PSC Exam Notes : കാസർകോട്
കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർകോട് ജില്ല. ആസ്ഥാനം കാസർഗോഡ്. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കാസരം (കാട്ടുപോത്ത്) + കോട് (പ്രദേശം) എന്നതില്‍ നിന്നാണ് “കാസര്‍കോട്’ എന്ന പേര് ഉണ്ടായതെന്ന് പറയുന്നു.
ഒരു ബഹുഭാഷാപ്രദേശമാണ് കാസറഗോഡ്. ഇവിടെയുള്ളവർ ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം , കന്നഡ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും തുളു, കൊങ്കണി, ബ്യാരി, മറാഠി, കൊറഗഭാഷ, ഉർദു എന്നീ ഭാഷകളും സംസാരിക്കുന്നു. മലയാളഭാഷയുടെ കാസറഗോഡ് വകഭേദം തനിമയുള്ളതാണ്. കാസർഗോഡ് ഭാഷാ മലയാളത്തിൽ കന്നഡ, ഉർദു, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം.
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ‘ഹർക്‌വില്ലിയ'(Harkwillia) എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംഭപ്പുഴ/കുമ്പള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി ആര്യസംസ്കാരം കടന്നുവന്നത് കാസര്‍കോട് വഴിയാണെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജൈനബുദ്ധമതങ്ങളുടെ സംഗമഭൂമിയായിരുന്നു ഒരുകാലത്ത് ഇവിടം. കുമ്പളരാജവംശത്തിന്റെ ആസ്ഥാനം ഇവിടെയായിരുന്നു വിജയനഗരസാമ്രാജ്യത്തില്‍ നിന്നും പതിനാലാം നൂറ്റാണ്ടോടുകൂടി കാസര്‍കോട് ഇക്കേരിനായ്ക്കന്മാര്‍ക്ക് ലഭിച്ചു.
1645ല്‍ അധികാരം ഏറ്റ ശിവപ്പനായക്കന്‍ തന്റെ തലസ്ഥാനം ഇക്കേരിയില്‍ നിന്നും ബെഡന്നൂര്‍ എന്ന സ്ഥലത്തേക്കും മാറ്റി. ഇതോടെ അവര്‍ ബെഡന്നൂര്‍ നായ്ക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ശിവപ്പനായ്ക്ക് പണി കഴിപ്പിച്ച കോട്ടകളാണ് ചന്ദ്രഗിരി കോട്ടയും, ബേക്കല്‍ കോട്ടയും. 1763ല്‍ ഹൈദരാലി ബെഡനൂര്‍ കീഴടക്കി. പിന്നീട് ടിപ്പു അധികാരത്തില്‍ വന്നു. 1792ല്‍ ശ്രീരംഗപട്ടണം കരാറോടുകൂടിയാണ് ടിപ്പു കാസര്‍കോട് ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്.
1862ലാണ് കാസര്‍കോട് താലൂക്ക് രൂപംകൊണ്ടത്. കന്നട ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാധീനമുള്ള ഈ ജില്ലയില്‍ യക്ഷഗാനത്തിനും പ്രചാരമുണ്ട്. വിവിധ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടുത്തടുത്ത് കാണാവുന്ന കാസര്‍കോടിനെ ദൈവങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന അനന്തപുരം ജലക്ഷേത്രം കാസര്‍കോടാണ്. മല്ലികാര്‍ജുനക്ഷേത്രം, കീഴൂര്‍ ശാസ്താക്ഷേത്രം, മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി, ബേക്കല്‍ കടല്‍ത്തീരം, കാപ്പില്‍ ബീച്ച്, വലിയ പറമ്പ കായല്‍, റാണിപുരം, മായിപ്പാടി കൊട്ടാരം തുടങ്ങിയവ കാസര്‍കോടാണ്. ചന്ദ്രഗിരിപ്പുഴയാണ് നീളമുള്ള നദി. ഫിറിയ, ഉപ്പള, മഞ്ചേശ്വരം, കാര്യങ്കോട് ഇവ മറ്റ് പുഴകളാണ്.
Interesting Facts – കാസർകോട്
■ നിലവില്‍ വന്നത് – 1984 മെയ്
■ കേരളത്തില്‍ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികൾ ഒഴുകുന്ന ജില്ല.
