മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയായ വർത്തമാനപുസ്തകത്തിന്റെ രചയിതാവ് ആണ് പാറേമാക്കൽ തോമ്മാക്കത്തനാർ(1736-1799). മാതൃസഭ ആയ സുറിയാനി കത്തോലിക്കാ വിഭാഗത്തിൽ വന്നുഭവിച്ച അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഡോ. ജോസഫ് കരിയറ്റിയോടൊപ്പം അദ്ദേഹം നടത്തിയ റോമാ യാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് വർത്തമാനപ്പുസ്തകത്തിലെ മുഖ്യപ്രതിപാദ്യം.

ഇന്നത്തെ കോട്ടയം ജില്ലയിൽ പാലായ്ക്കു സമീപം കടനാട് ഗ്രാമത്തിൽ 1736 സെപ്റ്റംബർ പത്തിനായിരുന്നു തോമ്മാക്കത്തനാരുടെ ജനനം.സംസ്കൃതവും സുറിയാനിയും നന്നേ ചെറുപ്പത്തിൽ വശത്താക്കിയ തോമ്മാക്കത്തനാർ പിന്നീട് സെമിനാരിയിൽ ചേരുകയായിരുന്നു .1778 മേയ് ഏഴിന് ആലങ്ങാടുനിന്നാണ് സംഭവബഹുലമായ റോമാ യാത്രയുടെ തുടക്കം തുടക്കം. 1778 ഒക്‌ടോബർ 14-ന് യാത്രാസംഘം മദ്രാസിൽനിന്നു കപ്പൽ കയറി. മദ്രാസിലെത്തിയതാകട്ടെ അന്നത്തെ ബ്രിട്ടീഷ് ,ഫ്രഞ്ച് കൊളോണിയൽ അധീന മേഘലകളിലൂടെയും .ഫ്രഞ്ച് അധീന മേഘലകളായിരുന്ന കാരക്കൽ ,പോണ്ടിച്ചേരി ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തിരിച്ചിറപള്ളി,ഡച്ചുകാരുടെ നിയന്ത്രണത്തിലുള്ള തരംഗപാടി ഇവയൊക്കെ കടന്നാണ് പാറേമാക്കൽ തോമ്മാക്കത്തനാറും കൂട്ടരും മദ്രാസിലെത്തിയത് .

Kerala PSC | പാറേമാക്കൽ തോമ്മാക്കത്തനാർ

അവരുടെ പായ്ക്കപ്പൽ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി തെക്കേഅമേരിക്കയിലെ ബ്രസീൽ വഴി പോർച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിച്ചേർന്നു.തികച്ചും കാറ്റിന്റെ ഗതിയനുസരിച്ചായിരുന്നു പായ്കപ്പലിന്റെ മുന്നോട്ടുള്ള പ്രയാണം .ലിസ്ബണിൽവച്ച് പോർച്ചുഗീസ് രാജ്ഞിയ‌െയും ഉന്നതരായ മറ്റു പല വ്യക്തികളെയും അവർ സന്ദർശിച്ചു സംഭാഷണം നടത്തി.യാക്കോബായ സഭയിലെ ആറാം മാർ തോമ്മാ മെത്രാനെ മാതൃസഭയിലേക്കു സ്വീകരിക്കുന്നതിന് ആറാം പീയൂസ് മാർപാപ്പയിൽനിന്ന് അനുവാദം വാങ്ങുകയെന്നതായിരുന്നു അവരുടെ യാത്ര ലക്ഷ്യങ്ങളിൽ ഒന്ന്. വൈദേശികാധിപത്യത്തിൽനിന്ന് സഭയെയും ഇന്ത്യാരാജ്യത്തെയും മോചിപ്പിക്കുന്നതിനും അദ്ദേഹം ശക്തിയുക്തം വാദിക്കുന്നതായും വർത്തമാനപുസ്‌തകത്തിൽ കാണാം.ആ അർത്ഥത്തിൽ വൈദേശിക ആധിപത്യത്തിൽ നിന്ന് തദ്ദേശീയ സഭയെ മോചിപ്പിക്കാനുള്ള ഒരു ധീര സാഹസികതയും ഈ യാത്ര പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കാനാവും .ലിസ്ബണിൽ നിന്ന് പിന്നീടുള്ള യാത്ര റോമിലേക്കായിരുന്നു.

