PSC Exam Notes : കൊല്ലം

കൊല്ലം മുൻപ് ക്വയ്‍ലോൺ (Quilon) എന്നും ദേശിങ്ങനാട് എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു.

പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളിൽ നില നിന്നിരുന്ന കാലമുണ്ടായിരുന്നു. കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട്

എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. (എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷം ആരംഭിച്ചു.) ഇൻഡ്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ൽ കൊല്ലത്ത് സ്ഥാപിതമായി. ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ (തമ്പിരാൻ വണക്കം) എന്ന ആദ്യ ഭാരതീയഭാഷാപുസ്തകം (തമിഴ്) ഇവിടെ പ്രിന്റ് ചെയ്യുകയുണ്ടായി.

1498-ഓടെ കേരളത്തിലെത്തിയ പോർച്ചുഗീസുകാരെ, 1503-ൽ കൊല്ലവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് അവിടത്തെ രാജ്ഞി ക്ഷണിക്കുകയുണ്ടായി. തുടർന്ന് കൊല്ലത്ത് എത്തിച്ചേർന്ന പോർച്ചുഗീസുകാർ കാലക്രമേണ അവിടെ ഒരു കോട്ടയും താവളവും സ്ഥാപിച്ചു. 1661-ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ ഇവിടെ മേധാവിത്വം സ്ഥാപിച്ചു.

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ആണ് കൊല്ലം (ദേശിങ്ങനാട്), കൊട്ടാരക്കര (ഇളയടത്ത് സ്വരൂപം) തുടങ്ങിയ സ്ഥലങ്ങൾ ആക്രമിച്ച് കീഴ്പ്പെടുത്തിയത്. അവ പിന്നെ തിരുവിതാംകൂറിന്റെ ഭാഗമായി. 1741-ൽ കുളച്ചലിൽ വച്ച് നടന്ന യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പൂർണ്ണമായും പരാജയപ്പെടുത്തി അവരുടെ അധീനതയിലായിരുന്ന പ്രദേശങ്ങൾ തിരിച്ചുപിടിച്ചു.

അക്കാലം വരെ കൊല്ലമായിരുന്നു തിരുവിതാംകൂറിന്റെ ആസ്ഥാനം. പ്രസ്തുത കാലയളവിലാണ് ബ്രിട്ടീഷുകാർ ഇവിടെ എത്തിയത്. കാലാന്തരത്തിൽ തിരുവിതാംകൂറിന്റെ നിയന്ത്രണം അവരുടെ കൈകളിലെത്തിച്ചേർന്നു. ഈ പശ്ചാത്തലത്തിൽ അക്കാലത്തെ തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പി കൊച്ചിയിലെ പാലിയത്തച്ഛനുമായി, വെള്ളക്കാർക്കെതിരെ ഒരുമിച്ചുനിന്ന് യുദ്ധം ചെയ്യുന്നതിനായി ഒരു ധാരണയുണ്ടാക്കി.

1809 കാലഘട്ടത്തിൽ വേലുതമ്പിദളവയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നിരവധി കലാപങ്ങൾ നടന്നു. അതിന്റെ ഭാഗമായാണ് 1809 ജനുവരി 16-ാം തിയതി ചരിത്രപ്രസിദ്ധമായ “കുണ്ടറ വിളംബരം” നടക്കുന്നത്. ഇംഗ്ളീഷ് പട്ടാളം മണ്ണടിയിലെ തമ്പിയുടെ താവളം വളഞ്ഞതോടെ അദ്ദേഹം ആത്മഹത്യ ചെയ്തു. അതോടെ തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു.

വേലുത്തമ്പി ദളവ കൊല്ലത്തെ തിരുവിതാംകൂറിലെ മികച്ച ഒരു പട്ടണമാക്കി മാറ്റാനുള്ള പദ്ധതികളാവിഷ്കരിച്ചിരുന്നു. അദ്ദേഹം പുതിയ ചന്തകൾ നിർമ്മിക്കുകയും തമിഴ്‌നാട്ടിലെ മദ്രാസ്, തിരുനൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കൊല്ലത്ത് വ്യാപാരത്തിനായി ക്ഷണിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കശുവണ്ടി, കയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കച്ചവടം കൊല്ലത്ത് തഴച്ചു. ഇക്കാലയളവിലെ കൊല്ലത്തിന്റെ മേന്മകണ്ടാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ല് ഉണ്ടായത്.

