PSC Study Note – മലപ്പുറം

കിഴക്ക് നീലഗിരിക്കുന്നുകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത് 1969 ജൂൺ 16-നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള, ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം.

ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂർപ്പുഴ എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. 169 കിലോ മീറ്റർ നീളമുള്ള ചാലിയാർപ്പുഴ തമിഴ്നാട്ടിലെ ഇളംബലേരി കുന്നിൽ നിന്ന് ആരംഭിക്കുന്നതും ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാർ, കരിമ്പുഴ, ചെറുപുഴ, വടപുരംപുഴ എന്നീ പ്രധാന പോഷകനദികൾ ഉൾപ്പെട്ടതുമാണ്.

130 കിലോമീറ്ററോളം നീളമുള്ള കടലുണ്ടിപ്പുഴ രൂപം കൊള്ളുന്നത് ചേരക്കൊമ്പൻ നിരകളിൽ ഉൽഭവിക്കുന്ന ഒലിപ്പുഴ, ഇരട്ടക്കൊമ്പൻ നിരകളിൽ ഉൽഭവിക്കുന്ന വെളിയാർ എന്നീ നദികളുടെ സംഗമത്തിലൂടെയാണ്. ഈ നദി സൈലന്റ് വാലിയുടെ വന്യതയിലുടെ ഒഴുകി ഏറനാട്, വള്ളുവനാട് എന്നിവിടങ്ങളിലൂടെ കടന്ന് കടലുണ്ടി നഗരത്തിലെ കടലിൽ ലയിക്കുന്നു.

കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴ ജില്ലയുടെ തെക്കേ അതിരിലൂടെ ഒഴുകി പൊന്നാനി കടലിൽ ലയിക്കുന്നു. ഇതിന്റെ പ്രധാന പോഷകനദിയായ തൂതപ്പുഴ സൈലന്റ് വാലിയിൽ ഉൽഭവിച്ച് പള്ളിപ്പുറത്ത് വെച്ച് പ്രധാന നദിയിൽ ലയിക്കുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഐതിഹാസികമായ മാപ്പിള ലഹളയ്ക്കും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച ജില്ലയാണ് മലപ്പുറം. ബ്രിട്ടീഷുകാരെ വിറപ്പിച്ച ഏറനാടന്‍ കലാപങ്ങള്‍ ഇന്ന് ചരിത്രകാരന്മാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. മലബാര്‍ കലാപം എന്നും ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നു.

മലബാര്‍ കലാപം കാര്‍ഷിക കലാപം ആണെന്നും, അതല്ല മതഭ്രാന്ത് നിറഞ്ഞ കലാപം ആണെന്നും തര്‍ക്കം തുടരുന്നു. എന്നാല്‍ ജന്മിത്വത്തിനും ഇംഗ്ലീഷുകാര്‍ക്കും എതിരായ വികാരം ഈ കലാപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

ഈ കലാപം ശമിപ്പിക്കാന്‍ മലബാറിലേക്ക് തിരിച്ച ഗാന്ധിജിയെ വാള്‍ട്ടയറില്‍ വച്ച് ബ്രിട്ടീഷ് പോലീസ് തടഞ്ഞു. ഇതുകാരണം അദ്ദേഹത്തിന് കലാപപ്രദേശങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സന്ദര്‍ശനത്തിലാണ് അദ്ദേഹം “അര്‍ധനഗ്നനായ ഫക്കീര്‍’ ആയി മാറിയത്. പിന്നീട് ലോകം, മുട്ടോളം വസ്ത്രം ധരിച്ചും തല മുണ്ഡനം ചെയ്ത് വടി ഊന്നി നടക്കുന്ന ഗാന്ധിജിയെയാണ് കണ്ടത്.