1780 ജനുവരി 3-ന് അവർ റോമിലെത്തി. ലിസ്ബൺ വഴിയായിരുന്നു അവരുടെ മടക്കയാത്രയും. അവിടെവച്ച് കരിയാറ്റി മൽപാൻ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. മെത്രാഭിഷേകവും ലിസ്ബണിൽ വച്ച് നടത്തുക ആയിരുന്നു .1778 മേയ് ഏഴിന് ആലങ്ങാടുനിന്ന് പുറപ്പെട്ടതു മുതൽ 1786-ൽ നാട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള എട്ടുവർഷക്കാലത്തെ യാത്രയിലെ അനുഭവങ്ങളാണ് വർത്തമാനപ്പുസ്തകത്തിന്‍റെ ഉള്ളടക്കം. ഇന്ന് അത്യന്തം അഭിമാനത്തോടെ നാം പരിഗണിക്കുന്ന ദേശീയബോധം ആദ്യമായി പ്രകടിപ്പിച്ചുകാണുന്ന മലയാള സാഹിത്യകൃതി വർത്തമാന പുസ്തകമാണ് .

കേരളസഭയുടെ ഭരണകർത്താക്കൾ വിദേശീയർ ആയിരിക്കരുതെന്ന് പറയുന്പോഴാണ് ഇന്ത്യയെ ഭരിക്കേണ്ടത് ഇന്ത്യക്കാർതന്നെ ആയിരിക്കണമെന്ന് അദ്ദേഹം ശക്തിയുക്തം വാദിക്കുന്നത്.സഭയുടെ ഭരണത്തിലെന്നപോലെതന്നെ രാഷ്‌ട്രഭരണത്തിലും വിദേശഭരണം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.1786 മേയ് ഒന്നിനാണ് മാർ കരിയാറ്റിയും തോമ്മാ കത്തനാരും ഗോവയിൽ എത്തിച്ചേർന്നത്. പക്ഷേ അവിടെവച്ച് 1786 സെപ്റ്റംബർ 10-ന് കരിയാറ്റിൽ മെത്രാപ്പോലീത്ത അന്തരിച്ചു .

അദ്ദേഹം തന്‍റെ മരണത്തിനു മുന്പ് പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ (അഡ്മിനിസ്ട്രേറ്റർ) ആയി നിയമിച്ചിരുന്നു.1799 മാർച്ച് 20-ന് കേരളം സഭയുടെ ആ ധീരപുത്രൻ അന്തരിച്ചു . അപ്പോൾ അദ്ദേഹത്തിന് 63 വയസായിരുന്നു. പാറേമ്മാക്കൽ ഗോവർണദോറുടെ മൃതശരീരം രാമപുരം സെന്‍റ് അഗസ്റ്റിൻസ് ചെറിയപള്ളിയിൽ സംസ്കരിക്കപ്പെട്ടു.ചെറിയപള്ളിയിൽ അദ്ദേഹത്തിന്റെ ശവക്കല്ലറ ഇപ്പോളും പരിപാവനമായി സംരക്ഷിച്ചു പോരുന്നു.പാറേമാക്കൽ തോമ്മാക്കത്തനാർ ആന്തരിച്ചിട്ടു 221 വർഷം പൂർത്തിയായി എങ്കിലും അദ്ദേഹത്തിന്റെ സാഹസികത മലയാളിക്ക് ഇന്നും വിസ്മയമാണ് .അദ്ദേഹത്തിനു മുന്പിലും ഗദ്യകൃതികളുണ്ടായിട്ടുണ്ട്. എങ്കിലും മലയാള ഗദ്യശാഖക്ക് പ്രബന്ധരൂപവും രചനാരീതിയും നൽകി പിച്ചവച്ചു നടക്കാൻ പഠിപ്പിച്ചത് ഗോവർണദോരാണ്.

Loading