1803 മുതൽ 1830 വരെ ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്നത് കൊല്ലം കൻറോൺമെൻറിലാണ്. 1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ കൊല്ലം യുദ്ധം നടന്നു. കൊല്ലം പീരങ്കി മൈതാനിയിൽ വച്ച് നടന്ന യുദ്ധം ആറു മണിക്കൂർ മാത്രമേ നീണ്ടു നിന്നുള്ളൂ. വാണിജ്യ നഗരമായ കൊല്ലത്ത് കമ്പനി ഒരു കന്റോൻ‌മെന്റ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ചാണു തിരുവിതാംകൂർ ആക്രമിച്ചത്. യുദ്ധത്തിനൊടുവിൽ വിജയിച്ച ഈസ്ററ് ഇന്ത്യാ കമ്പനി യുദ്ധത്തടവുകാരെ കോർട്ട്മാർഷൽ ചെയ്ത് മൈതാനിയിൽ വെച്ചുതന്നെ വെടിവച്ചു കൊന്നു.

ഇന്ത്യയിൽ തന്നെ ആകെയുള്ള രണ്ടേരണ്ടു തൂക്കുപാലങ്ങളിലൊന്ന് ഈ ജില്ലയിലെ പുനലൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിലെ ഹൌറാ പാലമാണ് ഇന്ത്യയിലുള്ള മറ്റൊരു തൂക്കുപാലം. ബ്രിട്ടീഷ് എൻജിനീയറിംഗ് വിസ്മയമായ പുനലൂർ തൂക്കുപാലം കല്ലടയാറിനു കുറുകെ 1877-ലാണ്, തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ മുൻകൈയ്യെടുത്ത് പണികഴിപ്പിച്ചത്.

1938ൽ കൊല്ലം ജില്ലയിലെ നിലമേലിനും മടത്തറക്കും ഇടയിലുള്ള കടയ്ക്കൽ എന്ന ഗ്രാമത്തിൽ നടന്ന മഹാ പ്രക്ഷോഭമാണ് കടയ്ക്കൽ സമരം എന്നറിയപ്പെടുന്നത്. സർ സി.പിയുടെ ​െപാലീസിനെതിരെ ജനങ്ങൾ നടത്തിയ പോരാട്ടമാണ് കടയ്ക്കൽ സമരം. 1938 കടയ്ക്കൽ ചന്തയിലെ സമരത്തിനെതിരെ ജനങ്ങൾ ഒരുമിച്ചതാണ് സമരത്തിന് തുടക്കം.

സർ സി.പിക്കെതിരെ പോരാടി സ്വന്തമായി ഒരു സ്​റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ സമരം സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. കടയ്ക്കൽ ഉൾപ്പെടുന്ന പ്രദേശത്തി​ൻെറ ഭരണം ഏറ്റെടുത്ത് പ്രദേശം ഒരു രാജ്യമായി പ്രഖ്യാപിക്കുകയും കടയ്ക്കൽ സ്​റ്റാലിൻ എന്ന് അറിയപ്പെടുന്ന ഫ്രാങ്കോ രാഘവൻ പിള്ള രാജാവും കാളിയമ്പി മന്ത്രിയുമായി ഒരു ഭരണസംവിധാനം നിലവിൽ വരുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ ജനകീയ മന്ത്രിയായാണ് കാളിയമ്പിയെ അറിയപ്പെടുന്നത്.

അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം കശുവണ്ടി വ്യവസായത്തിന്റെ നാട് എന്നറിയപ്പെടുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.

Interesting Facts – Kollam

■ കേരള ചരിത്രത്തില്‍ തേന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം.

■ വേണാട് രാജവംശത്തിന്റെ തലസ്ഥാനം.

■ ജയസിംഹനാട്‌, ദേശിംഗനാട്‌ എന്നിങ്ങനെ അറിയപ്പെടുന്നു.

■ ഏറ്റവും കൂടുതല്‍ കശുവണ്ടിഫാക്ടറികളുള്ള ജില്ല.

■ കശുവണ്ടിവ്യവസായത്തില്‍ ഒന്നാംസ്ഥാനം.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാക്ടറിത്തൊഴിലാളികളുള്ള ജില്ല.

■ ഇല്‍മനൈറ്റ്‌, മോണോസൈറ്റ്‌ നിക്ഷേപങ്ങഠാക്ക്‌ പ്രശസ്തം.

■ എള്ളുത്പാദനത്തില്‍ ഒന്നാംസ്ഥാനം.

■ ചെമ്മീന്‍വളര്‍ത്തലില്‍ ഒന്നാംസ്ഥാനം.

■ കേരളത്തിന്റെ തടാകനഗരം എന്നറിയപ്പെടുന്നു.

■ ഓച്ചിറക്കളിക്ക്‌ പ്രശസ്തമായ ജില്ല.

■ കൊല്ലം നഗരത്തെപ്പറ്റി വിവരങ്ങൾ നല്‍കുന്ന ചരിത്രരേഖയാണ് AD 849-ലെ തരിസാപ്പള്ളി ശാസനം (സ്ഥാണു രവിവര്‍മയുടെ).