മലബാര്‍ കലാപത്തിലെ വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്ന തിരൂരിലെ സ്മാരകം, ലോകത്ത് ഏറ്റവും വലിയ തേക്കുമരങ്ങളുള്ള നിലമ്പൂരും അവിടത്തെ തേക്ക് മ്യൂസിയവും, പ്രസിദ്ധ ആയുര്‍വേദ ചികിത്സാകേന്ദ്രമായ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല, മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മസ്ഥല്‍മായ തുഞ്ചന്‍ പറമ്പ്, പൂന്താനത്തിന്റെ ഇല്ലമായ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍, മാപ്പിള കവിയായ മൊയ്തീന്‍ കുട്ടി വൈദ്യരുടേയും ചാക്കീരി മൊയ്തീന്റേയും കര്‍മ്മഭൂമി, മാമാങ്കം നടന്നിരുന്ന തിരുനാവായ് തുടങ്ങിയവയെല്ലാം മലപ്പുറത്താണ്.

ഇംഗ്ലീഷുകാര്‍ക്ക് എതിരേ വയനാട്ടില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് മലപ്പുറം ജില്ലയുടെ ഭാഗങ്ങളില്‍ നിന്നാണ്. പഴശ്ശിയുടെ സഹായിയായി മാറിയ അത്തന്‍ കുരുക്കളുടേയും ചെമ്പന്‍ പോക്കറുടേയും എല്ലാം ചരിത്രത്തിന് മറക്കാന്‍ കഴിയില്ല.

Malappuram – Interesting Facts

■ കേരളത്തില്‍ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല.

■ ജനസംഖ്യാ വളര്‍ച്ചനിരക്ക്‌ ഏറ്റവും കൂടിയ ജില്ല.

■ കേരളത്തില്‍ ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല.

■ ഏറ്റവും കൂടുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള ജില്ല.

■ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങളുള്ള ജില്ല.

■ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകൾ ഉള്ള ജില്ല.

■ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരതാ ജില്ല.

■ 1998 മെയ്‌ 17-ന്‌ കുടുംബശ്രി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

■ അക്ഷയപദ്ധതിക്ക്‌ തുടക്കംകുറിച്ച ജില്ല.

■ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം.

■ മലബാര്‍ സ്പെഷല്‍ പോലീസ്‌ ആസ്ഥാനം.

■ പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല.

■ വെറ്റില, പപ്പായ, ഏത്തപ്പഴം ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.

■ ഏറ്റവും കൂടുതല്‍ ഗ്രാമവാസികളുള്ള ജില്ല.

■ ആറങ്ങോട്ട്‌ സ്വരൂപം എന്നറിയപ്പെടുന്നത്‌ വള്ളുവനാട് രാജവംശമാണ്.

■ വള്ളുവനാട്‌ രാജവംശത്തിന്റെ തലസ്ഥാനമാണ്‌ വള്ളുവ നഗരം (അങ്ങാടിപ്പുറം)

■ മാമാങ്കത്തിന്റെ ആദ്യകാല രക്ഷാധികാരി വള്ളുവക്കോനാതിരിയായിരുന്നു.

■ വെട്ടത്ത്‌ രാജവംശമായിരുന്നു താനൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്‌.

■ വെട്ടത്ത്‌ സമ്പ്രദായം കഥകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

■ മാമാങ്കവേദിയായിരുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്താണ്‌.

■ മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളായ മണിക്കിണര്‍, നിലപാടുതറ എന്നിവ മലപ്പുറം ജില്ലയിലെ കൊടൈക്കലിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

■ മാമാങ്കത്തിന്‍െറ പില്‍ക്കാല രക്ഷാധികാരി കോഴിക്കോട്‌ സാമൂതിരിയായിരുന്നു.

■ സാമൂതിരിയുടെ രണ്ടാംതലസ്ഥാനമായിരുന്നു പൊന്നാനി .

■ 1921-ല്‍ നടന്ന മലബാര്‍കലാപത്തിന്‌ (മാപ്പിളലഹള) നേതൃത്വംനല്‍കിയത്‌ ആലി മുസ്‌ലിയാർ ആയിരുന്നു.

■ വാഗണ്‍ ട്രാജഡി (1921) മെമ്മോറിയല്‍ മുന്‍സിപ്പല്‍ ടൗൺഹാൾ തിരൂരിലാണ്‌.

