PSC Exam Notes : കണ്ണൂർ

1957 ജനുവരി ഒന്നിനാണ് കണ്ണൂർ ജില്ല രൂപം കൊള്ളുന്നത്. 1928ൽ ജവഹർലാൽ നെഹ്രു പങ്കെടുത്ത കോൺഗ്രസ് സമ്മേളനവും കെ കേളപ്പന്റെയും പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹവും നടന്നത് ജില്ലയിലെ പയ്യന്നൂരിലാണ്. തറികളുടെയും തിറകളുടെയും നാട് എന്നാണ് കണ്ണൂർ ജില്ല അറിയപ്പെടുന്നത്. നാടൻ കലകളിൽ പ്രധാനപ്പെട്ട തെയ്യത്തിന്റെ പ്രധാന കേന്ദ്രമാണ് കണ്ണൂർ. കൂടാതെ പൂരക്കളി, കോൽക്കളി തുടങ്ങിയവയും ജില്ലയിലെ പ്രധാന കലാരൂപങ്ങളാണ്.

ചിറയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് “കണ്ണന്‍ ഊര്’ എന്നതില്‍ നിന്നാണ് കണ്ണൂര്‍ എന്ന പേര് വന്നതെന്നാണ് പ്രധാന ഐതിഹ്യം. “കാണന്നൂര്‍’ ഗ്രാമത്തില്‍ നിന്നാണ് പേര് ഉണ്ടായതെന്നും അഭിപ്രായം ഉണ്ട്.

സംസ്ഥാനത്തെ ജില്ലകളിൽ ഏറ്റവും കുടുതൽ കടൽത്തീരമുള്ളതും 2011 സെൻസസ്‌ പ്രകാരം ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതം (1136) ഉള്ളതും കണ്ണൂർ ജില്ലയിലാണ്. ഭൂരഹിതരില്ലാത്ത, ഇന്ത്യയിലെ ആദ്യത്തെ ജില്ല, സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല, കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല, എന്നിങ്ങനെ നിരവധി നിലകളിൽ കണ്ണൂർ പ്രസിദ്ധമാണ്.

കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ, സമുദ്ര നിരപ്പിൽ നിന്നും 40 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് ആഞ്ജലോ കോട്ട പണികഴിപ്പിച്ചത് പോർച്ചുഗീസുകാരാണ്. ഇന്ന് കണ്ണൂർ ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രവും കൂടെയാണ് സെന്റ് ആഞ്ജലോ കോട്ട. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്.

പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ്‌ ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്‌. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നു കണ്ണൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികൾ. ക്രിസ്തുവർഷം 1500നുശേഷം‍ കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.

കേരളചരിത്രത്തില്‍ ഇത്രയും പ്രാധാന്യമുള്ള മറ്റൊരു ജില്ല ഉണ്ടാകില്ല. കാരണം ചിറയ്ക്കല്‍ (കോലത്തിരി) പഴശ്ശിരാജ ഉള്‍പ്പെടെയുള്ളവരുടെ കോട്ടയം, അറയ്ക്കല്‍ എന്നീ രാജകുടുംബങ്ങള്‍ കണ്ണൂരിലാണ്. കേരളത്തിലെ ഏക മുസ്ലിം രാജകുടുംബം ആണ് അറയ്ക്കല്‍. പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ഇംഗ്ലീഷുകാരും ഇവിടെ ആധിപത്യം നേടാന്‍ കോട്ടകെട്ടി. കണ്ണൂരിലെ മയ്യഴി പിടിച്ചെടുത്താണ് ഫ്രഞ്ചുകാര്‍ മാഹിയാക്കിയത്.

