PSC Exam Notes : വയനാട്

1980 നവംബർ 1 നാണ് വയനാട് ജില്ല രൂപീകൃതമായത്. വയല്‍നാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയില്‍ നിന്നാണ് “വയനാട്’ എന്ന പേര് വന്നതെന്നാണ് പറയുന്നത്. വയലുകളും കാടും നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തിലാണ് വയല്‍നാട്, വനനാട് എന്ന പേര് ഉണ്ടായതെന്നും ഒരുവിഭാഗം പേര്‍ക്ക് അഭിപ്രായം ഉണ്ട്.

എന്നാല്‍ വേയ് അഥവാ മുള ധാരാളം ഉള്ളതിനിടാന്‍ “വേയനാട്’ല്‍ നിന്നും പേര് ഉണ്ടായതെന്നും അതല്ല മൈസൂറിനേയും മലബാറിനേയും യോജിപ്പിക്കുന്ന പ്രദേശം എന്ന നിലയില്‍ “വഴിനാട്’ ആണ് പിന്നീട് വയനാട് ആയതെന്നും വാദങ്ങള്‍ ഉയരുന്നു. വയനാടിന്റെ ഗതകാലചരിത്രം പരിശോധിച്ചാല്‍ ഇതിലെല്ലാം അല്പസ്വല്പം കാര്യങ്ങള്‍ ഉണ്ടെന്ന് കാണാം.

2,130 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വയനാട്ടിൽ ശിലായുഗ സംസ്കാരത്തെക്കുറിച്ചുള്ള നിരവധി തെളിവുകൾ കാണാം. സുൽത്താൻ ബത്തേരിക്കും അമ്പലവയത്തിനും ഇടയിലെ അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകൾ, അവയുടെ ചുവരുകളിലെ ചിത്രങ്ങൾ, ചിത്രരചനകൾ എന്നിവ പുരാതന സംസ്കാരത്തെ കുറിച്ച് നമുക്ക് തെളിവ് നൽകുന്നു.

1956 നവംബറിൽ കേരളം രൂപീകൃതമായപ്പോൾ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു വയനാട്. കുരുമുളക്, ഏലം, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നാണ്യവിളകളാൽ ജില്ല സമ്പുഷ്ടമാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി എന്നിങ്ങനെ മൂന്നു താലൂക്കുകളാണ് ജില്ലയ്ക്കുള്ളത്.

1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌.

സഹ്യാദ്രിയില്‍ ഒറ്റപ്പെട്ട ഭൂഖണ്ഡത്തെപ്പോലെ, മാനംമുട്ടി നില്‍ക്കുന്ന മാമലകളും തോളുരുമി കടന്നുപോകുന്ന കുന്നുകളും കോടമഞ്ഞും കാട്ടുമൃഗങ്ങളും തേയില തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞ വയനാട് കേരളത്തിന്റെ മനോഹരമായ ജില്ലയാണ്. മാനത്തേയ്ക്ക് കയറാനുള്ള ഏണിപ്പടികള്‍ പോലെയുള്ള ഇവിടത്തെ ചുരങ്ങള്‍ സഞ്ചാരികള്‍ക്ക് കൗതുകം നല്‍കുന്ന കാഴ്ചയാണ്.

വയനാട് യൂറോപ്പിലായിരുന്നുവെങ്കില്‍ അതൊരു മനോഹരമായ ഉല്ലാസകേന്ദ്രമാകുമായിരുന്നുവെന്ന് ഒരിക്കല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം സന്ദര്‍ശിച്ച മദ്രാസ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത് ശരിയാണ്. ഇന്നും അതിമനോഹരമാണ് വയനാട്. കേരളത്തിലെ ഗോത്രസംസ്കാരത്തിന്റെയും ചരിത്രത്തിന്‍റേയും സംഗമഭൂമിയാണ് വയനാട്.

വിവിധ ജാതിയില്‍പ്പെട്ട ആദിവാസികള്‍ വൈവിധ്യമാര്‍ന്ന അവരുടെ കലയും സംസ്കാരവും ആചാരങ്ങളും വച്ചുപുലര്‍ത്തുന്നത് വയനാട്ടിലെങ്ങും കാണാന്‍ കഴിയും. കോടമഞ്ഞും മലമ്പനിയും നിറഞ്ഞ വയനാട് ഒരുകാലത്ത് പുറംലോകത്തിന് ഭയമായിരുന്നു.