■ മലബാര്‍ കലാപ സ്മാരക മന്ദിരം തിരൂരങ്ങാടിയിലാണ്‌.

■ മലബാര്‍ പോലീസ്‌ സൂപ്രണ്ട്‌ ആയിരുന്ന റിച്ചാഡ്‌ ഹിച്ച്‌കോക്കാണ്‌ 1921-ല്‍ മലബാര്‍ സ്പെഷല്‍ പോലീസ്‌ സ്ഥാപിച്ചത്‌.

■ ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനമായിരുന്നു ആതവനാട്‌.

■ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ മമ്പ്രം തങ്ങൾ രൂപംനല്‍കിയ സേനയാണ്‌ ചേരൂര്‍പട.

■ കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പ്‌ സ്വരൂപം) ആദ്യകാല ആസ്ഥാനമായിരുന്നു പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്‌.

■ മലബാർ കലാപത്തിന്റെ ഭാഗമായി 1921-ല്‍ നടന്ന ചരിത്രസംഭവമാണ്‌ പൂക്കോട്ടുര്‍ ലഹള.

■ യൂറോപ്യന്‍രേഖകളില്‍ പപ്പുകോവിൽ എന്ന് പരാമർശിച്ചത് പരപ്പനങ്ങാടിയെയാണ്‌.

■ ലോകത്തിലെ ആദ്യത്തെ തേക്ക്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ നിലമ്പൂരിലെ വെളിയന്തോടിലാണ്‌,

■ കേരളത്തിലെ ആദ്യ സ്ത്രീധനരഹിത പഞ്ചായത്ത്‌ നിലമ്പൂര്‍.

■ നിലമ്പൂരിലാണ്‌ ഇന്ത്യയിലാദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ചത്‌.

■ ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത്‌ നിലമ്പൂര്‍ (സമീക്ഷ പദ്ധതിയിലൂടെ).

■ കേരളത്തില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയ ചാലിയാറിന്റെ തീരത്താണ്‌ നിലമ്പൂര്‍.

■ കേരളത്തിലെ ആദ്യത്തെ ബയോ-റിസോഴ്‌സ്‌ നാച്യറല്‍ പാര്‍ക്ക്‌ നിലമ്പൂര്‍.

■ മലബാറിലെ കളക്ടര്‍ ആയിരുന്ന എച്ച്‌ വി. കനോലിയുടെ ഓര്‍മയ്ക്കായുള്ള ‘കനോലിപ്പോട്ട്‌’ തേക്കിന്‍തോട്ടം നിലമ്പുരിലാണ്‌ (ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്കിന്‍തോട്ടമാണിത്.

■ നിലമ്പൂരിനെ ഗുഡല്ലൂരുമായി ബന്ധിപ്പിക്കുന്ന ചുരമാണ്‌ നാടുകാണിച്ചുരം.

■ ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ജില്ല – മലപ്പുറം.

■ ഇന്ത്യയിലെ ആദ്യ “കമ്പ്യൂട്ടര്‍” സാക്ഷരത പഞ്ചായത്ത്‌ മലപ്പുറം ജില്ലയിലെ ചമ്രവട്ടം.

■ പ്രശസ്തമായ ആഡ്യൻപാറ വെള്ളച്ചാട്ടം നിലമ്പുരിനടുത്ത കുറുമ്പലങ്ങാട്ടാണ്‌ സ്ഥിതി ചെയ്യുന്നത്.

■ മുസ്‌ലിം ദേവാലയങ്ങളുടെ നഗരം, ചെറിയ മെക്ക, കേരളത്തിന്റെ മെക്ക എന്നിങ്ങനെ അറിയപ്പെടുന്നത്‌ പൊന്നാനിയാണ്‌.

■ ഭാരതപ്പുഴ തിരൂര്‍പ്പുഴയുമായി ചേരുന്ന ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌ പടിഞ്ഞാറെക്കര ബീച്ച്‌.

