. മദ്രാസ് സ്വദേശിയും നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ സര്‍. സി.പി. രാമസ്വാമി അയ്യരായിരുന്നു തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെരാഷ്ട്രീയ ഉപദേഷ്ടാവ്. അദ്ദേഹം വാദങ്ങള്‍ നിരത്തി മദ്രാസ് സര്‍ക്കാരിന്റെ നീക്കത്തെ പ്രതിരോധിച്ചു. സി.പി.യുടെ വാദങ്ങള്‍ മദ്രാസ് സര്‍ക്കാരിന് കണ്ണിലെ കരടായി. ഒടുവില്‍ പ്രശ്നം ഒരു ട്രൈബ്യൂണലിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് അംഗങ്ങള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്.

തിരുവിതാംകൂറിന്റെമുന്‍ ദിവാന്‍ വി.എസ്. സുബ്രഹ്മണ്യ അയ്യരും മദ്രാസിലെ മുന്‍ ജഡ്ജി ഡേവിഡ് ദേവദാസും ട്രൈബ്യൂണലിലെ അംഗങ്ങളായി നിയമിക്കപ്പെട്ടു. 1936 ആഗസ്റ്റ് 21 മുതല്‍ മദ്രാസില്‍ വച്ചായിരുന്നു വാദം കേട്ടത്. 1937 ജനുവരിയില്‍ വിധി പറഞ്ഞു. പക്ഷെ രണ്ടുപേരുടേയും വിധി പരസ്പരവിരുദ്ധമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്നം നളിന്‍ നിരഞ്ജന്‍ ചാറ്റര്‍ജി എന്ന മധ്യസ്ഥന് വിട്ടു. ഈ സമയം ആയപ്പോഴേക്കും സി.പി. തിരുവിതാംകൂര്‍ ദിവാനായിക്കഴിഞ്ഞിരുന്നു.

1941 ജനുവരി ഒന്നുമുതല്‍ അഞ്ചുവരെ നിയമസഭാഹാളില്‍ (സെക്രട്ടേറിയേറ്റിനോടനുബന്ധിച്ച) ആയിരുന്നു വാദം നടന്നത്. മദ്രാസിനു വേണ്ടി ഇന്ത്യയിലെങ്ങും പേരുകേട്ട നിയമജ്ഞനായ അല്ലാഡി കൃഷ്ണസ്വാമി അയ്യരും സംഘവും ഹാജരായി. മുന്‍ ഹൈക്കോടതി ജഡ്ജി ജി. പരമേശ്വരന്‍പിള്ള, സി.പി.യുടെ മകന്‍ പട്ടാഭിരാമന്‍, എസ്. വൈദ്യനാഥ അയ്യര്‍ തുടങ്ങിയവര്‍ തിരുവിതാംകൂറിന് വേണ്ടി ഹാജരായി. എന്നാല്‍ വാദം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ സര്‍. സി.പി. തന്നെ വക്കീല്‍ കോട്ടണിഞ്ഞ് രംഗത്തെത്തി. മുല്ലപ്പെരിയാറിലെ വെള്ളം ദാഹജലവും കൃഷി ആവശ്യത്തിനുമാണ് തിരുവിതാംകൂര്‍ നല്‍കിയതെന്നും ഇതു വ്യൈുതി ഉല്പാദനം പോലുള്ള വാണിജ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും സമാനമായ കേസിന്റെവിധികള്‍ ചൂണ്ടിക്കാട്ടി സി.പി. വാദിച്ചു.

കരാര്‍ ഉണ്ടാക്കുന്ന കാലത്ത് വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിച്ചിരുന്നില്ലെന്നും ഇപ്പോള്‍ തിരുവിതാംകൂര്‍ തന്നെ ഇത്തരം സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലും മറ്റുപല രാജ്യങ്ങളിലും ഇതുപോലുള്ള കേസുകള്‍ ഉണ്ടായപ്പോള്‍ ഉള്ള വിധികള്‍ കൂടി അവതരിപ്പിച്ചുകൊണ്ടുള്ള സി.പി.യുടെ വാദം എല്ലാവരേയും അത്ഭുതപ്പെടുത്തി. അവസാനം വിധി പ്രഖ്യാപിച്ചു. അത് തിരുവിതാംകൂറിന് അനുകൂലമായിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം വൈദ്യുതി ഉല്പാദനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് അതോടെ തീരുമാനമായി. എന്നാല്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെകാലാവധി 999 വര്‍ഷത്തേയ്ക്കെന്നത് സി.പി.യെ അലോസരപ്പെടുത്തി. ഈ കരാറിന്റെകാലാവധി കുറയ്ക്കാന്‍ സി.പി. ശ്രമം തുടങ്ങി.