പോര്‍ട്ടുഗീസുകാര്‍ ഇവിടെ കെട്ടിയ സെയിന്‍റ് ആഞ്ചലോസ് കോട്ട പില്‍ക്കാലത്ത് ഡച്ചുകാരും അവരില്‍നിന്നും ഇംഗ്ലീഷുകാരും പിടിച്ചെടുത്തു. ഇംഗ്ലീഷുകാര്‍ തലശ്ശേരിയില്‍ കെട്ടിയ കോട്ട പിന്നീട് അവരുടെ വന്‍ വ്യാപാരകേന്ദ്രമായി മാറി. കോട്ടയ്ക്കകത്ത് ചതുരാകൃതിയില്‍ രണ്ടേക്കര്‍ സ്ഥലം ഉണ്ടായിരുന്നു. കുതിരപ്പടയാളികളുടെ കൊത്തളങ്ങളും ഖജനാവ് സൂക്ഷിക്കാനുള്ള സംവിധാനവും എല്ലാം ഇവിടെ ഉണ്ടായിരുന്നു.

തെയ്യങ്ങളുടെ നാടാണ് കണ്ണൂര്‍, സര്‍ക്കസും ക്രിക്കറ്റും എല്ലാം കേരളത്തില്‍ ജന്മംകൊണ്ടത് കണ്ണൂരിലെ തലശ്ശേരിയാണ്. ബേക്കറികളുടെ തുടക്കവും ഇവിടെ നിന്നാണ്. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ഇല്ലിക്കുന്നില്‍ നിന്നും ആരംഭിച്ച രാജ്യസമാചാരം ആണ് കേരളത്തിലെ ആദ്യത്തെ പത്രം. ലോകത്തെ തന്നെ ആദ്യത്തെ വലിയ കറുവാതോട്ടം ജില്ലയിലെ അഞ്ചരക്കണ്ടിയിലായിരുന്നു.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും, ഹൈദരാലിയുടേയും ടിപ്പുസുല്‍ത്താന്റേയും നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷിയാണ് ഈ പ്രദേശങ്ങള്‍. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ വയനാട് കേന്ദ്രീകരിച്ച് കലാപം സംഘടിപ്പിച്ച പഴശ്ശിരാജയുടെ ധീരോദാത്തമായ ആക്രമണങ്ങള്‍ക്കും ഇവിടെ വേദിയായി. ഒരുസമയത്ത് അഞ്ചരക്കണ്ടിയിലെ സുഗന്ധകൃഷിയെ പഴശ്ശിയുടെ പടയാളികള്‍ നശിപ്പിച്ചു.

പിന്നീട് പഴശ്ശിയുടെ കൊട്ടാരം ഇംഗ്ലീഷുകാര്‍ ഇടിച്ചുനിരത്തി. അവിടെ നിര്‍മ്മിച്ച കുളത്തിന്റെ കരയിലൂടെയാണ് മട്ടന്നൂര്‍ റോഡ് കടന്നുപോകുന്നത്. കൊട്ടാരം നിന്ന സ്ഥലത്തിന് സമീപത്തായിട്ടുള്ള കുന്നിലാണ് പഴശ്ശിരാജയുടെ അവസാനത്തെ അനന്തരാവകാശിയും സംഗീതജ്ഞനുമായ പി.കെ. ശങ്കരവര്‍മ്മ വലിയ രാജ താമസിച്ചിരുന്നത്. ഇദ്ദേഹം 2011 മാര്‍ച്ച് ഒന്നിന് അന്തരിച്ചു. അദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്ന് ഒരു “പഴശ്ശി അമ്പലം’ ഉണ്ട്. പഴശ്ശിരാജയുടെ ആത്മാവിനുവേണ്ടിയുള്ള അമ്പലമാണിത്.

സ്വാതന്ത്ര്യസമരത്തിന്റേയും വിപ്ലവങ്ങളുടേയും നാടാണ് കണ്ണൂര്‍. 1865ല്‍ ഇവിടെ ആരംഭിച്ച ബാസല്‍ മിഷനാണ് കണ്ണൂരില്‍ വിദ്യാഭ്യാസസംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബ്രണ്ണന്‍ സായിപ്പിന്റെ പേരില്‍ തലശ്ശേരിയില്‍ സ്ഥാപിച്ച സ്കൂളാണ് ബ്രണ്ണന്‍ കോളേജായി മാറിയത്. ബ്രണ്ണന്റെ മൃതദേഹം അന്ത്യവിശ്രമം കൊള്ളുന്നതും തലശ്ശേരിയിലെ പള്ളിയിലാണ്.