■ ദൈവങ്ങളുടെ നാട്, നദികളുടെ നാട്, കോട്ടകളുടെ നാട്, സപ്തഭാഷാ സംഗമഭൂമി എന്നിങ്ങനെയുള്ള വിശേഷണങ്ങളുണ്ട്.
■ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.
■ തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല.
■ ‘ബ്യാരി’ എന്ന പ്രദേശികഭാഷ സംസാരിക്കുന്ന പ്രദേശം ഇവിടെയാണ്.
■ യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല
■ പുകയില കൃഷി ചെയ്യുന്ന കേരളത്തിലെ ഏകജില്ല.
■ കേരളത്തിലെ ആദ്യ ജൈവജില്ല.
■ ഏറ്റവും കൂടുതല്‍ ബോക്‌സിറ്റ് നിക്ഷേപമുള്ള ജില്ല.
■ തുളുനാടിൻ്റെ ഭാഗമായിരുന്ന കേരളത്തിലെ ജില്ല.
■ കേരളത്തിലെ വലുപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല.
■ വറ്റല്‍മുളക് ഉല്പാദനത്തില്‍ ഒന്നാംസ്ഥാനം
■ ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന ജില്ല.
■ കേരളത്തിന്റെ വടക്കേയറ്റത്തെ രാജവംശമായ കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മായിപ്പാടി കോവിലകം.
■ ഇക്കേരിനായിക്കന്‍ വംശത്തില്‍പ്പെട്ട ശിവപ്പനായിക് ആണ് ബേക്കല്‍ കോട്ട, ചന്ദ്രഗിരി കോട്ട എന്നിവ പണിതത്.
■ കാഞ്ഞങ്ങാട് കോട്ട (ഹോസ്ദുർഗ് കോട്ട) പണിതത് സോമശേഖരനായിക്കനാണ്.
■ ചരിത്ര പ്രസിദ്ധമായ കയ്യൂര്‍സമരം നടന്നത് 1941-ലാണ്.
■ ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് മൗര്യചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്‌ത മൗര്യന്‍ അന്ത്യകാലം ചെലവഴിച്ചതെന്ന് കരുതുന്നു.
■ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്നു വിജയിച്ച ഉമേഷ് റാവുവാണ് കേരളനിയമസഭാചരിത്രത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗം.
■ തൃശ്ശൂര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴവരെയാണ് വിടി.ഭട്ടത്തിരിപ്പാട് യാചനപദയാത്ര നടത്തിയത് (1931).
■ കാസര്‍ക്കോട്ടെ ചീമേനിയില്‍ 1940-ല്‍ കാര്‍ത്ത്യായനിയമ്മയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് തോൽവിറക് സമരം.
■ കേരളത്തിലെ ഏറ്റവും വലിയ കോട്ട – ബേക്കൽകോട്ട.
■ കേരളത്തിലെ ഏക മനുഷ്യനിർമിത വനം – കരീം ഫോറസ്‌റ്റ് പാർക്ക് (പരപ്പ)
■ കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ – ചീമേനി
■ കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത് – മടിക്കൈ
■ കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം സ്ഥാപിക്കപ്പെട്ടത് – നീലേശ്വരം
ഒറ്റനോട്ടത്തില്‍ കാസർകോട്
വിവിധ ഭാഷകളുടെ സംഗമഭൂമി | കാസര്‍കോട് |
വിസ്തൃതിയില്‍ | : 13-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1984 മേയ് 24 |
ജില്ലാആസ്ഥാനം | : കാസര്‍കോട് |
വിസ്തീര്‍ണം | : 1992 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 5 (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) |
റവന്യൂ ഡിവിഷനുകള്‍ | : 1 |
താലൂക്കുകള്‍ | : 4 (കാസര്‍കോട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്) |
വില്ലേജുകള്‍ | : 138 |
നഗരസഭകള്‍ | : 3 (കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 6 |
ഗ്രാമപഞ്ചായത്തുകള്‍ | : 38 |
ജനസംഖ്യ (2011) | : 1307375 |
പുരുഷന്മാര്‍ | : 628613 |
സ്ത്രീകള്‍ | : 678762 |
ജനസാന്ദ്രത | : 656 / ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1080 / 1000 |
സാക്ഷരത | : 90.09 % |
പ്രധാന നദി | : ചന്ദ്രഗിരിപ്പുഴ |