സ്വാതന്ത്ര്യലബ്ധി അടുത്തുവന്നപ്പോള്‍ ഈ കരാര്‍ റദ്ദാക്കാന്‍ അദ്ദേഹം ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ സമീപിച്ചു. അതിനിടയിലാണ് സി.പി.യ്ക്ക് വെട്ടേറ്റതും സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂര്‍ വിട്ടതും. സ്വാതന്ത്ര്യലബ്ധിയോടെ മദ്രാസ് സര്‍ക്കാര്‍ പഴയ ആവശ്യം വീണ്ടും ഉന്നയിച്ചു.

മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള മദ്രാസിന്റെആവശ്യത്തില്‍ പല ദേശീയനേതാക്കളും കേരളത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. 1970 മേയ് 29ന് കേരളവും മദ്രാസും തമ്മില്‍ ഇതുസംബന്ധിച്ച് കരാര്‍ ഉണ്ടാക്കി. സി. അച്ചുതമേനോന്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി. എന്തുകൊണ്ടാണ് ഇങ്ങനെ തീരുമാനത്തില്‍ അന്നത്തെ കേരള സര്‍ക്കാര്‍ എത്തിയെന്ന് ഇന്നും അജ്ഞാതമാണ്. ഇതേപ്പറ്റി ഭിന്നാഭിപ്രായങ്ങളാണ് ഇന്നുമുള്ളത്.

Idukki – Interesting Facts

■ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല.

■ കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നു

■ സമുദ്രതീരവും റയില്‍വേയും ഇല്ലാത്ത ജില്ല.

■ സ്ത്രീ പൂരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല.

■ ജനസാന്ദ്രതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ല.

■ സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്‌, ഏലം, ഗ്രാമ്പു, കറുവപ്പട്ട ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം.

■ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.

■ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളും നാഷണല്‍ പാര്‍ക്കുകളുമുള്ള ജില്ല.

■ കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്നു.

■ ഇന്ത്യയിലെ ആദ്യ റൂറല്‍ ബ്രോഡ്‌ – ബാന്‍ഡ്‌ കണക്റ്റിവിറ്റി ലഭിച്ച ജില്ല.

■ കേരളത്തിലെ പ്രാചിന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലമാണ്‌ മറയൂര്‍.

■ കുലശേഖര സാമ്രാജ്യഭാഗമായ നന്തുഴിനാടിന്റെ ഭാഗമായിരുന്നു ഇടുക്കി.

■ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്‌ ഇടുക്കി ജലവൈദ്യുതപദ്ധതി.

■ ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്‌ ഡാം ആയ ഇടുക്കി ഡാം കുറവന്‍ കുറത്തി മലകൾക്കിടയില്‍ സ്ഥിതി ചെയ്യുന്നു.

■ കേരളത്തിലെ ആദ്യവന്യജീവി സങ്കേതമാണ്‌ പെരിയാര്‍ (തേക്കടി).

■ 1934 ശ്രിചിത്തിരതിരുനാൾ നെല്ലിക്കാംപെട്ടി എന്ന പേരിലാണ്‌ ഈ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത്‌.

■ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ്‌ പെരിയാര്‍ വന്യജീവി സങ്കേതം

■ കേരളത്തിലെ ആദ്യ കടുവസങ്കേതമാണ്‌ 1918-ല്‍ പ്രഖ്യാപിക്കപ്പെട്ട പെരിയാര്‍ കടുവാ സങ്കേതം.

■ കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനമാണ്‌ വരയാടുകൾക്ക്‌ പ്രശസ്തമായ ഇരവികുളം (1978).

■ കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ്‌ 1940 -ല്‍ പ്രവര്‍ത്തനമാരംഭിച്ച പള്ളിവാസല്‍ (മുതിരമ്പുഴയാറില്‍).

■ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം 2695 മീറ്റര്‍ ആണ്‌.

■ കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനമാണ്‌ പാമ്പാടും ചോല.

■ ഒരു പുഷ്പത്തിന്റെ പേരില്‍ അറിയപ്പെടുന്ന വന്യജീവിസങ്കേതമാണ്‌ കുറിഞ്ഞിമല.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകൾ പെരിയാര്‍ നദിയിലാണ്‌

■ ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉൾപ്പെട്ട മൂന്ന്‌ അണക്കെട്ടുകളാണ്‌ ഇടുക്കി, ചെറുതോണി കുളമാവ്‌.

■ കേരളത്തിലെ ഉയരം കൂടിയ അണക്കെട്ടാണ്‌ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട്‌.

■ ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസിയാണ്‌ ഇടുക്കി പദ്ധതി പ്രദേശം കാണിച്ചുകൊടുത്തത്‌.

■ ചെമ്പന്‍ കൊലുമ്പന്‍ പ്രതിമ ചെറുതോണിയിൽ സ്ഥിതി ചെയ്യുന്നു.

■ കാനഡയുടെ സഹായത്തോടെയാണ്‌ ഇടുക്കി പദ്ധതി നടപ്പിലാക്കിയത്‌.

■ കാറ്റില്‍ നിന്ന്‌ വൈദ്മുതി ഉത്പാദിപ്പിക്കുന്ന പ്രദേശമാണ്‌ രാമക്കൽമേട്.

■ കന്നുകാലി ഗവേഷണത്തിനായുള്ള ഇന്‍ഡോ സ്വിസ്‌ പ്രോജക്ട്‌ മാട്ടുപ്പെട്ടിയിലാണ്‌.

■ ഇന്‍ഡോ – സ്വിസ്‌ പ്രൊജെക്ടിലൂടെ വികസിപ്പിച്ചെടുത്ത കന്നുകാലിയിനമാണ്‌ സ്വിസ്‌ ബ്രൗൺ.

■ രാജ്യത്തെ ആദ്യമാതൃകാ കന്നുകാലി ഗ്രാമമാണ്‌ മാട്ടുപ്പെട്ടി.

■ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്ത ആദ്യപഞ്ചായത്ത്‌ – മാങ്കുളം.

■ കേരളത്തിലെ ആദ്യ ജൈവഗ്രാമവും തേന്‍ ഉത്പാദക ഗ്രാമവുമാണ്‌ ഉടുമ്പന്നൂര്‍.

■ കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ പാമ്പാറിലാണ്‌ തൂവാനം വെള്ളച്ചാട്ടം.

■ പെരിയാറിന്റെ പോഷകനദികളാണ്‌ മുല്ലപ്പെരിയാര്‍, പെരുന്തുറയാര്‍, കട്ടപ്പനയാര്‍, ചെറുതോണിയാര്‍, മുതിരമ്പുഴ, തൊട്ടിയാര്‍, ഇടമലയാര്‍.

■ ചാമ്പല്‍ മലയണ്ണാനുകൾക്കും നക്ഷത്ര ആമകൾക്കും പ്രശസ്തമാണ്‌ ചിന്നാര്‍ വന്യജീവി സങ്കേതം.

■ സുഗന്ധവ്യഞ്ജനപാര്‍ക്ക്‌ പുറ്റടിയില്‍ സ്ഥിതിചെയ്യുന്നു.

■ ഇടുക്കി ജില്ലയെ തമിഴ്‌നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്ന ചുരമാണ്‌ ബോഡിനായ്ക്കനൂര്‍ ചുരം

■ കേരളത്തിലെ ആദിവാസി പഞ്ചായത്ത്‌ ഇടമലക്കുടി.

■ ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത് – ഇടമലക്കുടി.