■ മലപ്പുറം ജില്ലയിലെ പൊന്നാനി ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരതാ പഞ്ചായത്ത്‌ – ചമ്രവട്ടം.

■ കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്‌ ചമ്രവട്ടത്താണ്.

■ പ്രസിദ്ധമായ ചരൂവട്ടം ദ്വീപ്‌ ഭാരതപ്പുഴയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

■ ദക്ഷിണേന്ത്യയിലെ അല്‍അസര്‍, ‘അറബിമലയാളത്തിന്റെ നാട്‌’ എന്നിങ്ങനെ അറിയപ്പെടുന്നത്‌ പൊന്നാനിയാണ്‌.

■ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ആനക്കയത്താണ്‌.

■ ഭക്തകവിയായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം കീഴാറ്റൂര്‍.

■ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സിന്റെ ജന്മഗൃഹം പെരിന്തല്‍മണ്ണയിലെ ഏലംകുളം മനയാണ്‌.

■ മേല്പത്തൂര്‍ നാരായണഭട്ടതിരി സ്മാരകം ജില്ലയിലെ ചന്ദനക്കാവില്‍ സ്ഥിതിചെയ്യുന്നു.

■ കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനിയറിങ്‌ കോളേജായ കേളപ്പജി കോളേജ്‌ ഓഫ്‌ അഗ്രിക്കൾച്ചര്‍ എഞ്ചിനിയറിങ്‌ – തവന്നൂര്‍.

■ ഇടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് പൊന്നാനിയിലാണ്‌.

■ കേരളത്തിലെ ആറാമത്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ സ്ഥാപിതമായത്‌ മഞ്ചേരിയിലാണ്‌.

■ സ്വരാജ്‌ ട്രോഫി കരസ്ഥമാക്കിയ ആദ്യപഞ്ചായത്ത്‌ വള്ളിക്കുന്നും ആദ്യ മുനിസിപ്പാലിറ്റി മഞ്ചേരിയുമാണ്‌.

■ കേരള വാല്മീകി എന്നറിയപ്പെടുന്ന വള്ളത്തോൾ നാരായണമേനോന്റെ ജന്മസ്ഥലമാണ്‌ പൊന്നാനിക്കടുത്ത ദേശമംഗലം.

■ മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലാണ്‌ അക്ഷയ പദ്ധതി ആരംഭിച്ചത്‌.

■ പോത്തുകല്‍ പഞ്ചായത്താണ്‌ കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത്‌ എന്ന ബഹുമതിക്ക്‌ അര്‍ഹമായത്‌.

■ പി.എസ്‌. വാര്യര്‍ 1902-ല്‍ സ്ഥാപിച്ച ആര്യവൈദ്യശാലയാണ്‌ കോട്ടക്കല്‍ ആര്യവൈദ്യശാല.

■ ഇന്ത്യയിലെ ഏക ഗവണ്‍മെന്‍റ്‌ ആയുര്‍വേദമാനസികരോഗാശുപത്രി- കോട്ടയ്ക്കല്‍

■ കേരളസര്‍ക്കാറിന്റെ സ്ഥിരം ഹജ്ജ്ഹൗസ് പ്രവർത്തിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്.

■ മലപ്പുറത്തിന്റെ ജീവരേഖ എന്ന നദിയാണ്‌ ചാലിയാര്‍.

■ തിരുനാവായയിലാണ്‌ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചിതാഭസ്മം നിമജ്ജനം ചെയ്തത്‌.

■ ‘മാപ്പിളപ്പാട്ടിലെ ഷേക്സ്പിയര്‍’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മോയിന്‍കുട്ടി വൈദ്യര്‍ സ്ലാരകം കൊണ്ടോട്ടിയിലാണ്‌.

■ പൂമൂടല്‍, മുട്ടറുക്കല്‍ വഴിപാടുകൾക്ക് പ്രശസ്തമായ ക്ഷേത്രമാണ്‌ കാടാമ്പുഴ ഭഗവതിക്ഷേത്രം.