എന്നാല്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കിയത് കേരളവര്‍മ്മ പഴശ്ശിരാജയായിരുന്നു. കോട്ടയം ഭരണത്തിന്റെ കീഴിലായിരുന്നു അന്ന് വയനാട്. മൈസൂര്‍ ആക്രമണകാലത്ത് ടിപ്പുസുല്‍ത്താനെതിരെ ഇംഗ്ലീഷുകാരെ സഹായിക്കാന്‍ പഴശ്ശിരാജ തയ്യാറായതു തന്നെ ഭാവിയില്‍ വയനാട് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

എന്നാല്‍ ടിപ്പുസുല്‍ത്താന്റെ മരണത്തിനു ശേഷം വയനാട് കൈക്കലാക്കാനും അതിനെ രണ്ടായി ഭാഗിക്കാനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായപ്പോള്‍ പഴശ്ശിരാജ അവരോട് അന്തിമസമരത്തിന് തയ്യാറായി. “വയനാട് എന്റെയോ നിങ്ങളുടെയോ’ എന്ന ചോദ്യവുമായി രംഗത്തിറങ്ങിയ പഴശ്ശി തന്റെ ഒളിത്താവള കേന്ദ്രമാക്കിയത് വയനാടന്‍ കാടുകളാണ്. “ഇംഗ്ലീഷുകാര്‍ എത്ര വലിയ ശക്തിയായാലും ഞാന്‍ അവരെ എതിര്‍ക്കും’ എന്ന പ്രഖ്യാപനവുമായി അന്ത്യംവരെ അദ്ദേഹം പോരാടി വീരചരമം പ്രാപിച്ചു.

മാനന്തവാടിയില്‍ ആണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിട്ടുള്ളത്. പഴശ്ശിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ സൈന്യാധിപന്മാരായ ഇടച്ചനക്കുങ്കന്‍റേയും തലയ്ക്കല്‍ ചന്തുവിന്‍റേയും എല്ലാം സ്മരണ വയനാടന്‍ മണ്ണില്‍ നിറഞ്ഞുനില്‍ക്കുന്നു. തേയില, കാപ്പി, ഏലം, ഇഞ്ചി എന്നിവയുടെ വന്‍ കൃഷിസ്ഥലമാണ് വയനാട്. ഇവിടത്തെ “ജീരകശാല’, “ഗന്ധകശാല’ തുടങ്ങിയ നെല്ലുകള്‍ ഇന്നും പ്രിയങ്കരമാണ്. വയനാടിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം തുടികൊട്ടുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചില പ്രധാന കെട്ടിടങ്ങളും പള്ളികളും വയനാട്ടില്‍ കാണാം.

കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് വയനാട്. ആധുനിക വയനാടിന്റെ തുടക്കത്തിനു കാരണം കുടിയേറ്റമാണ്. ഇന്ത്യയിലെ ഏറ്റവും പ്രാചീനാവശിഷ്ടമായ എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍, മാനന്തവാടിക്കു സമീപത്തുള്ള വള്ളൂര്‍ക്കാവ് ക്ഷേത്രം, പുല്പള്ളിയിലെ സീതാദേവി ക്ഷേത്രം, കബനിനദിയിലെ ചെറുദ്വീപായ “കുറുവ’, ഒരുകാലത്ത് ഏറ്റവും മഴ പെയ്യുന്നതില്‍ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ലക്കിടി, അതിനടുത്തുള്ള പൂക്കോട് തടാകം, തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി, അവിടേക്ക് പോകുന്ന വഴിയിലുള്ള ത്രിശ്ശിലേരി ക്ഷേത്രം, അമ്പലവയലിലെ ഹെറിറ്റേജ് മ്യൂസിയം, സുല്‍ത്താന്‍ ബത്തേരിയിലെ ആന പരിശീലന കേന്ദ്രം, കല്പറ്റയിലെ പുളിയാര്‍മലയുടെ സമീപത്തുള്ള ജൈനക്ഷേത്രവും ഗാന്ധി മ്യൂസിയവും, പുത്തനങ്ങാടിയിലെ ജൈനക്ഷേത്രം തുടങ്ങിയവയെല്ലാം വയനാട്ടിലാണ്.