സൈന്യാധിപനായ ആര്‍തര്‍ വെല്ലസ്ലി (പില്‍ക്കാലത്ത് വെല്ലിങ്ടണ്‍ പ്രഭു എന്ന പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി) താമസിച്ചതുള്‍പ്പെടെ ധാരാളം കെട്ടിടങ്ങള്‍ തലശ്ശേരിയില്‍ ഇന്നും കാണാം. ധര്‍മ്മടം ദ്വീപ്, ഏഴിമല നാവിക അക്കാദമി, അറയ്ക്കല്‍ മ്യൂസിയം, പൂര്‍ണേശ്വരി ഭഗവതിക്ഷേത്രം, മാലിക് ദിനാര്‍ സ്ഥാപിച്ചതായി വിശ്വസിക്കുന്ന ധര്‍മ്മടത്തെ മുസ്ലിം പള്ളി, കൊട്ടിയൂരിലെ ശിവക്ഷേത്രം, മാടായിപ്പള്ളി, തലശ്ശേരിയിലെ സെന്‍റ് ജോണ്‍ പള്ളി, ഏഷ്യയിലെ ഒരേ ഒരു ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് തുടങ്ങിയവയെല്ലാം കണ്ണൂരിലാണ്.

Interesting Facts – കണ്ണൂർ

■ തെയ്യങ്ങളുടെയും തിറകളുടെയും നാട്‌.

■ “കേരളത്തിന്റെ മാഞ്ചസ്റ്റര്‍”.

■ തറികളുടെയും നാടന്‍ കലകളുടെയും നാട്‌.

■ കേരളത്തിൽ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല.

■ സ്ത്രി – പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല.

■ ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല.

■ ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല.

■ സെറി-കൾച്ചര്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല.

■ കണ്ടല്‍ക്കാടുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജില്ല.

■ കൈത്തറി വ്യവസായത്തില്‍ ഒന്നാം സ്ഥാനം.

■ ‘പെരിപ്ലസ് ഓഫ്‌ എറിത്രിയന്‍ സീ’എന്ന ഗ്രന്ഥത്തില്‍ “നൗറ” എന്ന്‌ വിശേഷിപ്പിക്കപ്പെട്ടു.

■ കേരളത്തിലെ ഏക കന്റോൺമെന്റ്.

■ ബീഡി വ്യവസായത്തിന്‌ പ്രസിദ്ധമായ ജില്ല.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഹകരണ ആസ്പത്രികൾ സ്ഥിതി ചെയ്യുന്ന ജില്ല.

■ അറബ്‌ രേഖകളില്‍ “’ജൂര്‍ഹത്തന്‍’ എന്നറിയപ്പെട്ടു.

■ കേരളത്തില്‍ ഏറ്റവും അവസാനം രൂപവത്കരിക്കപ്പെട്ട കോര്‍പ്പറേഷന്‍ – കണ്ണൂര്‍.

■ മാര്‍ക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകളില്‍ ഇടംപിടിച്ച കണ്ണൂരിലെ രാജവംശമായ മൂഷകവംശത്തിൻറെ ആസ്ഥാനമായിരുന്നു ഏഴിമല.

■ പോര്‍ച്ചുഗീസ്‌ വൈസ്രോയി ആയിരുന്ന ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയാണ്‌ 1505-ല്‍ സെന്‍റ്‌ ആഞ്ചലോസ്‌ കോട്ട (കണ്ണൂര്‍ കോട്ട) പണിതത്‌.

■ കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ്‌ അറയ്ക്കല്‍ രാജവംശം.

■ 1928-ല്‍ കണ്ണൂരില്‍ നടന്ന കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ ആധ്യക്ഷ്യം വഹിച്ചത്‌ ജവാഹര്‍ലാല്‍ നെഹ്റു ആയിരുന്നു.

■ ‘രണ്ടാം ബര്‍ദോളി’ എന്നറിയപ്പെട്ട പയ്യന്നൂര്‍ ആയിരുന്നു കേരളത്തിലെ ഉപ്പു സത്യാഗ്രഹ വേദി.

■ ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ നയിച്ചത്‌ കെ. കേളപ്പന്‍ (1931).