■ ഇബ്നു ബത്തൂത്ത ലോകത്തിലെ മികച്ച അഞ്ചു തുറമുഖങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ തുറമുഖമാണ്‌ കൊല്ലം.

■ വേലുത്തമ്പിദളവ ബ്രിട്ടീഷുകാര്‍ക്കെതിരെ പുറപ്പെടുവിച്ച സമരാഹ്വാനമാണ്‌ 1809-ലെ കുണ്ടറ വിളംബരം.

■ കൊട്ടാരക്കര രാജവംശം ഇളയിടത്ത്‌ സ്വരൂപം എന്നറിയപ്പെട്ടു.

■ കൊല്ലം നഗരത്തെപ്പറ്റി ആദ്യപരാമര്‍ശമുള്ളത് ട്രോപ്പോഗ്രാഫിയ ഇന്‍ഡിക്ക ക്രിസ്റ്റ്യാന എന്ന രചനയിലാണ്‌.

■ കൊല്ലം നഗരം പണികഴിപ്പിച്ചത്‌ സാംപിര്‍ ഈസോ.

■ 1618-ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച തോമസ്‌ കോട്ട തങ്കശ്ശേരികോട്ട എന്നറിയപ്പെടുന്നു.

■ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1915-ല്‍ നടന്ന കല്ലുമാലസമരത്തിന്‌ വേദിയായത്‌ കൊല്ലം ജില്ലയിലെ പെരിനാടാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായ നീണ്ടകരയിലാണ്‌ ഇന്തോ നോര്‍വീജിയന്‍ പ്രൊജക്ട്‌.

■ കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ്‌ സ്റ്റേഷന്‍ നീണ്ടകര.

■ അഷ്ടമുടി കായലിനെ കടലുമായി ബന്ധിപ്പിക്കുന്നത്‌ നീണ്ടകര അഴി.

■ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌ ശാസ്താംകോട്ട കായല്‍.

■ കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായ ജലസേചനപദ്ധതിയാണ്‌ കല്ലട ജലവൈദ്യുത പദ്ധതി.

■ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായലാണ്‌ കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍.

■ കൊല്ലം പട്ടണം അഷ്ടമുടി കായലിന്റെ തീരത്താണ്‌.

■ അഷ്ടമുടി കായലിലെ മണ്‍റോ തുരുത്തിലാണ്‌ ആദ്യകമ്യൂണിറ്റി ടൂറിസം പദ്ധതി ആരംഭിച്ചത്‌.

■ ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയാണ്‌ തെന്മല.

■ ഏഷ്യയിലെ ആദ്യ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്‌ – തെന്മല.

■ ഒരു മരത്തിന്റെ പേരില്‍ അറിയിപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ്‌ ഷെന്തരുണി (1984).

■ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള കണ്ടെത്തിയതിലൂടെ ഗിന്നസ്ബുക്കില്‍ ഇടംനേടിയ സ്ഥലമാണ്‌ പട്ടാഴി.

■ കേരളത്തിലെ ഏറ്റവും വലിയ റെയില്‍ വേ ദുരന്തമാണ്‌ 1988 ജൂലായ്‌ 98-ന്‌ അഷ്ടമുടി കായലില്‍ നടന്ന പെരുമണ്‍ ദുരന്തം.

■ കല്ലടയാറിനു കുറുകെ നിര്‍മിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമാണ്‌ 1877-ല്‍ നിര്‍മിച്ച പുനലൂര്‍ തൂക്കുപാലം (ശില്പി – ആല്‍ബര്‍ട്ട്‌ ഹെന്‍റി).

■ ആര്യങ്കാവിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്ത വെള്ളച്ചാട്ടമാണ്‌ പാലരുവി.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പപെടുന്ന സ്ഥലമാണ്‌ പുനലൂര്‍.

■ ലക്ഷംവീട്‌ പദ്ധതിക്ക്‌ 1979-ല്‍ തുടക്കംകുറിച്ചത്‌ ജില്ലയിലെ ചിതറ ഗ്രാമത്തിലാണ്‌.

■ കേരളത്തിലെ ആദ്യത്തെ തുണിമില്‍ 1881-ല്‍ കൊല്ലത്ത്‌ സ്ഥാപിതമായി.

■ കേരളത്തിലെ ആദ്യ അബ്കാരി കോടതി കൊട്ടാരക്കര.

■ കേരള ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് – കൊട്ടാരക്കര.

■ കേരളത്തില്‍ ആദ്യമായി വിമാനത്താവളം ഒരുക്കിയത്‌ കൊല്ലത്താണ്‌ (1933ല്‍ പിന്നീട് തിരുവനന്തപുരത്തേക്ക്‌ മാറ്റി).

■ കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്താംകോട്ട കായലാണ്‌ കൊല്ലം നഗരത്തിനാവശ്യമായ ശുദ്ധജലം നല്കുന്നത്‌.

■ കഥകളിയുടെ പൂര്‍വരൂപമായ രാമനാട്ടം രൂപപ്പെടുത്തിയത്‌ കൊട്ടാരക്കര തമ്പുരാനാണ്‌.

■ കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത്‌ കൊട്ടാരക്കരയാണ്‌.

■ വിഗ്രഹമോ ചുററമ്പലമോ ഇല്ലാത്ത ക്ഷേത്രമാണ്‌ ഓച്ചിറ പരബ്രഹ്മക്ഷേത്രം.

■ പുരുഷന്‍മാര്‍ പെണ്‍വേഷം കെട്ടിതാലപ്പൊലിനടത്തുന്ന ചടങ്ങിനാല്‍ പ്രശസ്തമായ ക്ഷേത്രമാണ്‌ കൊറ്റംകുളങ്ങര ക്ഷേത്രം.

■ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ്‌ കൊല്ലം ജില്ലയിലെ മലനട.

■ കളിമണ്‍ നിക്ഷേപങ്ങരംക്ക്‌ പ്രശസ്തമാണ്‌ കുണ്ടറ.

■ ഇന്ത്യയിലെ ആദ്യ പോലീസ്‌ മ്യൂസിയമായ സർദാർ വല്ലഭായ് പട്ടേൽ പോലീസ്‌ മ്യൂസിയം കൊല്ലത്താണ്‌.

■ കണ്ടല്‍ ഗവേഷണ കേന്ദ്രം ആയിരംതെങ്ങ്‌ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അരങ്ങേറുന്നത്‌ അഷ്ടമുടി കായലിലാണ്‌.

■ ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം കൊല്ലം ജില്ലയിലെ അഴീക്കൽ.

■ ചട്ടമ്പി സ്വാമികളുടെ സമാധിസ്ഥലമാണ് പന്മന.

■ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യുടെ ആസ്ഥാനമാണ് കൊല്ലം.

■ കെട്ടുവെള്ളനിർമാണത്തിന് പ്രശസ്‌തമായ ഗ്രാമമാണ് ആലുംകടവ്.

■ കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലാണ് പുനലൂർ പേപ്പര്‍മില്‍

■ ദേശിയ ജലപാത 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ കൊല്ലം – കോട്ടപ്പുറം.

■ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ചടയമംഗലത്തെ ജഡായുപ്പാറ നേച്ചർ പാർക്കിലാണ്.

■ കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്‌നാട്‌) യുമായ ബന്ധിപ്പിക്കുന്ന ചുരമാണ്‌ ആര്യങ്കാവ്‌ ചുരം.

■ കേരളത്തിലെ അവസാനത്തെ മീറ്റര്‍ഗേജ്‌ പാതയാണ്‌ കൊല്ലം – ചെങ്കോട്ട പാത.

■ സേതുലക്ഷ്മിഭായ്‌ പാലം എന്നറിയപ്പെടുന്നത് നീണ്ടകര പാലമാണ്‌.

പ്രാചീന ചീനയുമായി (ചൈന) വ്യാപാരബന്ധമുള്ള സ്ഥലംകൊല്ലം
വലിപ്പത്തില്‍: 8-ാം സ്ഥാനം
ജില്ലാആസ്ഥാനം: കൊല്ലം
ജില്ലാരൂപീകരണം: 1949 ജൂലൈ 1
വിസ്തീര്‍ണം: 2,491 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 11 (കരുനാഗപ്പള്ളി, കുന്നത്തൂര്‍ (എസ്.സി.), ചവറ,  കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍)
താലൂക്കുകള്‍: 6 (കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, പുനലൂര്‍)
വില്ലേജുകള്‍: 104
കോര്‍പ്പറേഷനുകള്‍: 1
നഗരസഭകള്‍: 4 (പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര)
ബ്ലോക്ക് പഞ്ചായത്തുകള്‍: 11
ഗ്രാമപഞ്ചായത്തുകള്‍: 69
ജനസംഖ്യ (2011): 2635375
പുരുഷന്മാര്‍: 1246968
സ്ത്രീകള്‍: 1388407
സ്ത്രീപുരുഷ അനുപാതം: 1113/1000
സാക്ഷരത: 94.09
പ്രധാന നദികള്‍: കല്ലടയാര്‍, ഇത്തിക്കരയാറ്, അച്ചന്‍കോവില്‍,  പള്ളിക്കലാറ്. ‍
കായലുകള്: അഷ്ടമുടി, പരവൂര്‍, ഇടവ, നടയറ
Based on 2011 census

Loading