വയനാട് – Interesting Facts

■ ജില്ലാ ആസ്ഥാനം – കല്‍പ്പറ്റ

■ വയലുകളുടെ നാട്‌

■ കേരളത്തിന്റെ ഊട്ടി

■ കേരളത്തിലെ എറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല

■ കേരളത്തിലെ ഏക പീഠഭൂമി ജില്ല

■ രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല

■ കേരളത്തില്‍ ഏറ്റവും കുറച്ച്‌ നഗരവാസികളുള്ള ജില്ല

■ ആദിവാസികൾ, പട്ടികവര്‍ഗക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല

■ ജൈനമതക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല

■ ഇഞ്ചി, കാപ്പി ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം

■ പട്ടികജാതി ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല

■ ഇന്ത്യയിലാദ്യമായി സ്വര്‍ണഖനനം ആരംഭിച്ച ജില്ല (1875)

■ പാന്‍മസാല നിരോധിച്ച കേരളത്തിലെ ആദ്യജില്ല

■ കബനിയാണ്‌ പ്രധാന നദി

■ സംഘകാലത്ത്‌ വയനാടന്‍ പ്രദേശങ്ങൾ പൂഴിനാടിന്റെ ഭാഗമായിരുന്നു.

■ ഭാസ്‌കര രവിവര്‍മയുടെ തിരുനെല്ലിശാസനത്തില്‍ വയനാട്‌ പുറൈക്കിഴിനാട്‌ എന്നാണ്‌ അറിയപ്പെട്ടത്‌.

■ വയനാടന്‍പ്രദേശങ്ങളില്‍ ഭരണം നടത്തിയ പ്രാചീന രാജവംശങ്ങളാണ്‌ വേടരാജവംശം, കുടുംബിയന്‍ രാജവംശം.

■ AD 1812-ല്‍ വയനാടന്‍ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ്‌ കുറിച്യലഹള.

■ പഴശ്ശിരാജയുടെ സുപ്രസിദ്ധമായ കുറിച്യപ്പടയുടെ തലവനായിരുന്നു തലയ്ക്കല്‍ ചന്തു.

■ നവീന ശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ ലഭിച്ച സ്ഥലമാണ്‌ വയനാട്ടിലെ എടയ്ക്കുല്‍ ഗുഹ.

■ എഫ്‌. ഫാസെറ്റ്‌ (മലബാര്‍ പോലീസ്‌ സുപ്രണ്ട്‌) ആയിരുന്നു എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെ ചരിത്രപ്രാധാന്യം ലോകത്തെ അറിയിച്ചത്‌.

■ ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന വയനാട്ടിലെ ആദിവാസിവിഭാഗമാണ്‌ നായാടികൾ.

■ വയനാടന്‍ചുരത്തിലൂടെയുള്ള വഴി ബ്രിട്ടിഷുകാര്‍ക്ക്‌ കാണിച്ചുകൊടുത്ത ആദിവാസിയാണ്‌ കരിന്തണ്ടന്‍.

■ രണ്ടു സംസ്ഥാനങ്ങളുമായി തമിഴ്‌നാട്‌, കര്‍ണാടക) അതിര്‍ത്തി പങ്കിടുന്ന ഏക താലൂക്കാണ്‌ സുല്‍ത്താന്‍ബത്തേരി.

■ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെതുമായ മണല്‍ അണക്കെട്ടാണ്‌ – ബാണാസുരസാഗര്‍ അണക്കെട്ട്‌.

■ കേരളത്തിലെ ഏക പ്രകൃതിദത്ത ഡാം – ബാണാസുരസാഗര്‍ ഡാം.

■ കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ് കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന കുറുവാദ്വിപ്‌.

■ പിതൃബലി തര്‍പ്പണത്തിന്‌ പ്രശസ്തമായ ബ്രഹ്മഗിരിമലനിരകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്‌ തിരുനെല്ലി.

■ കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന പാപനാശിനിപ്പുഴ തിരുനെല്ലിയിലൂടെ ഒഴുകുന്നു.

■ കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകമാണ്‌ വയനാട്ടിലെ പൂക്കോട്‌ തടാകം.

■ ചെമ്പ്ര കൊടുമുടിയില്‍ സ്ഥിതിചെയ്യുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വറ്റാത്ത തടാകമാണ്‌ ഹൃദയസരസ്സ്‌.

■ കേരളത്തിലെ നദികളില്‍ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ്‌ കബനി.

■ കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടിയിലാണ്‌ ഒരു കാലത്ത്‌ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്‌ (ഇന്ന്‌ എറണാകുളത്തെ നേര്യമംഗലത്താണ്‌.

■ വയനാടിന്റെ കവാടമായ ലക്കിടിയിലാണ്‌ കരിന്തണ്ടന്‍ എന്ന ആദിവാസിയെ പിടിച്ചുകെട്ടിയ ചങ്ങലമരം സ്ഥിതിചെയ്യുന്നത്‌.

■ തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിലാണ്‌ ചിത്രകൂടന്‍ പക്ഷികൾക്ക് പ്രശസ്തമായ പക്ഷിപാതാളം.

■ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആയാട്ടിറ്റ്യുഡ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയമാണ്‌ വയനാട്ടിലെ കൃഷ്ണഗിരി (2013 ഡിസംബർ 17ന്‌ ഉദ്ഘാടനം ചെയ്‌തു.

■ കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ലിരാജയുടെ ശവകുടീരം മാനന്തവാടിയിലാണ്‌.

■ കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം പുല്‍പള്ളിയിലാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവിഭാഗമാണ്‌ പണിയര്‍.

■ ഇന്ത്യയിലാദ്യമായി ലോക മൗണ്ടൻ സൈക്ളിങ്‌ മത്സരത്തിന്‌ വേദിയായത്‌ വയനാട്ടിലെ പൊഴുതനയിലാണ്‌.

■ ഇന്ത്യയിലെ ആദ്യഒഴുകുന്ന സൗരോര്‍ജപാടം സ്ഥാപിച്ചിരിക്കുന്നത്‌ ബാണാസുരസാഗര്‍ അണകെട്ടിലാണ്‌.

■ കേരളത്തില്‍ ആദിവാസി സമൂഹത്തില്‍നിന്ന്‌ മന്ത്രിപദത്തിലെത്തിയ ആദ്യ വ്യക്തിയാണ്‌ പി.കെ.ജയലക്ഷ്മി.

■ എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്‌ അമ്പുകുത്തിമലയിലാണ്‌.

■ കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന വയനാട് ചുരം സ്ഥിതിചെയ്യുന്നത്‌ കോഴിക്കോട് ജില്ലയിലാണ്.

■ കേരളത്തില്‍ കൂടുതല്‍ വാനില കൃഷിചെയ്യുന്ന സ്ഥലമാണ്‌ അമ്പലവയല്‍.

■ കേരളത്തിലെ ആദ്യ സമ്പൂര്‍ണ ആധാര്‍ എൻറോൾമെൻറ് പഞ്ചായത്ത്‌ അമ്പലവയല്‍.

■ വയനാട്ടില്‍ കൃഷിചെയ്യുന്ന സുഗന്ധനെല്ലിനങ്ങളാണ് ഗന്ധകശാല, ജീരകശാല, ഞവര എന്നിവ.

■ വയനാടന്‍ കുടിയേറ്റജീവിതം പ്രമേയമാക്കി എസ്‌.കെ. പൊറ്റെക്കാട്ട്‌ രചിച്ച നോവലാണ്‌ വിഷകന്യക.

■ ജൈവവൈവിധൃയ സെന്‍സസ്‌ നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ എടവക.

വയനാട് ഒറ്റനോട്ടത്തില്‍

ഇംഗ്ലീഷുകാരെ വട്ടംചുറ്റിച്ച പഴശ്ശിരാജയുടെ കര്‍മഭൂമിവയനാട്
വിസ്തീര്‍ണത്തില്‍: 12-ാം സ്ഥാനം
ജില്ലാരൂപീകരണം: 1980 നവംബര്‍ 1
ജില്ലാആസ്ഥാനം: കല്‍പ്പറ്റ
വിസ്തീര്‍ണം: 2131 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 3 (കല്‍പ്പറ്റ, മാനന്തവാടി (എസ്.ടി.), സുല്‍ത്താന്‍ ബത്തേരി (എസ്.ടി.)
റവന്യൂ ഡിവിഷനുകള്‍: 1
താലൂക്കുകള്‍: 3 (സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി)
വില്ലേജുകള്‍: 49
നഗരസഭകള്‍: 3 (കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി)
ബ്ലോക്ക് പഞ്ചായത്തുകള്‍: 4
ഗ്രാമപഞ്ചായത്തുകള്‍: 23
ജനസംഖ്യ (2011): 817420
പുരുഷന്മാര്‍: 401684
സ്ത്രീകള്‍: 415736
ജനസാന്ദ്രത: 384/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം: 1035/1000
സാക്ഷരത: 89.03%
പ്രധാന നദികള്‍: കബനി (കിഴക്കോട്ട് ഒഴുകുന്നു), പനമരം, മാനന്തവാടി, ബാവലി പുഴ)
Based on 2011 census

Loading