■ പഴശ്ശിരാജാവിൻറെ ആസ്ഥാനമായിരുന്ന കോട്ടയം കണ്ണൂര്‍ ജില്ലയിലാണ്‌.

■ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം 1847-ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിൻറെ മേല്‍നോട്ടത്തില്‍ തലശ്ശേരിയിലെ ഇല്ലിക്കുന്ന്‌ ബംഗ്ലാവില്‍ നിന്ന്‌ പുറത്തിറങ്ങി.

■ 1099-ല്‍ പിണറായിലെ പാറപ്പുറത്ത്‌ വെച്ചാണ്‌ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടത്‌.

■ കണ്ണൂര്‍ ജില്ലയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സമരങ്ങളാണ് 1940- ലെ മൊറാഴ സമരവും 1946-ലെ കരിവള്ളൂർ സമരവും.

■ അറബികൾ ‘ബദ്ഫത്തന്‍’ എന്ന്‌ വളപട്ടണത്തെയും ‘ദഫ്ഫത്തന്‍’ എന്ന്‌ ധര്‍മടത്തെയും വിളിച്ചിരുന്നു.

■ ഏലിമല, ഹിലി, സപ്‌തശൈലം എന്നിങ്ങനെ ചരിത്രരേഖകളില്‍ പരാമർശിക്കപ്പെട്ട പ്രദേശമാണ്‌ ഏഴിമല.

■ കേരളത്തിലെ ഏക ഡ്രൈവിങ്‌ ബിച്ച്‌- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്‌ എന്നിങ്ങനെ അറിയപ്പെടുന്നത്‌ – മുഴപ്പിലങ്ങാട്‌.

■ കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവിസങ്കേതം – ആറളം

■ സൈലന്‍റ്‌ വാലി ഓഫ്‌ കണ്ണൂര്‍- ആറളം

■ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറുവാതോട്ടം സ്ഥിതിചെയ്യുന്നത് – അഞ്ചരക്കണ്ടി.

■ ധർമടം ദ്വീപ് സ്ഥിതിചെയ്യുന്നത് അഞ്ചരക്കണ്ടി പുഴയിലാണ്.

■ ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി – ഏഴിമല

■ അക്ഷരകേരളം പദ്ധതിയിലൂടെ ആദ്യമായി ൧൦൦ ശതമാനം സാക്ഷരത കൈവരിച്ച പഞ്ചായത്ത്‌ – കരിവള്ളൂർ

■ ‘വികേന്ദ്രീകൃതാസൂത്രണം’ ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത്‌ – കല്യാശ്ശേരി.

■ “അയല്‍ക്കൂട്ടം” പദ്ധതി ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത്‌ – കല്യാശ്ശേരി

■ കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്‌ – ശ്രീകണ്ഠപുരം.

■ കേരളത്തിലെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജ്‌ – പരിയാരം മെഡിക്കല്‍ കോളേജ്‌.

■ ലോകത്തിലാദ്യമായി സങ്കരയിനം കുരുമുളക്‌ വികസിപ്പിച്ചെടുത്ത സ്ഥാപനം – പന്നിയൂര്‍ കുരുമുളക്‌ ഗവേഷണ കേന്ദ്രം

■ കണ്ണൂര്‍ ജില്ലയിലെ കൈപ്പാട്‌ പ്രദേശത്ത്‌ കൃഷി ചെയ്യുന്ന അത്യുത്പദനശേഷിയുള്ള നെല്ലിനങ്ങളാണ്‌ ഏഴോം I, ഏഴോം II.

■ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്ത് – വളപട്ടണം.

■ ഇന്ത്യയിലെ ആദ്യ പ്ലൈവുഡ്‌ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്‌ – വളപട്ടണം.

■ വളപട്ടണം പുഴയില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ട്‌ – പഴശ്ശി ഡാം.

■ ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡ്‌ അക്കാദമി സ്ഥാപിക്കുന്നത്‌ – ഇരണിയാവ്‌ (അഴീക്കല്‍)

■ ഭാമസൂചകപദവി കരസ്ഥമാക്കിയ പവിത്രമോതിരത്തിന്‌ പ്രശസ്തമായ സ്ഥലം – പയ്യന്നൂര്‍

■ വളപട്ടണം പുഴയെ കവ്വായി കായലുമായി ബന്ധിപ്പിക്കുന്ന കനാൽ – സുൽത്താൻ കനാൽ.