■ മലയാളഭാഷയുടെ പിതാവ്‌ എഴുത്തച്ഛനന്റെ ജന്മദേശമാണ്‌ തിരൂരിലെ തുഞ്ചന്‍പറമ്പ്‌.

■ മലയാളം സര്‍വകലാശാലയും ഭാഷാമ്യൂസിയവും സ്ഥിതി ചെയ്യുന്നത്‌ തിരൂരിലാണ്‌.

■ കേരളത്തിലെ ആദ്യ തീവണ്ടിപ്പാത തിരൂര്‍ – ബേപ്പൂര്‍ (1861).

■ കേരളത്തിലെ ആദ്യ എസ്‌.സി. എസ്‌.ടി. കോടതി പ്രവര്‍ത്തനമാരംഭിച്ചത്‌ മഞ്ചേരിയിലാണ്‌:

■ ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ്‌ മലപ്പുറം.

■ ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ്‌ തിരൂര്‍.

■ കേരളത്തിലെ ഏറ്റവും വലിയ താലൂക്കാണ് ഏറനാട്.

■ കേരളത്തിലെ ആദ്യ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക്‌ 2003 – ൽ മലപ്പുറത്തെ കാക്കഞ്ചേരിയില്‍ ആരംഭിച്ചു.

■ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈ. ഫൈ: മുനിസിപ്പാലിറ്റിയാണ്‌ മലപ്പുറം.

■ സംസ്ഥാനത്തെ ആദ്യത്തെ ഹോസ്പിറ്റല്‍ കിയോസ്‌ക്‌ സ്ഥാപിക്കപ്പെട്ടത്‌ മലപ്പുറം ജില്ലയിലെ താഴെക്കോട്‌ ഗ്രാമപഞ്ചായത്തിലാണ്‌.

■ ഇന്ത്യയിലെ ഏക ഗരുഡക്ഷേത്രം മലപ്പുറം ജില്ലയിലെ വെല്ലാമശ്ശേരി ഗരുഡക്ഷേത്രമാണ്‌.

മലപ്പുറം ഒറ്റനോട്ടത്തില്‍

തുഞ്ചന്റെ കര്‍മഭൂമിമലപ്പുറം
വിസ്തൃതിയില്‍: 3-ാം സ്ഥാനം
ജില്ലാരൂപീകരണം: 1969 ജൂണ്‍ 16
വിസ്തീര്‍ണം: 3550 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്: 16 (മഞ്ചേരി, കൊണ്ടോട്ടി, തിരൂരങ്ങാടി, മലപ്പുറം, പെരിന്തല്‍മണ്ണ, താനൂര്‍, പൊന്നാനി, മങ്കട, തിരൂര്‍, വണ്ടൂര്‍ (എസ്.സി.). നിലമ്പൂര്‍, ഏറനാട്, വള്ളിക്കുന്ന്, വേങ്ങര, കോട്ടയ്ക്കല്‍, തവന്നൂര്‍)
റവന്യൂ ഡിവിഷനുകള്‍: 2
താലൂക്കുകള്‍: 7 (നിലമ്പൂര്‍, ഏറനാട്, തിരൂരങ്ങാടി, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, കൊണ്ടോട്ടി)
വില്ലേജുകള്‍: 135
നഗരസഭകള്‍: 12 (മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, നിലമ്പൂര്‍, കോട്ടയ്ക്കല്‍, വളാഞ്ചേരി, കൊണ്ടോട്ടി, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി)
ബ്ലോക്ക് പഞ്ചായത്തുകള്‍: 15
ഗ്രാമപഞ്ചായത്തുകള്‍: 94
ജനസംഖ്യ (2011): 4112920
പുരുഷന്മാര്‍: 1960328
സ്ത്രീകള്‍: 2152592
ജനസാന്ദ്രത: 1159 / ച.കി.മീ.
സ്ത്രീപുരുഷ അനുപാതം: 1098/1000
സാക്ഷരത: 93.57%
പ്രധാന നദികള്‍: ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴ, തിരൂര്‍പ്പുഴ
Based on 2011 census

Loading