■ സമ്പൂര്‍ണ റൂറല്‍ ബ്രോഡ്‌ – ബാൻഡ് സേവനം ലഭിച്ച ഇന്ത്യയിലെ ആദ്യപഞ്ചായത്ത്‌ ഇടമലക്കുടി.

■ ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രമാണ്‌ വണ്ടന്‍മേട്‌.

■ ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്‌ പാമ്പാടുംപാറ.

■ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ്‌ കുത്തുങ്ങല്‍.

■ ചന്ദനമരങ്ങൾക്ക്‌ പ്രശസ്തമായ സ്ഥലമാണ്‌ മറയൂര്‍.

■ കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നഗരമാണ്‌ മൂന്നാര്‍.

■ മുതിരമ്പുഴ, നല്ലതണ്ണി, കുണ്ട്ല എന്നി മൂന്ന്‌ ആറുകൾ ചേരുന്ന സ്ഥലമാണ്‌ മൂന്നാര്‍.

■ കേരളത്തിലെ ആദ്യ ഹൈഡല്‍ടൂറിസം പദ്ധതി ആരംഭിച്ചത്‌ മൂന്നാറിലാണ്‌.

■ 12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്ന നിലക്കുറിഞ്ഞിക്ക്‌ പ്രശസ്തമാണ്‌ മൂന്നാര്‍.

■ സ്ട്രോബിലാന്തസ്‌ കുന്തിയാന എന്നാണ്‌ നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം.

■ കേരളത്തിലെ ഏക ഗോത്രവർഗ രാജാവാണ്‌ കോഴിമല മാന്നാന്‍ രാജാവ്‌.

■ കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ക്ഷേത്രമാണ്‌ മംഗളദേവി ക്ഷേത്രം.

■ ചിത്ര പൗർണമി ഉത്സവത്തിന് പ്രശസ്തമാണ്‌ മംഗളദേവി ക്ഷേത്രം.

■ കുറവന്‍ കുറത്തി ശില്പം രാമക്കല്‍മേട്‌.

■ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്പിയായ ജോണ്‍ പെന്നിക്വിക്ക്‌ സ്മാരകം തേനി (തമിഴ്‌നാട്‌) യിലാണ്‌.

■ ഇന്ത്യന്‍ കാര്‍ഡമം (ഏലം) ഗവേഷണ കേന്ദ്രം മയിലാടുംപാറ (ഇടുക്കി).

ഇടുക്കി ഒറ്റനോട്ടത്തില്‍

സുഗന്ധവ്യഞ്ജനങ്ങളുടെ കലവറഇടുക്കി
വിസ്തീര്‍ണത്തില്‍: 2-ാം സ്ഥാനം
ജില്ലാരൂപീകരണം: 1972 ജനുവരി 26
ജില്ലാആസ്ഥാനം: പൈനാവ്
വിസ്തീര്‍ണം: 4358 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 5 (തൊടുപുഴ, ഇടുക്കി, ദേവികുളം (എസ്.സി.), ഉടുന്പന്‍ചോല, പീരുമേട്)
റവന്യൂ ഡിവിഷനുകള്‍: 2 (ഇടുക്കി, ദേവികുളം)
താലൂക്കുകള്‍: 5 (തൊടുപുഴ, ദേവികുളം, ഉടുന്പന്‍ചോല, പീരുമേട്, ഇടുക്കി)
വില്ലേജുകള്‍: 67
നഗരസഭകള്‍: 2 (തൊടുപുഴ, കട്ടപ്പന)
ബ്ലോക്ക് പഞ്ചായത്തുകള്‍: 8
ഗ്രാമപഞ്ചായത്തുകള്‍: 52
ജനസംഖ്യ (2011): 1108974
പുരുഷന്മാര്‍: 552808
സ്ത്രീകള്‍: 556166
ജനസാന്ദ്രത: 254 / ച.കി.മീ.
സ്ത്രീപുരുഷ അനുപാതം: 1006/1000
സാക്ഷരത: 91.99%
നദികള്‍: പെരിയാര്‍, മീനച്ചല്‍ ആറ്, മൂവാറ്റുപുഴ ആറ്, മണിമല ആറ്
Based on 2011 census

Loading