■ ജര്‍മന്‍ പ്രകൃതിസ്നേഹിയായ വോൾഫ്-ഗാംങ്ങിൻറെ ആശ്രമം സ്ഥിതി ചെയ്യുന്നത്‌ – ഇരിട്ടി.

■ ജൂതക്കുളം സ്ഥിതി ചെയ്യുന്നത്‌ – മാടായി.

■ കേരളത്തിലെ ഇംഗ്ലീഷ്‌ ചാനല്‍ എന്നറിയപ്പെടുന്നത്‌ മാഹി (മയ്യഴിപുഴ).

■ കേരളത്തിനകത്ത്‌ സ്ഥിതിചെയ്യുന്ന ഏകകേന്ദ്രഭരണപ്രദേശം – മാഹി.

■ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുന്‍സിപ്പാലിറ്റി – പയ്യന്നൂര്‍.

■ ആത്മവിദ്യാസംഘത്തിൻറെ സ്ഥാപകനായ വാഗ്‌ഭടനാന്ദഗുരുക്കളുടെ ജന്മസ്ഥലമാണ്‌ പാട്യം ഗ്രാമം.

■ ദക്ഷിണ വാരാണസി, ഉത്തരകേരളത്തിലെ ശബരിമല എന്നിങ്ങനെ അറിയപ്പെടുന്ന ക്ഷേത്രം – കൊട്ടിയൂര്‍ ക്ഷേത്രം.

■ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ നാരായണഗുരു.

■ ‘കേരളം കൈലാസം’ എന്നറിയപ്പെടുന്ന ക്ഷേത്രം – തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം.

■ മാലിക് ദിനാർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂരിലെ ദേവാലയം – മാടായി പള്ളി.

■ ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം – തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം.

കണ്ണൂര്‍ ഒറ്റനോട്ടത്തില്‍

ചരിത്രത്തിന്‍റെ സംഗമഭൂമി കണ്ണൂര്‍
വിസ്തൃതിയില്‍: 6-ാം സ്ഥാനം
ജില്ലാരൂപീകരണം: 1957 ജനുവരി 1
വിസ്തീര്‍ണം: 2996 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 11 (പയ്യന്നൂര്‍, തളിപ്പറന്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി, കൂത്തുപറന്പ്, ധര്‍മടം, പേരാവൂര്‍, കല്യാശ്ശേരി)
റവന്യൂ ഡിവിഷനുകള്‍: 1
താലൂക്കുകള്‍: 4 (കണ്ണൂര്‍, തലശ്ശേരി, തളിപ്പറന്പ്, ഇരിട്ടി)
വില്ലേജുകള്‍: 132
കോര്‍പ്പറേഷനുകള്‍: 1 (കണ്ണൂര്‍)
നഗരസഭകള്‍: 9 (പയ്യന്നൂര്‍, തളിപ്പറന്പ്, മട്ടന്നൂര്‍, കൂത്തുപറന്പ്, തലശ്ശേരി, പാനൂര്‍, ആന്തൂര്‍, ശ്രീകണ്ഠപുരം, ഇരിട്ടി)
ബ്ലോക്ക് പഞ്ചായത്തുകള്‍: 11
ഗ്രാമപഞ്ചായത്തുകള്‍: 71
ജനസംഖ്യ (2011): 2523003
പുരുഷന്മാര്‍: 1181446
സ്ത്രീകള്‍: 1341557
ജനസാന്ദ്രത: 851 / ച.കി.മീ.
സ്ത്രീപുരുഷ അനുപാതം: 1136 / 1000
പ്രധാന നദികള്‍ :വളപട്ടണം പുഴ, കുപ്പംപുഴ, മയ്യഴിപ്പുഴ, തലശ്ശേരി പുഴ, രാമപുരം പുഴ, അഞ്ചരക്കണ്ടി പുഴ
Based on 2011 census

Loading