അധ:സ്ഥിത സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കല്ലുമാല സമരം. പുലയർ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.
കേരളത്തിൽ സ്ത്രീപക്ഷ പോരാട്ടങ്ങളിൽ പ്രമുഖമായ ഒരു സമരമായിരുന്നു കല്ലുമാല സമരം.മാറുമറയ്ക്കുകയെന്ന സ്ത്രീകളുടെ അവകാശം നേടിയെടുക്കാൻ വേണ്ടി നടത്തിയ സമരം.ഉടുവസ്ത്രം ഉന്നതകുലജാതർക്ക് മാത്രം പൂർണമായി അനുവദിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു , അന്ന് പുലയസ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അവകാശമില്ലായിരുന്നു. വർഷങ്ങളായി കല്ലുമാലകൾ ധരിച്ച് ഭാഗികമായി മാറുമറയ്ക്കാൻ മാത്രമായി വിധിക്കപ്പെട്ടവരായിരുന്നു. നാമമാത്രമായെങ്കിലും മാറുമറയ്ക്കാനുപയോഗിച്ചിരുന്നത് കല്ലയും മാലയുമായിരുന്നു. കഴുത്തിറുകി, അടിമത്തത്തിന്റെ അടയാളമായി അണിഞ്ഞിരുന്ന ആഭരണമാണ് കല്ല. മുലകളിൽ മൂടിക്കിടന്നിരുന്ന മറ്റൊരു മാലയും സാധാരണമായിരുന്നു.
മാറിടം മറയാത്ത ഈ വിലകുറഞ്ഞ ആഭരണങ്ങൾക്ക് മീതെ റൗക്കയിട്ടത് സവർണർക്ക് ഇഷ്ടക്കേടുണ്ടാക്കിയത്.മാറ് മറയ്ക്കുന്നതിൻ നിന്ന് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകളെ തടയുന്നതിനെതിരെ മുലക്കച്ചയണിഞ്ഞു നടക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള തിട്ടൂരങ്ങളെ തള്ളിക്കളയാനും അദ്ദേഹം പ്രേരിപ്പിച്ചു. ഇതിനെ തുടർന്ന് ഏറ്റുമുട്ടലുകളും ഉണ്ടായി. കല്ലുമാല ബഹിഷ്കരിക്കുന്നത് ജാത്യാചാര ലംഘനമാണെന്നും പുലയ സ്ത്രീകൾ വീണ്ടും കല്ലുമാല ധരിക്കണമെന്നാവശ്യപ്പെട്ടു സവർണർ സമരക്കാരെ ആക്രമിക്കുക പതിവായിരുന്നു.
പക്ഷെ ഒരടിക്ക് പകരം രണ്ടടിയെന്ന അയ്യൻകാളിയുടെ വിപ്ലവ മുദ്രാവാക്യത്തിൽ ആവേശഭരിതരായിരുന്ന മറുപക്ഷം തിരിച്ചടിച്ചു. പെരിനാട് കലാപത്തെത്തുടർന്ന് കല്ലുമാല ബഹിഷ്കരണ സമരം രക്തരൂക്ഷിതമായിക്കൊണ്ടിരിക്കെ, 1915 ൽ കൊല്ലം പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്‌നാഭായിയുടെ (ഇവർ ചെറുമർ സമുദായക്കാരിയായിരുന്നു) ഉടമസ്ഥതയിൽ നടന്നുകൊണ്ടിരുന്ന സർക്കസ് കൂടാരത്തിൽ വച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ വിപുലമായ സമ്മേളനം നടന്നു. സവർണ്ണരുടെ അക്രമത്തെതുടർന്ന് വീടുപേക്ഷിച്ചുപോയവരടക്കം ആയിരക്കണക്കിന് പുലയ സ്ത്രീകൾ ഈ സമ്മേളനത്തിൽ ഒത്തു ചേർന്നു.
ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമ്മേളനത്തിനെത്തിയ സ്ത്രീകൾ തങ്ങളുടെ കഴുത്തിലെ കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞു. തെക്കൻ തിരുവിതാംകൂറിൽ സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട് കലാപത്തിൻറെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ കല്ലുമാല സമരം.
കമ്മാൻകുളം
തമ്പുരാന്മാരുടെ വീടാക്രമിച്ചു എന്ന പേരിൽ നിരവധി ദളിതർക്കെതിരേ അന്ന് കേസെടുത്തു. ഈ കേസ് വാദിച്ച വക്കീലന്മാർക്ക് കൊടുക്കാൻ അവരുടെ കയ്യിൽ പണമില്ലായിരുന്നു. പ്രമുഖരായ ടി എം വർഗീസും ഇലഞ്ഞിക്കൽ ജോണുമായിരുന്നു അഭിഭാഷകർ. വക്കീൽപ്പണമില്ലെങ്കിൽ അധ്വാനം പ്രതിഫലമായി തന്നാൽ മതി എന്ന നിബന്ധന പ്രകാരം ടി എം വർഗീസിന്റെ വീട്ടുപരിസരത്ത് നിർമിച്ചതാണ് കമ്മാൻകുളം (കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുൻവശത്ത് നിലകൊള്ളുന്ന കമ്മാൻ കുളം).